ആൻഡ്രോയ്‌ഡ് ഉപയോക്താക്കളിലെ 'ഡൂംസ്ക്രോളിംഗ്' ശീലം നിയന്ത്രിക്കാൻ ഗൂഗിൾ 'പോസ് പോയിന്‍റ്' എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു. സോഷ്യൽ മീഡിയ ആപ്പുകൾ തുറക്കുമ്പോൾ 10 സെക്കൻഡ് ഇടവേള നൽകി, എന്തിനാണ് ആപ്പ് തുറന്നതെന്ന് ഉപയോക്താവിനെ ഓർമ്മിപ്പിക്കുന്ന ഈ ഫീച്ചർ, ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിടുന്നു.
തിരുവനന്തപുരം: ആൻഡ്രോയ്‌ഡ് ഉപയോക്താക്കളിൽ വർധിച്ചുവരുന്ന ‘ഡൂംസ്ക്രോളിംഗ്’ ശീലത്തെ നിയന്ത്രിക്കാൻ പുതിയ പോസ് പോയിന്‍റ് (Pause Point) എന്ന പുതിയ ഒരു ഫീച്ചർ അവതരിപ്പിച്ച് ടെക് ഭീമനായ ഗൂഗിൾ. സോഷ്യൽ മീഡിയ ആപ്പുകളിൽ മണിക്കൂറുകളോളം അറിയാതെ സമയം ചിലവഴിക്കുന്ന പ്രവണതയാണ് ഡൂംസ്ക്രോളിംഗ് എന്നറിയപ്പെടുന്നത്. ഈ ശീലം ഇന്നത്തെ സ്‍മാർട്ട്ഫോൺ ഉപയോക്താക്കൾക്കിടയിൽ കൂടിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും ഒരു പ്രത്യേക ആവശ്യവുമില്ലാതെ ഫോൺ അൺലോക്ക് ചെയ്‌ത് നേരെ സോഷ്യൽ മീഡിയയിലേക്ക് കടക്കുന്ന അവസ്ഥയിലേക്ക് ആളുകൾ എത്തിപ്പെടുന്നു എന്നതാണ് പുതിയ പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിലാണ് ഗൂഗിളിന്‍റെ പുതിയ ഇടപെടൽ ശ്രദ്ധേയമാകുന്നത്.

ടിക് ടോക്ക്, ഇൻസ്റ്റഗ്രാം, എക്‌സ്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള നിർബന്ധിത ആപ്പ് ഉപയോഗം കുറയ്ക്കുന്നതിനാണ് പോസ് പോയിന്‍റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപയോക്താവിന്‍റെ ശ്രദ്ധതിരിച്ചേക്കാവുന്ന ഒരു ആപ്പ് തുറക്കുമ്പോൾ പോസ് പോയിന്‍റ് 10 സെക്കൻഡ് ഇടവേള സൃഷ്‍ടിക്കും എന്ന് ഗൂഗിൾ പുറത്തിറക്കിയ ബ്ലോഗ് പോസ്റ്റിൽ പറയുന്നു. "ഞാൻ എന്തിനാണ് ഇവിടെ വന്നത്?” എന്ന ചോദ്യം ഈ സമയം സ്ക്രീനിൽ പ്രത്യക്ഷപ്പെടും. ഇതിലൂടെ ഉപയോക്താവിന് തന്‍റെ പ്രവർത്തിയെ കുറിച്ച് ഒരുനിമിഷം ആലോചിക്കാൻ അവസരം ലഭിക്കും. അറിയാതെ സംഭവിക്കുന്ന സ്ക്രോളിംഗ് ശീലം കുറയ്ക്കുക എന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം.
ഈ 10 സെക്കൻഡിനിടെ ശ്വാസ വ്യായാമ നിർദേശങ്ങൾ, ഇഷ്‍ടപ്പെട്ട ഫോട്ടോകൾ, റിമൈൻഡറുകൾ, അല്ലെങ്കിൽ പുസ്‍തകം വായിക്കുക, ഓഡിയോബുക്ക് കേൾക്കുക തുടങ്ങിയ ആരോഗ്യകരമായ ബദൽ നിർദേശങ്ങളും ആൻഡ്രോയ്‌ഡ് പ്രദർശിപ്പിക്കാം. കൂടാതെ ഉപയോക്താക്കൾക്ക് ആപ്പിൽ ചെലവഴിക്കുന്ന സമയപരിധി മുൻകൂട്ടി നിശ്ചയിക്കാനും സാധിക്കും. നിശ്ചിത സമയം കഴിഞ്ഞാൽ സ്ക്രോളിംഗ് അവസാനിപ്പിക്കാൻ ഈ സംവിധാനം വീണ്ടും ഓർമ്മപ്പെടുത്തും.
സാധാരണ സ്ക്രീൻ ടൈം നിയന്ത്രണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പോസ് പോയിന്‍റ് കൂടുതൽ ശക്തമായ രീതിയിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഫീച്ചർ ഓഫ് ചെയ്യാൻ ഫോണിനെ പൂർണമായി റീസ്റ്റാർട്ട് ചെയ്യേണ്ടതുണ്ടെന്നാണ് ഗൂഗിള്‍ വ്യക്തമാക്കുന്നത്. അതിലൂടെ ഒരു നിമിഷത്തെ ആവേശത്തിൽ ഇത് ഒഴിവാക്കുന്നത് കുറയ്ക്കാനാകുമെന്നാണ് കമ്പനി വിലയിരുത്തുന്നത്. മുമ്പ് യൂട്യൂബ് ഷോർട്‍സ് വീഡിയോകൾക്ക് സമയപരിധി നിശ്ചയിക്കുന്ന സംവിധാനവും അവതരിപ്പിച്ചിരുന്നു. എന്നാൽ ആ മുന്നറിയിപ്പ് ഉപയോക്താക്കൾക്ക് എളുപ്പത്തിൽ മറികടക്കാനാകുമായിരുന്നു. അതിനേക്കാൾ ഫലപ്രദമായ രീതിയിലാണ് പോസ് പോയിന്‍റ് വികസിപ്പിച്ചിരിക്കുന്നതെന്ന് ടെക് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.
ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം മാനസിക ക്ഷീണം വർധിപ്പിക്കുന്നുവെന്ന വിമർശനം ശക്തമാകുന്നതിനിടെ, ഉപയോക്താക്കളുടെ ശ്രദ്ധയും സമയം ഉപയോഗിക്കുന്ന രീതിയും കൂടുതൽ ബോധപൂർവമാക്കാനുള്ള ശ്രമമായാണ് ഗൂഗിളിന്‍റെ പുതിയ നീക്കത്തെ വിലയിരുത്തുന്നത്.



