യുഎസ്-ഇറാൻ സംഘർഷങ്ങൾ ഉൾപ്പെടെ യുദ്ധങ്ങളിൽ ഡ്രോണുകളുടെ പ്രാധാന്യം വർധിക്കുകയാണ്. ഇതിനിടെ യുഎസ് ഡിഫൻസ് ഡിപ്പാർട്ട്മെൻ്റ് സ്വയം പ്രവർത്തിക്കുന്ന ഡ്രോണുകൾ വികസിപ്പിക്കാൻ 100 മില്യൺ മൂല്യമുള്ള ഒരു ചലഞ്ച് പ്രഖ്യാപിച്ചിരുന്നു. വോയിസ് കമാൻഡുകൾ വഴി നിയന്ത്രിക്കാവുന്ന ഉയർന്ന നിലവാരമുള്ള ഡ്രോൺ സാങ്കേതികവിദ്യ വികസിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
യുഎസ്-ഇറാൻ സംഘർഷങ്ങൾ ഉൾപ്പെടെ യുദ്ധങ്ങളിൽ ഡ്രോണുകളുടെ പ്രാധാന്യം വർധിക്കുകയാണ്. ഇതിനിടെ യുഎസ് ഡിഫൻസ് ഡിപ്പാർട്ട്മെൻ്റ് സ്വയം പ്രവർത്തിക്കുന്ന ഡ്രോണുകൾ വികസിപ്പിക്കാൻ 100 മില്യൺ മൂല്യമുള്ള ഒരു ചലഞ്ച് പ്രഖ്യാപിച്ചിരുന്നു. വോയിസ് കമാൻഡുകൾ വഴി നിയന്ത്രിക്കാവുന്ന ഉയർന്ന നിലവാരമുള്ള ഡ്രോൺ സാങ്കേതികവിദ്യ വികസിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. എന്നാൽ ഗൂഗിൾ ഈ എഐ ഡ്രോൺ പദ്ധതിയിൽ നിന്ന് പിന്മാറി എന്നാണ് പുതിയ റിപ്പോർട്ടുകൾ. ആദ്യഘട്ടത്തിൽ ഈ പദ്ധതിയിൽ പങ്കെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്ന ഗൂഗിൾ ഇപ്പോൾ ഔദ്യോഗികമായി പിന്മാറിയതായി ബ്ലൂംബെർഗിനെ ഉദ്ദരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. കമ്പനി നടത്തിയ അവലോകനത്തെ തുടർന്നാണ് ഈ തീരുമാനം എടുത്തതെന്നും രേഖകളിൽ റിസോഴ്‌സിംഗ് കുറവ് എന്ന കാരണവും സൂചിപ്പിച്ചതായും ബ്ലൂംബെർഗ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഈ തീരുമാനം ഗൂഗിൾ ജീവനക്കാരിൽ വ്യത്യസ്‍ത പ്രതികരണങ്ങൾ സൃഷ്‍ടിച്ചിട്ടുണ്ട്. പദ്ധതിയിൽ നേരിട്ട് പ്രവർത്തിച്ച ചില എഞ്ചിനിയർമാർ പിന്മാറ്റത്തിൽ നിരാശ പ്രകടിപ്പിച്ചു. അതേസമയം കമ്പനിയുടെ അത്യാധുനിക സാങ്കേതികവിദ്യ സൈനിക ജോലികള്‍ക്കായി ഉപയോഗിക്കുന്നതിനെതിരെ ഗൂഗിളിന്‍റെ നൂറുകണക്കിന് എഐ ഗവേഷകര്‍ വ്യാപകമായ എതിര്‍പ്പും ആശങ്കയും ഉയർത്തി.
ലളിതമായ വോയിസ് കമാൻഡുകൾ ഉപയോഗിച്ച് ഡ്രോൺ സ്വാർമ്മുകൾ നിയന്ത്രിക്കാൻ കമാൻഡർമാർക്ക് സാധ്യമാക്കുക എന്നതാണ് പെന്‍റഗൺ പദ്ധതിയുടെ ലക്ഷ്യം. ഈ കമാൻഡുകൾ ഡിജിറ്റൽ നിർദേശങ്ങളാക്കി മാറ്റുകയും ദൗത്യങ്ങൾ സ്വയം നടപ്പിലാക്കുകയും ചെയ്യും. ഓപ്പൺഎഐ, പാലന്റിയർ, xAI തുടങ്ങിയ കമ്പനികൾ ചലഞ്ചിന്‍റെ തുടക്ക ഘട്ടങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ പൂർണ്ണമായും ഓട്ടോമാറ്റിക്ക് ആയുധ സംവിധാനങ്ങൾക്കായി എഐ ഉപകരണങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പെന്‍റഗണുമായി അടുത്തിടെ സംഘർഷത്തിൽ ഏർപ്പെട്ട ആന്ത്രോപിക് ഈ ചലഞ്ചിൽ തിരഞ്ഞെടുക്കപ്പെട്ടില്ല.
അതേസമയം പെന്റഗൺ പദ്ധതിക്കെതിരെ ഗൂഗിളിൽ ആഭ്യന്തര എതിർപ്പ് നേരിടുന്നത് ഇതാദ്യമല്ല. 2018 ന്‍റെ തുടക്കത്തിൽ ഡ്രോൺ ദൃശ്യങ്ങൾ വിശകലനം ചെയ്യുന്നതിനും സൈനിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും എഐ ഉപയോഗിക്കുന്ന പെന്റഗൺ പ്രോഗ്രാമായ പ്രോജക്റ്റ് മാവനിൽ കമ്പനിയുടെ പങ്കാളിത്തത്തിനെതിരെ ഗൂഗിൾ ജീവനക്കാർ പ്രതിഷേധിച്ചിരുന്നു. തുടർന്ന് കമ്പനി ആയുധങ്ങൾ വികസിപ്പിക്കില്ലെന്ന് ഉറപ്പുനൽകിയിരുന്നു.
ഇപ്പോൾ ഗൂഗിൾ സർക്കാർ ആവശ്യങ്ങൾക്കായി നിയമപരമായി മാത്രമാണ് എഐ മോഡലുകൾ നൽകുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സൈനിക രഹസ്യ പദ്ധതികളിൽ നേരിട്ട് പങ്കെടുക്കില്ല എന്ന നിലപാടിലാണ് മാറ്റം വന്നിരിക്കുന്നത്. ഈ പദ്ധതികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയോട് നൂറുകണക്കിന് ഗൂഗിൾ എഐ ഗവേഷകർ ആവശ്യപ്പെട്ടിട്ടും കരാർ ഒപ്പിട്ടതായും ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നു.


