സാംസങ് ഗാലക്‌സി എഫ്70 പ്രോ 5ജി ഇന്ത്യയിൽ പുറത്തിറങ്ങി. 6.7 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 50 മെഗാപിക്സൽ ക്യാമറ, 6000 എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന സവിശേഷതകളാണ്. സ്നാപ്ഡ്രാഗൺ 6 ജെൻ 3 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന ഫോണിൽ പുതിയ ഗാലക്‌സി എഐ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

സാംസങ് ഗാലക്‌സി എഫ്70 സീരീസിലെ പുതിയ സ്‍മാർട്ട്ഫോണായ സാംസങ് ഗാലക്‌സി എഫ്70 പ്രോ 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. ഫെബ്രുവരിയിൽ പുറത്തിറക്കിയ ഗാലക്‌സി എഫ്70ഇ 5ജിയ്ക്ക് പിന്നാലെ ഈ സീരീസിലെ രണ്ടാമത്തെ മോഡലായാണ് പുതിയ ഫോൺ എത്തുന്നത്. 6.7 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 50 മെഗാപിക്സൽ പ്രധാന ക്യാമറ, 6000 എം.എ.എച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ. 45 വാട്ട് വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയും നൽകിയിട്ടുണ്ട്.

വിലയും ലഭ്യതയും

ഇന്ത്യയിൽ സാംസങ് ഗാലക്‌സി എഫ്70 പ്രോ 5ജിയുടെ അടിസ്ഥാന മോഡലിന് (6 ജി.ബി റാം + 128 ജി.ബി സ്റ്റോറേജ്) 25,999 രൂപയാണ് വില. 8 ജി.ബി റാം + 128 ജി.ബി സ്റ്റോറേജ് പതിപ്പിന് 29,999 രൂപയും 8 ജി.ബി റാം + 256 ജി.ബി സ്റ്റോറേജിന് 34,999 രൂപയുമാണ് വില. ലോഞ്ച് ഓഫറുകൾ ഉൾപ്പെടെ ഫോൺ 23,999 രൂപ മുതൽ സ്വന്തമാക്കാം. ആൽഫ ബ്ലാക്ക്, ഓറ ഗ്രീൻ എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കും. സാംസങ് ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഫ്ലിപ്‍കാർട്ട് എന്നിവ വഴി ഫോൺ വാങ്ങാം.

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ വൺ യുഐ 8.5

ഡ്യുവൽ സിം പിന്തുണയുള്ള സാംസങ് ഗാലക്‌സി എഫ്70 പ്രോ 5ജി ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ വൺ യു.ഐ 8.5 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ആറ് വർഷത്തെ ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റുകളും ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും നൽകുമെന്ന് സാംസങ് അറിയിച്ചു. ഫോണിൽ 6.7 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റിനൊപ്പം കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് സംരക്ഷണവും ലഭിക്കും.

സ്‍നാപ്ഡ്രാഗൺ 6 ജെൻ 3 കരുത്ത്

ക്വാൽകോം സ്‍നാപ്ഡ്രാഗൺ 6 ജെൻ 3 ചിപ്‌സെറ്റാണ് സാംസങ് ഗാലക്‌സി എഫ്70 പ്രോ 5ജിക്ക് കരുത്തേകുന്നത്. ഇതിനൊപ്പം പരമാവധി 8 ജി.ബി എൽ.പി.ഡി.ഡി.ആർ5എക്സ് റാം, 256 ജി.ബി യു.എഫ്.എസ് 3.1 സ്റ്റോറേജ് എന്നിവയും ലഭ്യമാണ്.

50 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ

ഫോട്ടോഗ്രഫിക്കായി ട്രിപ്പിൾ പിൻ ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്. 50 മെഗാപിക്സൽ പ്രധാന ക്യാമറ (ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ പിന്തുണ), 2 മെഗാപിക്സൽ മാക്രോ സെൻസർ, 5 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എച്ച്ഡിആർ പിന്തുണയുള്ള 12 മെഗാപിക്സൽ മുൻ ക്യാമറ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഗാലക്‌സി എഐ ഫീച്ചറുകളും

സാംസങിന്റെ പുതിയ എ.ഐ ഫീച്ചറുകളും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കിൾ ടു സെർച്ച്, ജെമിനി വോയ്സ് അസിസ്റ്റന്റ്, എ.ഐ വോയ്സ് ട്രാൻസ്‌ക്രിപ്ഷൻ, ഡയറക്ട് വോയിസ്മെയിൽ, നൗ ബാർ തുടങ്ങിയ സൗകര്യങ്ങൾ ലഭിക്കും.

6000 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്‌സി എഫ്70 പ്രോ 5ജിയിൽ 6000 എം.എ.എച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്. 45 വാട്ട് വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയും ലഭിക്കും. ഒറ്റ ചാർജിൽ 24 മണിക്കൂറിലധികം യൂട്യൂബ് വീഡിയോ സ്ട്രീമിങ്, 8 മണിക്കൂറിലധികം ഗെയിമിങ്, അല്ലെങ്കിൽ 12 മണിക്കൂർ വരെ സോഷ്യൽ മീഡിയ ഉപയോഗം സാധ്യമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.