Asianet News MalayalamAsianet News Malayalam

റീചാർജിൽ ഒതുങ്ങുമോ കൺവീനിയൻസ് ഫീസ്! എല്ലാ പണമിടപാടുകൾക്കും ഗൂഗിൾ പേ കാശ് ഇടാക്കുമോ? നിയമം പറയുന്നതിങ്ങനെ 

മൊബൈൽ റിചാർജിന്‍റെ ചുവടുപിടിച്ച് ഭാവിയിൽ ഗൂഗിൾ പേ എല്ലാ ഇടപാടുകൾക്കും ഈ കൺവീനിയൻസ് ഫീ ഈടാക്കുമോ എന്നാണ് ഉപഭോക്താക്കൾ ആശങ്കയോടെ നോക്കുന്നത്, ഇതിനുള്ള ഉത്തരം...

Google Pay convenience fee must know things Convenience fee can apply all transactions details here asd
Author
First Published Nov 26, 2023, 9:04 PM IST

മൊബൈൽ റിചാർജിന് ഗൂഗിൾ പേ, ഫീസ് ഈടാക്കിയെന്ന വാർത്ത ഏവരും ഇതിനകം അറിഞ്ഞുകാണും. റീചാർജുകൾക്ക് ഗൂഗിൾ പേ കൺവീനിയൻസ് ഫീ ഈടാക്കിത്തുടങ്ങിയെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ ഉയർന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം റീചാർജുകൾക്ക് പിന്നാലെ ഇനി മറ്റ് പണമിടപാടുകൾക്കും ഗൂഗിൾ പേയ്ക്ക് കൺവീനിയൻസ് ഫീസ് നൽകേണ്ടി വരുമോ എന്നതാണ്. അതിന്‍റെ ഉത്തരം തേടുമ്പോൾ ഏറ്റവും പ്രധാനമായി അറിയേണ്ടത് ഗൂഗിൾ പേയുടെ പുതിയ പരിഷ്കാരത്തെക്കുറിച്ചും കൺവീനിയൻസ് ഫീയെക്കുറിച്ചുമാണ്.

ആ 'ഫ്രീ' ഇനിയില്ല! ഗുഗിൾ പേയിൽ കൺവീനിയൻസ് ഫീസ് ആരൊക്കെ നൽകണം, കാശ് എത്ര പോകും; എന്തുകൊണ്ട്, അറിയേണ്ടതെല്ലാം

ഡിജിറ്റൽ പണമിടപാടിന്‍റെ ലോകത്ത് നമ്മൾ പണമിടപാട് നടത്താൻ വ്യത്യസ്തമായ നിരവധി പേമെന്റ് മെത്തേഡുകളാണ് ഉപയോഗിച്ചുവരുന്നത്. അത്തരം പേമെന്റ് രീതികളുടെ കൂടുതൽ സുഗമമായ നടത്തിപ്പിനായി ഉപഭോക്താക്കൾ നൽകേണ്ടിവരുന്ന പണമാണ് നേരത്തെ പറ‍ഞ്ഞ കൺവീനിയൻസ് ഫീസ്. ഇത് എത്രയായിരിക്കണം എന്നത് കമ്പനികൾക്കാണ് തീരുമാനിക്കാനാകുക. മൊബൈൽ റിചാർജിന് ഇപ്പോൾ താരതമ്യേന കുറഞ്ഞ ഒരു തുകയാണ് ഈടാക്കിയിരിക്കുന്നത്. എന്നാൽ പിൽക്കാലത്ത് ഇത് കൂട്ടാനും കമ്പനികൾക്ക് അധികാരമുണ്ട്. റിചാർജിന് മാത്രമാണ് ഗൂഗിൾ പേ ഇപ്പോൾ കൺവീനിയൻസ് ഫീസ് വാങ്ങുന്നതെങ്കിലും മറ്റ് ട്രാൻസാക്ഷനുകൾക്കും കൺവീനിയൻസ് ഫീസ് വാങ്ങാൻ കമ്പനിക്ക് സാധിക്കുമെന്നാണ് നിയമം പറയുന്നത്. ഈ മാസമാദ്യമാണ് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍, സേവന നിബന്ധനകള്‍ അപ്ഡേറ്റ് ചെയ്തത്. കമ്പനിയുടെ സ്വന്തം വിവേചനാധികാരത്തില്‍ ഫീസ് നിശ്ചയിച്ചേക്കാമെന്നാണ് പുതുക്കിയ സേവന നിബന്ധനകളിൽ പറയുന്നത്.

നമ്മൾ നേരിട്ട് പോയി ചെയ്യേണ്ട സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ വീട്ടിലിരുന്നുകൊണ്ട് ചെയ്യാൻ നമ്മളെ സഹായിക്കുന്നതിന് പകരമായി നമ്മൾ നൽകുന്ന ഫീസ് എന്നതാണ് കൺവീനിയൻസ് ഫീ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കൺവീനിയൻസ് ഫീ ഈടാക്കുന്നുണ്ടെങ്കിൽ അക്കാര്യം ഉപഭോക്താവിനെ കമ്പനികൾ കൃത്യമായി അറിയിക്കണം. അതായത് നമ്മൾ നടത്തുന്ന ഒരു പണമിടപാടിന് എത്ര രൂപയാണ് കൺവീനിയൻസ് ഫീ ആയി നൽകേണ്ടിവന്നതെന്ന് ഇടപാടിന്റെ റസീപ്റ്റിൽ പ്രത്യേകമായി കാണിച്ചിരിക്കണമെന്നാണ് നിയമം. ഒരു പണമിടപാടിന് അല്ലെങ്കിൽ സേവനത്തിന് കൺവീനിയൻസ് ഫീ ഈടാക്കണമെങ്കിൽ ആ ഇടപാടിന് മറ്റൊരു സാധാരണ പേയ്‌മെന്റ് രീതി ഉണ്ടായിരിക്കണം. ഉദാഹരണമായി ഇപ്പോൾ ഗൂഗിൾ പേ കൺവീനിയൻസ് ഫീ ഈടാക്കുന്നത് ഫോൺ റീചാർജുകൾക്കാണല്ലോ. റീചാർജ് നമുക്ക് മൊബൈൽ ഷോപ്പിലൂടെ പണം നൽകി നേരിട്ട് നടത്താവുന്ന ഒരു സേവനമാണ്. അതിനാൽത്തന്നെ ഈ ഓൺലൈൻ പേയ്‌മെന്റ് മെത്തേഡ് ഒരു ബദൽ മാർഗമായിരിക്കും. നിങ്ങൾക്ക് വേണമെങ്കിൽ ഇതൊഴിവാക്കി നേരിട്ടുള്ള പണമിടപാട് നടത്താനാകും. കൺവീനിയൻസ് ഫീ സംബന്ധിച്ച് വ്യത്യസ്ത രാജ്യങ്ങൾക്ക് വ്യത്യസ്ത നിയമങ്ങളുണ്ട്. പത്ത് യു എസ് സംസ്ഥാനങ്ങളിൽ കൺവീനിയൻസ് ഫീ നിരോധിച്ചിട്ടുണ്ട്. മറ്റുചില യു എസ് സംസ്ഥാനങ്ങളിലാകട്ടെ, ഇത് നിയമവിധേയവുമാണ്.

നിലവിൽ മൊബൈൽ റീചാർജിന് മാത്രം കൺവീനിയൻസ് ഫീ

നിലവിൽ മൊബൈൽ റീചാർജുകൾക്ക് മാത്രമാണ് ഗൂഗിൾ പേ കൺവീനിയൻസ് ഫീ ഈടാക്കുന്നത്. 100 രൂപയില്‍ താഴെയുള്ള മൊബൈല്‍ റീചാര്‍ജ് പ്ലാനുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കില്ല. 100 രൂപയില്‍ താഴെ വിലയുള്ള മൊബൈല്‍ റീചാര്‍ജ് പ്ലാനുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കില്ല. 200 മുതല്‍ രൂപ വരെ 300 രൂപ വരെയുള്ള റീചാർജുകൾക്ക് രണ്ട് രൂപ ഈടാക്കും. മുന്നൂറിന് മുകളിലുള്ള റീചാർജുകൾക്ക് മൂന്ന് രൂപയും ഈടാക്കുന്നുണ്ട്. ഈ കണ്‍വീനിയന്‍സ് ഫീ ജി എസ് ടി ഉള്‍പ്പെടെയുള്ളതാണെന്നതാണ് മറ്റൊരു കാര്യം.

എല്ലാ പണമിടപാടിനും കൺവീനിയൻസ് ഫീ വരുമോ?

ഇടപാടുകള്‍ക്ക് അധിക ഫീസ് ഈടാക്കുന്ന ആദ്യത്തെ പേയ്മെന്റ് സേവന ദാതാക്കളല്ല ഗൂഗിള്‍ പേ. പേടിഎം, ഫോണ്‍പേ എന്നിവർ നേരത്തെതന്നെ പല സേവനങ്ങൾക്കും തുക ഈടാക്കി തുടങ്ങിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ഭാവിയിൽ ഗൂഗിൾ പേ എല്ലാ ഇടപാടുകൾക്കും ഈ കൺവീനിയൻസ് ഫീ ഈടാക്കുമോ എന്നാണ് ഉപഭോക്താക്കൾ ആശങ്കയോടെ നോക്കുന്നത്. നിയമപ്രകാരം അങ്ങനെ ചെയ്യാനുള്ള എല്ലാ അവകാശവും ഗൂഗിൾ പേയ്ക്ക് ഉണ്ട്. അതുകൊണ്ടുതന്നെ ഇനി എന്ത് സംഭവിക്കുമെന്നത് കാത്തിരിന്ന് കാണണം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios