Asianet News MalayalamAsianet News Malayalam

10,000 വാക്കുകൾ അടങ്ങിയ ഇന്ത്യൻ ആംഗ്യഭാഷ 'സൈൻ ലേൺ' ആപ്പുമായി കേന്ദ്രസർക്കാർ

10,000 വാക്കുകൾ ഉൾക്കൊള്ളുന്ന ഇന്ത്യൻ ആംഗ്യഭാഷാ ഗവേഷണ പരിശീലന കേന്ദ്രത്തിന്റെ ഇന്ത്യൻ ആംഗ്യഭാഷാ നിഘണ്ടു അടിസ്ഥാനമാക്കിയുള്ളതാണ് സൈൻ ലേൺ.

Government Launches new Mobile App Sign Learn for Indian Sign Languages
Author
First Published Sep 24, 2022, 7:50 AM IST

പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി ഇന്ത്യൻ സർക്കാർ.10,000 വാക്കുകൾ അടങ്ങിയ സൈൻ ലേൺ എന്ന ഇന്ത്യൻ ആംഗ്യഭാഷ (ഐഎസ്എൽ) നിഘണ്ടു മൊബൈൽ ആപ്ലിക്കേഷൻ വെള്ളിയാഴ്ചയാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയത്. സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി പ്രതിമ ഭൂമിക്കാണ് പുതിയ ആപ്പ് പുറത്തിറക്കിയത്. 10,000 വാക്കുകൾ ഉൾക്കൊള്ളുന്ന ഇന്ത്യൻ ആംഗ്യഭാഷാ ഗവേഷണ പരിശീലന കേന്ദ്രത്തിന്റെ (ISLRTC) ഇന്ത്യൻ ആംഗ്യഭാഷാ നിഘണ്ടു അടിസ്ഥാനമാക്കിയുള്ളതാണ് സൈൻ ലേൺ. ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിൽ ആപ്പ് ലഭ്യമാണെന്നും ഐഎസ്എൽ നിഘണ്ടുവിലെ എല്ലാ വാക്കുകളും ഹിന്ദിയിലോ ഇംഗ്ലീഷിലോ  സെർച്ച് ചെയ്യാമെന്നും അധികൃതർ അറിയിച്ചു. ആപ്പിന്റെ സൈൻ വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനവസരമുണ്ട്.

"ഐ‌എസ്‌എൽ നിഘണ്ടു എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിനും വേണ്ടിയാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നതെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലെ എൻസിഇആർടി പാഠപുസ്തകങ്ങൾ ഇന്ത്യൻ ആംഗ്യഭാഷയിലേക്ക് (ഡിജിറ്റൽ ഫോർമാറ്റ്) മാറ്റുന്നുണ്ട്. ഇതിനായി 2020 ഒക്ടോബർ ആറിന് നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (NCERT) യുമായി ഐഎസ്എൽആർടിസി (ISLRTC) അടുത്തിടെ ധാരണാപത്രം ഒപ്പുവെച്ചിരുന്നു.

കേൾവി വൈകല്യമുള്ള കുട്ടികൾക്കും ഇത് പ്രയോജനപ്രദമാകും.  ഈ വർഷം, ആറാം ക്ലാസിലെ എൻസിഇആർടി പാഠപുസ്തകങ്ങളുടെ ഐഎസ്എൽ ഇ-ഉള്ളടക്കം പുറത്തിറക്കിയതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ആസാദി കാ അമൃത് മഹോത്സവത്തിന് കീഴിൽ, നാഷണൽ ബുക്ക് ട്രസ്റ്റിന്റെ വീർഗാഥ സീരീസിൽ തെരഞ്ഞെടുത്ത പുസ്തകങ്ങളുടെ ഐഎസ്എൽ പതിപ്പുകൾ കേന്ദ്രം പുറത്തിറക്കിയിരുന്നു. ഐഎസ്എൽആർടിസിയും എൻസിഇആർടിയും സംയുക്തമായാണ് ഇന്ത്യൻ ആംഗ്യഭാഷയിൽ 500 അക്കാദമിക് വാക്കുകൾ പുറത്തിറക്കിയിരിക്കുന്നത്. ചരിത്രം, ശാസ്ത്രം, രാഷ്ട്രമീമാംസ, ഗണിതശാസ്ത്രം എന്നിവയിൽ പലപ്പോഴും ഉപയോഗിക്കപ്പെടുന്ന ഈ അക്കാദമിക് വാക്കുകൾ സെക്കന്ററി തലത്തിലേക്കുള്ളതാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.

Follow Us:
Download App:
  • android
  • ios