ന്യൂയോര്‍ക്ക്: ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഭീഷണിയായി 'ജൂഡി' എത്തുന്നു. ഗൂഗിള്‍ പ്‌ളേസ്‌റ്റോറിന്റെ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണം എന്ന മുന്നറിയാപ്പാണ് ജൂഡി നല്‍കുന്നത്. ഗൂഗിള്‍ പ്‌ളേ സ്‌റ്റേറിന്റെ 41 ആപ്പുകളില്‍ മാല്‍വേയര്‍ കണ്ടെത്തി. മാല്‍വേയര്‍ ഗൂഗിള്‍ ആപ്പുകള്‍ വഴി ഇതിനകം 8.5 ദശലക്ഷം മുതല്‍ 36.5 ദശലക്ഷം യൂസര്‍മാരെ വരെ ആക്രമിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

മാല്‍വേയര്‍ കണ്ടെത്തിയ സുരക്ഷാ ഗവേഷകരായ ചെക്ക് പോയിന്റ് വിവരം ഗൂഗിളിന് മുന്നറിയിപ്പ് നല്‍കിയതായും ഗൂഗിള്‍ മാല്‍വേയര്‍ ബാധ കണ്ടെത്തിയ ആപ്പുകള്‍ പ്‌ളേ സ്‌റ്റോറില്‍ നിന്നും നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും വിവരമുണ്ട്. ഗൂഗിള്‍ പ്‌ളേ സ്‌റ്റോറില്‍ നിന്നും 18.5 ദശലക്ഷം ഡൗണ്‍ലോഡില്‍ മാല്‍വേറിന്റെ സ്വാധീനം കണ്ടെത്തി. 

ദക്ഷിണ കൊറിയന്‍ കമ്പനിയായ കിനിവിനി വികസിപ്പിച്ചെടുത്ത ജൂഡി മാല്‍വേര്‍ 'ഓട്ടോ ക്‌ളിക്കിംഗ് ആഡ്‌വേര്‍' ആണ്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് എന്നിവ ലക്ഷ്യമിട്ടുള്ള ആഡ്‌വേര്‍ സിസ്റ്റം തകരാറിലാക്കും. ഗൂഗിള്‍ പ്‌ളേസ്‌റ്റോറിന്റെ സുരക്ഷയെ കീറിമുറിച്ച് കയറുന്ന മാല്‍വേര്‍ തെറ്റായ ക്‌ളിക്കുകളും പരസ്യങ്ങളും വഴി നിര്‍മ്മാതാക്കള്‍ക്ക് വരുമാനം ഉണ്ടാക്കി നല്‍കും. ആപ്പ് സ്‌റ്റോര്‍ വഴി ഇരയുടെ സിസ്റ്റത്തിലേക്ക് നുഴഞ്ഞുകയറുകയും സിസ്റ്റത്തെ തകരാറിലാക്കുകയും ചെയ്യും.