ദില്ലി: കേരളത്തില്‍ രണ്ട് ദിവസത്തിനകം മഴ ശമിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. കേരളത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മഴ മേഘങ്ങള്‍ മഹാരാഷ്ട്രാ തീരത്തേക്ക് നീങ്ങിയതായും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.ഈ മാസം കേരളത്തില്‍ ലഭിച്ച മഴ 16 ശതമാനം കുറവായിരുന്നുവെന്നും കവിഞ്ഞ രണ്ട് ദിവസം മഴ ലഭിച്ചതോടെ ഇത് മറികടക്കാന്‍ സാധിച്ചതായും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

കേരള- കൊങ്കണ്‍ തീരത്ത് കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് പെട്ടെന്നുണ്ടായ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം പറയുന്നു. ഇതേത്തുടര്‍ന്നുണ്ടായ തെക്കു പടിഞ്ഞാറന്‍ കാറ്റിന്‍റെ സാന്നിധ്യവും മഴയ്ക്ക് കാരണമായി. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രണ്ട് ദിവസത്തിനുള്ളില്‍ മഴയ്ക്ക് ശമനമുണ്ടാകുമെന്നും ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴ പെയ്യാനാണ്  സാധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു. 

അറബിക്കടലില്‍ കര്‍ണാടക തീരത്തോട് ചേര്‍ന്ന് രൂപപ്പെട്ട തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റ് നിലവില്‍ മഹാരാഷ്ട്രാ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.