സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്ന് റിപ്പോര്‍ട്ട് കൊച്ചി സര്‍വ്വകശാല റഡാര്‍ കേന്ദ്രമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്

കൊച്ചി: സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്ന് റിപ്പോര്‍ട്ട്. കൊച്ചി സര്‍വ്വകശാല റഡാര്‍ കേന്ദ്രമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇക്വിനോസ് എന്ന പ്രതിഭാസമാണ് ഇപ്പോള്‍ ഉള്ള വര്‍ദ്ധിച്ച ചൂടിന് കാരണം. ഇത് അടുത്തമാസവും തുടരും. ഭൂമധ്യരേഖയ്ക്കു നേരേ സൂര്യന്‍ എത്തുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് ഇക്വിനോസ്. മാര്‍ച്ച് 21, 22 തീയതികളിലാണ് ഇത് സംഭവിക്കുന്നത്. അതിന്‍റെ പ്രതിഫലനമായി വര്‍ദ്ധിച്ച ചൂട് നിലനില്‍ക്കും.

ഇപ്പോള്‍ ഉള്ള ചൂട് മധ്യകേരളത്തില്‍ നിന്ന് മാറാന്‍ ഇനിയും ഒരു മാസത്തിലധികം സമയം എടുക്കുമെന്ന് വിദഗ്ദര്‍ പറയുന്നു.വരുന്ന സെപ്റ്റംബര്‍ 22.23 തീയതികളിലും സമാനമായ രീതിയില്‍ സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേരേ എത്തുന്നുണ്ട്. അപ്പോഴും ചൂട് കൂടുമെങ്കിലും കേരളത്തില്‍ ലഭിക്കുന്ന മഴ അതിനെ പ്രതിരോധിക്കും.

മനുഷ്യര്‍ സാധാരണയുള്ളതില്‍നിന്നും കൂടുതലായി വിയര്‍ക്കുക, നിര്‍ജലീകരണം കൂടുക തുടങ്ങിയവ ഇക്വിനോക്സിന്റെ പ്രതിഫലനങ്ങളാണ്. ഇതിനുപുറമേ അള്‍ട്രാ വയലറ്റ് ബി രശ്മികളുടെ കാഠിന്യവും ഈ സമയങ്ങളില്‍ കൂടുതലാകും. ചൂട് കൂടിയതിനാല്‍ ശരീരത്തില്‍ ജലാംശം കുറഞ്ഞ് പലവിധ അസുഖങ്ങളുണ്ടാകാന്‍ സാധ്യതയേറെയാണ്.