ഒരുകാലത്ത് ഇന്ത്യക്കാരെ സ്പാം കോളുകളിൽ നിന്ന് രക്ഷിച്ചിരുന്ന ട്രൂകോളർ, ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ സിഎൻഎപി സംവിധാനം കാരണം വലിയ പ്രതിസന്ധിയിലാണ്. ടെലികോം നെറ്റ്‌വർക്കുകൾ നേരിട്ട് നൽകുന്ന പുതിയ കോളർ ഐഡി സംവിധാനം ട്രൂകോളറിന്റെ ആവശ്യകത ഇല്ലാതാക്കിയേക്കാം

സ്‍പാം കോളുകളിൽ മുങ്ങിത്താണുകൊണ്ടിരുന്ന രാജ്യത്ത് ഡിജിറ്റൽ രക്ഷകനായി ഒരിക്കൽ വാഴ്ത്തപ്പെട്ടിരുന്ന കോളർ ഐഡി ആപ്പാണ് ട്രൂകോളർ. എന്നാൽ ഇന്ന് അതിന്റെ ഏറ്റവും വലിയ വിപണിയിൽ ഒരു വലിയ വഴിത്തിരിവിലാണ് കമ്പനി. നെറ്റ്‌വർക്ക് ലെവൽ കോളർ ഐഡന്റിഫിക്കേഷൻ സിസ്റ്റമായ സിഎൻഎപിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുമ്പോൾ, അജ്ഞാത നമ്പറുകൾ തിരിച്ചറിയാൻ ഇന്ത്യക്കാരെ പഠിപ്പിച്ച ട്രൂകോളർ ആപ്പാണ് അക്ഷരാർത്ഥത്തിൽ 'ആപ്പിൽ' ആയിരിക്കുന്നത്. ട്രൂകോളറിന്‍റെ ഭാവി ഇനി എന്താണ് എന്നാണ് ഉയരുന്ന ചോദ്യം. 

ട്രൂകോളറിന്‍റെ കഥ

2009-ൽ സ്വീഡനിലെ സ്റ്റോക്ക്ഹോമിലാണ് ട്രൂകോളറിന്റെ തുടക്കം. റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ രണ്ട് വിദ്യാർത്ഥികളായ അലൻ മമേദിയും നാമി സരിംഘാലവും അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകളിൽ അസ്വസ്ഥരായി. വിദ്യാർത്ഥികളുടെ ഈ അസ്വസ്ഥതയും ആശങ്കയുമാണ് ട്രൂകോളറിന്റെ ജനനത്തിലേക്ക് നയിച്ചത്. തുടക്കത്തിൽ, ഈ ആപ്പ് ബ്ലാക്ക്‌ബെറി ഫോണുകൾക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാൽ സ്മാർട്ട്‌ഫോൺ ബൂം വളർന്നതോടെ ആപ്പ് ആൻഡ്രോയിഡ്, ഐഫോൺ പ്ലാറ്റ്‌ഫോമുകളിലേക്ക് വ്യാപിച്ചു. വിദ്യാർത്ഥികളുടെ ഈ എളിയ പ്രോജക്റ്റ് ക്രമേണ ഒരു പ്രധാന ടെക് കമ്പനിയായി വളർന്നു. ഇപ്പോൾ അത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഒരു ലിസ്റ്റഡ് ടെക് ഭീമനാണ്.

ട്രൂകോളർ വിജയത്തിന് സാക്ഷിയായി ഇന്ത്യ

ട്രൂകോളർ അതിന്റെ യഥാർത്ഥ ശക്തി നേടിയത് ക്രൗഡ്സോഴ്‌സിംഗിൽ നിന്നാണ്. ഉപയോക്താക്കൾ സ്പാം കോളുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതോടെ, അതിന്റെ ഡാറ്റാബേസ് കൂടുതൽ ശക്തമായി. 2014 ഓടെ, ഇന്ത്യയിൽ സ്പാം കോളുകളുടെ പ്രശ്നം പെട്ടെന്ന് വർദ്ധിച്ചു, ഇവിടെയാണ് ട്രൂകോളർ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട തെരഞ്ഞെടുപ്പായി മാറിയത്. ഇന്ന് 250 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഇന്ത്യ ആപ്പിന്റെ ഏറ്റവും വലിയ വിപണിയാണ്. ഇന്ത്യയുടെ പ്രാധാന്യം കണക്കിലെടുത്ത്, 2018 ൽ കമ്പനി രാജ്യത്തിനുള്ളിൽ ഇന്ത്യൻ ഉപയോക്തൃ ഡാറ്റ സംഭരിക്കാൻ തുടങ്ങി. . ട്രൂകോളറിന്റെ ആസ്ഥാനം സ്റ്റോക്ക്ഹോമിൽ തുടരുമ്പോഴും, അതിന്റെ ജീവനക്കാരിൽ ഭൂരിഭാഗവും ഇപ്പോൾ ഇന്ത്യയിലാണ്. 2024 നവംബറിൽ സ്ഥാപകർ സ്ഥാനമൊഴിഞ്ഞതിനു ശേഷം ഇന്ത്യൻ വംശജനായ റിഷിത് ജുൻജുൻവാലയ്ക്ക് കമ്പനിയുടെ നിയന്ത്രണം ലഭിച്ചു.

എന്താണ് ട്രൂകോളറിന് തിരിച്ചടിയായ സിഎൻഎപി?

ഇപ്പോൾ ട്രൂകോളറിന് ഏറ്റവും വലിയ വെല്ലുവിളി കോളിംഗ് നെയിം പ്രസന്റേഷൻ, അതായത് സിഎൻഎപി എന്ന രൂപത്തിലാണ്. കേന്ദ്ര സർക്കാരിന് കീഴിലുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അവതരിപ്പിക്കുന്ന ഒരു പുതിയ സംവിധാനമാണിത്. ഈ ഫീച്ചറിന് പ്രവർത്തിക്കാൻ ഒരു ആപ്പിന്‍റെയും സഹായം ആവശ്യമില്ല എന്നതാണ് വലിയ പ്രത്യേകത. ടെലികോം നെറ്റ്‌വർക്കിലൂടെ (ജിയോ, എയർടെൽ, വിഐ) നേരിട്ട് ഇത് പ്രവർത്തിക്കും. ഇതിൽ, വിളിക്കുന്നയാളുടെ പേര് അയാളുടെ കെവൈസി രേഖകളുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ സ്‌ക്രീനിൽ മിന്നിമറയും. അതായത്, ഏതെങ്കിലും മൂന്നാം കക്ഷി ആപ്പിലേക്ക് നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിലേക്ക് ആക്‌സസ് നൽകേണ്ടതില്ല. നിങ്ങളുടെ ഫോണിൽ പുതിയ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതുമില്ല. ഇന്ത്യയിലെ ടെലികോം കമ്പനികൾ ഇതിനകം തന്നെ ഈ സൗകര്യം ആരംഭിച്ചു കഴിഞ്ഞു. ഇത് സൗജന്യമായിരിക്കുമെന്നും, നെറ്റ്‌വർക്കിൽ അന്തർനിർമ്മിതമായിരിക്കുമെന്നും, ക്രൗഡ്‌സോഴ്‌സ് ചെയ്‌ത ടൂളിനെക്കാൾ കൂടുതൽ വിശ്വസനീയമായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

അതിജീവനത്തിനായി പോരാടുന്ന ട്രൂകോളർ

പരസ്യങ്ങളാൽ സമ്പന്നവും അനുമതി ആവശ്യമുള്ളതുമായ ട്രൂകോളർ പോലുള്ള ആപ്പുകളുടെ ആവശ്യകത ഇനി തീരെ ഇല്ലാതാകാൻ സാധ്യതയുണ്ട്. ജിയോ അല്ലെങ്കിൽ എയർടെൽ പുതിയ സേവനം പൂർണ്ണമായി നടപ്പിലാക്കിക്കഴിഞ്ഞാൽ, ഗണ്യമായ എണ്ണം ഉപയോക്താക്കൾ ട്രൂകോളർ അൺഇൻസ്റ്റാൾ ചെയ്തേക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു. പരസ്യ, പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകളെ അടിസ്ഥാനമാക്കിയുള്ള ട്രൂകോളറിന്റെ ബിസിനസ് മോഡൽ ഈ പുതിയ സാങ്കേതികവിദ്യയിൽ നിന്ന് ഭീഷണിയിലാണെന്ന് തോന്നുന്നു.

ഇനി എന്താണ് ട്രൂകോളറിന് മുന്നിലുള്ള വഴി?

നിലനിൽക്കണമെങ്കിൽ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അടിസ്ഥാനമാക്കിയുള്ള തട്ടിപ്പ് കണ്ടെത്തലിൽ ട്രൂ കോളർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഭാവിയിൽ അതിന്റെ ഐഡന്റിറ്റിയും പ്രവർത്തന രീതികളും പൂർണ്ണമായും പരിവർത്തനം ചെയ്യേണ്ടി വന്നേക്കാം. അല്ലെങ്കിൽ ഈ ഡിജിറ്റൽ ഭീമൻ എന്നെന്നേക്കുമായി അപ്രത്യക്ഷമായേക്കാം.