മാസംതോറും ലക്ഷക്കണക്കിന് ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ മോഷ്‌ടിച്ച് പണം തട്ടുന്ന എസ്എംഎസ് ഫിഷിംഗ് സ്‌കാമാണ് മാജിക് മൗസ്

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ വ്യാപകമായി 'മാജിക് മൗസ്' എസ്എംഎസ് ഫിഷിംഗ് സ്‌കാം. എസ്‌എംഎസായി വരുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ അക്കൗണ്ടിലെ പണം മുഴുവന്‍ കാലിയാവുന്ന സൈബര്‍ തട്ടിപ്പാണിത്. ഓരോ മാസവും ശരാശരി ആറര ലക്ഷം ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തട്ടുന്ന വമ്പന്‍ ശൃംഖലയാണ് മാജിക് മൗസിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാനമായും അമേരിക്കയിലാണെങ്കിലും മറ്റ് രാജ്യങ്ങളിലും ഈ സൈബര്‍ തട്ടിപ്പ് ഭീഷണിയായിരിക്കുന്നു.

അമേരിക്കയിലും പുറത്തും 2024ല്‍ 9 ലക്ഷത്തോളം ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തട്ടിയെടുത്ത ഒരു എസ്എംഎസ് ഫിഷിംഗ് തട്ടിപ്പുണ്ടായിരുന്നു. 'മാജിക് ക്യാറ്റ്' എന്നായിരുന്നു ആ സ്‌കാമിന്‍റെ പേര്. ബില്‍ ഡ്യൂ അടയ്‌ക്കാനുള്ള ലിങ്കുകള്‍ എന്ന് എന്നുപറഞ്ഞായിരുന്നു ഫിഷിംഗ് ലിങ്കുകള്‍ എസ്‌എംഎസിനൊപ്പം തട്ടിപ്പ് സംഘം ആളുകള്‍ക്ക് അയച്ചിരുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്‌ത് ആളുകള്‍ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ തട്ടിപ്പ് സംഘം അത് സ്വന്തമാക്കുകയും പണം തട്ടുകയും ചെയ്യും. ഇതായിരുന്നു മാജിക് ക്യാറ്റ് ഫിഷിംഗ് തട്ടിപ്പിന്‍റെ രീതി. മാജിക് ക്യാറ്റിന്‍റെ പിന്നിലെ ഞെട്ടിക്കുന്ന അണിയറക്കഥകള്‍ ഓസ്‌ലോ ആസ്ഥാനമായുള്ള ഒരു സൈബര്‍ സുരക്ഷാ കമ്പനി പുറത്തുവിട്ടത് ഞെട്ടിക്കുന്നതായിരുന്നു.

മാജിക് ക്യാറ്റ് എന്നായിരുന്നു സൈബര്‍ തട്ടിപ്പിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിന്‍റെ പേര്. നിര്‍മ്മിച്ചതാവട്ടെ ചൈനീസ് പൗരനായ ഒരു 24കാരനും. ഇയാള്‍ അറിയപ്പെട്ടിരുന്നത് 'ഡ്രാക്കുള' എന്ന അപരനാമത്തിലും. ഡ്രാക്കുള ഈ സോഫ്റ്റ്‌വെയര്‍ ഫിഷിംഗ് ക്യാംപയിനായി നൂറുകണക്കിന് പേര്‍ക്ക് വിറ്റു. ഈ തട്ടിപ്പ് മറനീക്കി പുറത്തുവന്നതും ചൈനീസ് പൗരന്‍ അപ്രത്യക്ഷമായി. എന്നാല്‍ മറ്റൊരു തട്ടിപ്പ് പൊട്ടിമുളച്ചു. അതിന്‍റെ പേരാണ് മാജിക് മൗസ്. അതായത് മാജിക് ക്യാറ്റ് ഫിഷിംഗ് സ്‌കാമിന്‍റെ പരിഷ്‌കരിച്ച പതിപ്പാണ് ഇപ്പോള്‍ വ്യാപകമായിരിക്കുന്ന 'മാജിക് മൗസ്'. മാജിക് മൗസ്, മാജിക് ക്യാറ്റിനേക്കാള്‍ തീവ്രവും അപകടകാരിയുമായി. വളര്‍ച്ച അതിവേഗവും. മാജിക് മൗസ് കൂടുതല്‍ ആളുകളുടെ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ മോഷ്‌ടിച്ചു, കൂടുതല്‍ പണം കവര്‍ന്നു. ഇപ്പോള്‍ ഒരു മാസം ശരാശരി ആറുലക്ഷത്തി അമ്പതിനായിരം ക്രഡിറ്റ് കാര്‍ഡ് വിവരങ്ങളാണ് മാജിക് മൗസ് കൈക്കലാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

പേര് മാജിക് ക്യാറ്റ് എന്നായാലും മാജിക് മൗസ് എന്നായാലും ശ്രദ്ധിക്കേണ്ടത് പൊതുജനങ്ങളാണ്. എസ്എംഎസ് ആയി വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തുക. അനാവശ്യമായി വ്യക്തിവിവരങ്ങളും ക്രഡിറ്റ് കാര്‍ഡ് വിവരങ്ങളും ബാങ്ക് അക്കൗണ്ട് ഡീറ്റൈല്‍സും ആര്‍ക്കും, ഒരു ലിങ്കിലും കൈമാറാതിരിക്കുക. പണം പോയ ശേഷം ദുഖിക്കുന്നതിനേക്കാള്‍ നല്ലത്, പണം പോകാതിരിക്കാന്‍ ശ്രദ്ധിക്കലാണ്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News