സോഷ്യല്‍ മീഡിയ കാരണം കുത്തുപാളയെടുത്തവരും കുറവല്ല, ഇതാ ഒരു കഥ

ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയ വഴി താരങ്ങളായവരെ നാം ഏറെ കാണാറുണ്ട്, അവസാനം മലയാളത്തില്‍ നിന്ന് അന്താരാഷ്ട്ര തലത്തില്‍ സോഷ്യല്‍ മീഡിയ താരമായിരിക്കുകയാണ് പ്രിയ വാര്യര്‍. സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവന്‍സ് മാര്‍ക്കറ്റിംഗിലൂടെ നല്ലൊരു തുക ഈ താരം ഇപ്പോള്‍ സമ്പാദിക്കുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ കാരണം കുത്തുപാളയെടുത്തവരും കുറവല്ല.

 അതിനു ഉത്തമ ഉദാഹരണമാണ് ന്യൂയോര്‍ക്കുകാരിയായ ലിസെറ്റ് കാല്‍വെറോയുടെ അവസ്ഥ. ഇന്‍സ്റ്റഗ്രാമില്‍ താരമാകുവാന്‍ കുറേ നമ്പര്‍ പയറ്റിയ ഈ ഇരുപത്തിയാറുകാരിക്ക് മിച്ചം വന്നത് വലിയ കടം. ഒടുവില്‍ ഇപ്പോള്‍ എല്ലാത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ലിസെറ്റ് തന്‍റെ സോഷ്യല്‍ മീഡിയ ദുരന്തത്തെക്കുറിച്ച് ഒരു ടെക് മാധ്യമത്തോട് പ്രതികരിച്ചു.

016 ല്‍ കാല്‍വെറോ നടത്തിയ യാത്രകളില്‍ ഭൂരിഭാഗവും ഇന്‍സ്റ്റാഗ്രാമിന് വേണ്ടി മാത്രമുള്ളതായിരുന്നു. അത് മാത്രമല്ല ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ മനോഹരമാക്കുവാന്‍ വിലകൂടിയ ബ്രാന്‍റഡ് വസ്ത്രങ്ങളും സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളും വാങ്ങുകയും ചെയ്തു. ഇന്‍സ്റ്റാഗ്രാമിലെ ചിത്രങ്ങള്‍ക്ക് വേണ്ടി പുറത്തു നിന്നാണ് അവര്‍ സ്ഥിരം ഭക്ഷണം കഴിക്കുക. അതും ആഢംബര ഹോട്ടലുകളില്‍ നിന്ന്. നഗരത്തിലെ മനോഹരമായ ഇടങ്ങളിലാണ് അവര്‍ സമയം ചിലവഴിക്കുക. ഇതെല്ലാം പണ ബാധ്യതയാണ് വരുത്തിവച്ചത്.

ഓരോ ഷോപ്പിങ്ങിനും ചെലവു വരുന്നത് 200 ഡോളറിലധികം. മാസത്തിലൊരിക്കല്‍ ഡിസൈനര്‍ ബാഗുകള്‍ക്കും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കുമായി 1000 ഡോളറിലധികം ചെലവാക്കി. യാത്രാചെലവുകള്‍ ആണെങ്കില്‍ കടമായി മൂടി. 

ഇപ്പോള്‍ കാല്‍വെറോ ആ കടബാധ്യയെല്ലാം മറികടന്നു. അതിനായി ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അകലം പാലിച്ചിരിക്കുകയാണ് കാല്‍വെറോ. പഴയ ജീവിതത്തെ കുറിച്ചുള്ള ബോധ്യം ഇന്ന് കാല്‍വേറൊയ്ക്കുണ്ട്. സോഷ്യല്‍ മീഡിയ താരമാകുവാന്‍ ആവേശം കയറി നില്‍ക്കുന്ന യുവതി യുവാക്കളോട് തന്‍റെ ജീവിതം കാല്‍വെറോ പറയുന്നു.