Asianet News MalayalamAsianet News Malayalam

രക്ഷാപ്രവർത്തനങ്ങൾക്ക് സഹായിച്ചത് അഞ്ച് ഉപഗ്രഹങ്ങൾ; രാജ്യത്ത് ഇത് ആദ്യം

കേരളത്തിലെ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ആയിരക്കണക്കിന് ആളുകളെയാണ് ഈ ഉപഗ്രഹങ്ങൾ വഴി കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ ദുരന്തനിവാരണ സംഘങ്ങൾക്ക് രക്ഷപ്പെടുത്താൻ സാധിച്ചത്. 

IN A FIRST, 5 ISRO SATELLITES USED TO RESCUE MAROONED IN KERALA
Author
Trivandrum, First Published Aug 28, 2018, 11:10 AM IST

തിരുവനന്തപുരം: മഴകെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിലെ രക്ഷാപ്രവർത്തനങ്ങൾക്ക് സഹായിച്ചത് ഐഎസ്ആർഒയുടെ അഞ്ച് ഉപഗ്രഹങ്ങൾ നിന്നുള്ള വിവരങ്ങളാണ്. കേരളത്തിലെ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ആയിരക്കണക്കിന് ആളുകളെയാണ് ഈ ഉപഗ്രഹങ്ങൾ വഴി കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ ദുരന്തനിവാരണ സംഘങ്ങൾക്ക് രക്ഷപ്പെടുത്താൻ സാധിച്ചത്. രാജ്യത്ത് ആദ്യമായാണ് വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി സർക്കാർ ഏജൻസികൾ സാറ്റലൈറ്റ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത്.    

റിസോഴ്സ്‌സാറ്റ്–2, ഓഷ്യൻസാറ്റ്–2, ഇന്‍സാറ്റ് 3ഡിആർ, കാർട്ടോസാറ്റ്–2, കാർട്ടോസാറ്റ്–2എ എന്നീ ഉപഗ്രഹങ്ങളിൽനിന്നുമാണ് യഥാർത്ഥ കാലാവസ്ഥാ സാഹചര്യങ്ങൾ, കാലാവസ്ഥാ പ്രവചനങ്ങൾ, കാലാവസ്ഥാ വ്യതിയാനം, മറ്റ് നിർണായകമായ അപ്ഡേറ്റുകളെല്ലാം ലഭിച്ചിരുന്നത്. കൂടാതെ ഉപഗ്രങ്ങളിൽ നിന്ന് ലഭ്യമായ ചിത്രങ്ങളും കാലാവസ്ഥ റിപ്പോർട്ടുകളും കേരളത്തിലെ എല്ലായിടങ്ങളിലും ഫലപ്രദമായി രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിന് ദുരന്തനിവാരണ സംഘങ്ങളെ സഹായിച്ചു. 

രാജ്യത്ത് പ്രളയത്തിൽ കുടുങ്ങിയവരെ കണ്ടെത്തുന്നതിനും രക്ഷിക്കുന്നതിനായി സർക്കാർ ഏജൻസികൾ സാറ്റ‌്‌ലൈറ്റ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതും ഇത് ആദ്യമായിട്ടാണ്. പ്രളയ പ്രദേശങ്ങളിലെ തൽസമയ കാലാവസ്ഥ മാറ്റങ്ങൾ, കാലാവസ്ഥ പ്രവചനങ്ങൾ, കാലാവസ്ഥ വ്യതിയാനം, മറ്റ് നിർണായകമായ വിവരങ്ങൾ, ചിത്രങ്ങൾ, മാപ്പുകൾ തുടങ്ങിയവയെല്ലാം ഉപഗ്രഹങ്ങൾ വഴി ലഭിച്ചു. സാറ്റ്‌ലൈറ്റുകൾ നൽകുന്ന ഡേറ്റയും ചിത്രങ്ങളും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വരെ അതിവേഗം എത്തിപ്പെട്ട് രക്ഷാപ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ സഹായിച്ചു.

‘ഓരോ ഉപഗ്രഹവും സ്ഥിതി വിശകലനം ചെയ്യാൻ സഹായിക്കുന്ന വിവിധ ഘടകങ്ങളെക്കുറിച്ചുള്ള വിവരം ലഭ്യമാക്കും. ഇങ്ങലെ ലഭ്യമാകുന്ന വിവരങ്ങളെല്ലാം നാഷണൽ റിമോട്ട് സെൻസിങ് സെന്ററിൽ (എൻആർആർസി), ഐഎസ്ആർഒ ഹൈദരാബാദ് സെന്ററില‌‌െ ഡിസിഷൻ സപ്പോർട്ട് സെന്റർ (ഡി എസ് സി) വിശകലനം ചെയ്ത് റിപ്പോർട്ട് തയ്യാറാക്കും. വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യതകളെക്കുറിച്ച് കാലാവസ്ഥാ  പ്രവചനമുണ്ടാകുകയാണെങ്കിൽ, വെള്ളപ്പൊക്കമുണ്ടായേക്കാവുന്ന പ്രദേശങ്ങൾ ഉടൻതന്നെ റിപ്പോർട്ടിൽ അടയാളപ്പെടുത്തും. 

വെള്ളപ്പൊക്കം ബാധിച്ചതും അല്ലാത്തതുമായ പ്രദേശങ്ങൾ പ്രത്യേകം രേഖപ്പെടുത്തിയ മാപ്പുകൾ സംസ്ഥാന, കേന്ദ്ര രക്ഷാപ്രവർത്തന ഏജൻസികൾക്ക് അയക്കും. ട്രാൻസ്പോർട്ട് നെറ്റ്‌വർക്ക് സ്റ്റാറ്റസ്, ദുരിത ബാധിത പ്രദേശങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയതായിരിക്കും റിപ്പോർട്ട്. ഇത് ഉപയോഗിച്ച് ദുരിതാശ്വാസ സംഘങ്ങൾക്ക് രക്ഷാപ്രനർത്തനങ്ങൾക്കുള്ള ടീമുകളെ സജ്ജമാക്കാനും വിന്യസിക്കാനും സാധിക്കും.

6-ചാനൽ ഇമേജർ, 19-ചാനൽ സൗണ്ടർ ഉപയോഗിച്ച് മെട്രോളജിക്കൽ സേവനങ്ങൾ നൽകുന്ന ഒരു കാലാവസ്ഥാ ഉപഗ്രഹമാണ് ഇൻസാറ്റ് 3ഡിആർ. ഒാരോ 26 മിനിറ്റിലും 36,000 കിലോമീറ്റർ ഉയരത്തിൽ നിന്ന് ഭൂമിയിലെ ചിത്രങ്ങൾ പകർത്താൻ 3ഡിആറിന് കഴിയും.  ഇത് വഴി രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള വിവരങ്ങളും സന്ദേശങ്ങളും ശേഖരിക്കാൻ സാധിക്കും. കേരളത്തിലെ തീരപ്രദേശങ്ങളിലെ താപനിലയും ഈർപ്പം തുടങ്ങിയ എല്ലാ പുതിയ വിവരങ്ങളും ഈ ഉപഗ്രഹം വഴി ലഭ്യമാകും. 

Follow Us:
Download App:
  • android
  • ios