ഒര്‍ലന്‍ഡോ: ഇന്ത്യയുടെ ആധാര്‍ പദ്ധതിയെയും ഡിജിറ്റല്‍ സാങ്കേതിക വളര്‍ച്ചയെയും പ്രശംസിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല രംഗത്ത്. വിന്‍ഡോസ്, ഫെയ്സ്ബുക്ക്, ആന്‍ഡ്രോയ്ഡ് എന്നിവയ്ക്കു വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലാണ് ആധാറിന്റെ വളര്‍ച്ചയെന്നും വളര്‍ന്നു കൊണ്ടിരിക്കുന്ന കമ്പനികള്‍ക്ക് ഇതൊരു വെല്ലുവിളിയാണിതെന്നും അദ്ദേഹം പറഞ്ഞു.

'ഹിറ്റ് റീഫ്രെഷ്' എന്ന തന്‍റെ പുസ്തകത്തിലാണ് സത്യ നാദെല്ലയുടെ വെളിപ്പെടുത്തല്‍. ആധാറിന് ഏറെ വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ആണ് ടെക് ലോകത്തെ മുന്‍നിര കമ്പനി മേധാവി പ്രശംസിച്ചിരിക്കുന്നത്. ഇത് കേന്ദ്ര സര്‍ക്കാരിന് ആശ്വാസമാണ്. ആധാറില്‍ ഇപ്പോള്‍ 100 കോടിയിലധികം ജനങ്ങള്‍ അംഗങ്ങളാണ്. 

പുതിയ ഡിജിറ്റല്‍ പദ്ധതി 'ഇന്ത്യസ്റ്റാക്കി'നെയും അദ്ദേഹം അഭിനന്ദിച്ചു. സര്‍ക്കാരുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവര്‍ക്കു ഉപയോഗിക്കാവുന്ന സവിശേഷ അടിസ്ഥാന സൗകര്യ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് ഇന്ത്യസ്റ്റാക്ക്. ഉപയോക്താവിന്‍റെ പ്രത്യക്ഷ സാന്നിധ്യമില്ലാതെയും കടലാസ് രഹിതവും കറന്‍സി രഹിതവുമായി ഇടപാടുകള്‍ എളുപ്പത്തിലാക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫേസ് (എപിഐ) കൂട്ടായ്മായാണിത്.

വ്യവസായ നയം, പൊതുമേഖലയിലെ നിക്ഷേപം, നിക്ഷേപ സൗഹൃദാന്തരീക്ഷം തുടങ്ങിയവ ഏകോപിപ്പിച്ചതാണ് ചൈനയുടെ വിജയം. ചൈനയുടെ വിജയമാതൃക മറ്റുള്ള രാജ്യങ്ങളും അനുകരിക്കുന്നുണ്ട്. ഇതിന്റെ മികച്ച പതിപ്പാണ് ഇന്ത്യസ്റ്റാക്ക് എന്ന് അദ്ദേഹം പറഞ്ഞു.