ഇസ്ലാമാബാദ്: അതിര്‍ത്തി കടന്ന് പാകിസ്ഥാന്‍ മണ്ണിലെ തീവ്രവാദി ക്യാമ്പുകളില്‍ ഇന്ത്യ തിരിച്ചടി കൊടുത്തതിന് പിന്നാലെ, സൈബര്‍ സംഘര്‍ഷങ്ങളിലും ഇന്ത്യയ്ക്ക് മേല്‍ക്കൈ. ഇന്ത്യയെ അപമാനിക്കുന്ന ചിത്രങ്ങളും കുറിപ്പുകളും പോസ്റ്റ് ചെയ്ത നിരവധി പാകിസ്ഥാന്‍ അക്കൗണ്ടുകളും പേജുകളും ഗ്രൂപ്പുകളും ഫെയ്സ്ബുക്ക് നീക്കം ചെയ്തു.

കഴിഞ്ഞ ദിവസം ഇന്ത്യയെ അപമാനിക്കുന്ന രീതിയിൽ പോസ്റ്റിട്ട് പാക്കിസ്ഥാൻ ജമാഹത്ത് ഇസ്‌ലാമിയുടെ ഔദ്യോഗിക പേജും ഫെയ്സ്ബുക്ക് നീക്കം ചെയ്തു. കശ്മീരിലെ ചിത്രങ്ങളാണ് ഫെയ്സ്ബുക്ക് പേജ് വഴി പ്രചരിപ്പിച്ചിരുന്നത്. 30 ലക്ഷത്തോളം ലൈക്സുള്ള പേജാണ് ഫെയ്സ്ബുക്ക് നീക്കം ചെയ്തത്.

പേജുകൾ നീക്കം ചെയ്തതിനു പിന്നിൽ ഇന്ത്യന്‍ സൈബര്‍ സൈനികരാണ് എന്നാണ് പേജുമായി ബന്ധപ്പെട്ടവരുടെ ആരോപണം. ഇതിന് പുറമേ പാകിസ്ഥാനില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ചില ഫേസ്ബുക്ക് പേജുകളും നീക്കം ചെയ്തിട്ടുണ്ട്. 

അതിനിടയില്‍ പാക്കിസ്താന്‍ സൈനിക വക്താവിന്‍റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല തുടരുകയാണ്. ജനറല്‍ അസീം ബജ്‌വയുടെ പേജിലാണ് പച്ചമലയാളത്തില്‍ പൊങ്കാല. നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയ സംഭവം നിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെ ജനറല്‍ അസീം ബജ്‌വയുടെ പേജില്‍ തുടങ്ങിയ തെറിയഭിഷേകം മറ്റു പോസ്റ്റുകളിലേക്കു കൂടി വ്യാപിക്കുകയായിരുന്നു.