ബ്രഹ്മോസ് സൂപ്പര്‍ സോണിക്ക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ഭുവനേശ്വര്‍: ബ്രഹ്മോസ് സൂപ്പര്‍ സോണിക്ക് മിസൈല്‍ രാജ്യം വിജയകരമായി വിക്ഷേപിച്ചു. ഒഡീഷയിലെ ചാന്ദിപൂര്‍ ടെസ്റ്റ് റേഞ്ചില്‍ തിങ്കളാഴ്ച രാവിലെ 10.40നായിരുന്നു വിക്ഷേപണം. പരീക്ഷണം വിജയകരമാണെന്ന് മിസൈല്‍ വികസിപ്പിച്ച ഡിആര്‍ഡിഒ അറിയിച്ചു. വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കിയ സംഘത്തെ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ അഭിനന്ദിച്ചു. 

ഇന്ത്യയുടെ നൂതന സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ചെടുക്കുന്ന ആദ്യ മിസൈല്‍ ആണിതെന്നും പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതിനാല്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ഭൂതലത്തില്‍ നിന്നും ആകാശത്തുനിന്നും കടലില്‍ നിന്നും വെള്ളത്തിനടിയില്‍ നിന്നും ഈ മിസൈല്‍ പ്രയോഗിക്കുവാന്‍ കഴിയും.

2017 നവംബറില്‍ ലോകത്തെ ഏറ്റവും വേഗതയേറിയ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ സുഖോയ് -30 എം.കെ.ഐ ജെറ്റില്‍ നിന്നും ബംഗാള്‍ ഉള്‍ക്കടലിലേക്ക് ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. മാര്‍ച്ചില്‍ രാജസ്ഥാനില്‍ പൊഖ്‌റാനിലും പരീക്ഷണം നടന്നു.