ചാറ്റ്‌ജിപിടി, പെർപ്ലെക്‌സിറ്റി തുടങ്ങിയ എഐ ഭീമന്‍മാര്‍ക്ക് വെല്ലുവിളിയുയര്‍ത്താന്‍ ഇന്ത്യന്‍ നിര്‍മ്മിത എഐ അസിസ്റ്റന്‍റ് കൈവെക്‌സ് അവതരിപ്പിച്ച് ഇന്ത്യന്‍ ശതകോടീശ്വരന്‍ പേൾ കപൂർ.

ദില്ലി: ചാറ്റ്‍ജിപിടി, പെർപ്ലെക്‌സിറ്റി തുടങ്ങിയ ആഗോള ഭീമന്‍മാരുമായി മത്സരിക്കാൻ ലക്ഷ്യമിടുന്ന എഐ അസിസ്റ്റന്‍റ് കൈവെക്‌സ് (Kyvex) പുറത്തിറക്കി ഇന്ത്യൻ കോടീശ്വരൻ പേൾ കപൂർ. ഈ പ്ലാറ്റ്‌ഫോം നിലവിൽ വെബ് പ്ലാറ്റ്‌ഫോമില്‍ മാത്രമാണ് ലഭ്യം. ഉടൻ തന്നെ കൈവെക്‌സിനെ ആൻഡ്രോയ്‌ഡ്, ഐഒഎസ്, സംയോജിത ബ്രൗസർ ആപ്ലിക്കേഷനുകൾ എന്നിവയിലേക്ക് ഇത് വികസിപ്പിക്കും. ഇത് പൂർണ്ണമായും ഇന്ത്യയിൽ വികസിപ്പിച്ചെടുത്തതും കമ്പനി സ്വന്തം നിലയിൽ വികസിപ്പിച്ചെടുത്ത ലാർജ് ലാംഗ്വേജ് മോഡലിനെ (LLM) അടിസ്ഥാനമാക്കിയുള്ളതുമാണ് എന്നതാണ് കൈവെക്‌സിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത.

എന്താണ് കൈവെക്സ് എഐ അസിസ്റ്റന്‍റ്?

ഉപയോക്താക്കൾക്ക് വേഗതയേറിയതും, കൂടുതൽ കൃത്യവും, സന്ദർഭോചിതവും, ആഴത്തിലുള്ളതുമായ വിവരങ്ങൾ നൽകുക എന്നതാണ് കൈവെക്‌സിന്‍റെ ലക്ഷ്യം.കൈവെക്‌സിന്‍റെ അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, ഈ സംരംഭത്തിന് പ്രമുഖ ഐഐടി അക്കാദമിക് വിദഗ്‌ധരിൽ നിന്ന് പിന്തുണ ലഭിച്ചു. ഐഐടി ഡൽഹി മുൻ ഡയറക്‌ടർ പ്രൊഫസർ രാംഗോപാൽ റാവു, ഐഐടി ഖരഗ്‌പൂർ മുൻ ഡയറക്‌ടർ പ്രൊഫസർ പി.പി. ചക്രവർത്തി തുടങ്ങിയ പ്രമുഖ അക്കാദമിക് വിദഗ്‌ധർ ഈ സംരംഭത്തെ പിന്തുണയ്ക്കുന്നു. ഇത്, കൈവെക്‌സ് വെറുമൊരു എഐ ടൂൾ മാത്രമല്ല, ആഗോള എഐ നേതൃത്വത്തിലേക്ക് ഇന്ത്യയെ മുന്നോട്ട് നയിക്കാനുള്ള ശ്രമമാണെന്ന് വ്യക്തമാക്കുന്നു.

കൈവെക്‌സ് നിലവിൽ ഒരു വെബ് അധിഷ്‌ഠിത പ്ലാറ്റ്‌ഫോമാണ്. എന്നാൽ കമ്പനി ഉടൻ തന്നെ ഇത് ആൻഡ്രോയ്‌ഡ്, ഐഒഎസ്, ബ്രൗസർ ഇന്‍റഗ്രേഷൻ എന്നിവയിൽ കൈവെക്‌സ് ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ്. വരും ദിവസങ്ങളിൽ കൈവെക്‌സ് ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് കൂടുതൽ വ്യാപകമായി ലഭ്യമാക്കും. വിവരങ്ങൾ കണ്ടെത്തുന്നതിലും ഗവേഷണം ചെയ്യുന്നതിലും പൂർണ്ണമായും പരിവർത്തനം വരുത്താൻ കഴിയുന്ന ഒരു ചുവടുവയ്പ്പാണ് കൈവെക്‌സ് എന്ന് ലോഞ്ചിംഗ് വേളയിൽ പേൾ കപൂർ പറഞ്ഞു. എല്ലാവർക്കും സൗജന്യവും തുറന്നതുമായ ആക്‌സസ് നൽകിക്കൊണ്ട് എഐ നവീകരണത്തെ ജനാധിപത്യവൽക്കരിക്കുന്നതിനായി കമ്പനി പ്രവർത്തിക്കുന്നുണ്ടെന്നും അദേഹം വിശദീകരിച്ചു.

ഇന്ത്യയില്‍ വികസിപ്പിച്ച എഐ അസിസ്റ്റന്‍റ്

കൈവെക്‌സ് പൂർണ്ണമായും ഇന്ത്യയിൽ വികസിപ്പിച്ചെടുത്തത് ഇന്ത്യൻ എഐ എഞ്ചിനീയർമാരും ഗവേഷകരുമാണെന്ന് കമ്പനി പറയുന്നു. ലോകത്തിനായി ഇന്ത്യയിൽ നിർമ്മിച്ചത് എന്ന തത്വശാസ്ത്രത്തെ അടിസ്ഥാനമാക്കി, വിദ്യാഭ്യാസം, ഗവേഷണം, വ്യവസായം എന്നീ മേഖലകളിലെ എല്ലാവർക്കും എഐ ആക്‌സസ് ചെയ്യാവുന്നതാക്കുക എന്നതാണ് ഈ പ്ലാറ്റ്‌ഫോമിന്‍റെ ലക്ഷ്യം.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്