2025 മാര്‍ച്ച് അവസാനം മുതല്‍ ജൂണ്‍ അവസാനം വരെയുള്ള രാജ്യത്തെ ഇന്‍റര്‍നെറ്റ് വരിക്കാരുടെ കണക്കുകള്‍ പുറത്തുവിട്ട് ട്രായ്
ദില്ലി: ഇന്‍റര്‍നെറ്റ് വരിക്കാരുടെ എണ്ണത്തില്‍ പുത്തന്‍ നാഴികക്കല്ല് താണ്ടി ഇന്ത്യ. രാജ്യത്തെ ഇന്‍റര്‍നെറ്റ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 100 കോടി കടന്നു. 2025 മാര്‍ച്ച് അവസാനം മുതല്‍ ജൂണ്‍ അവസാനം വരെയുള്ള പാദത്തില്‍ ഇന്‍റര്‍നെറ്റ് വരിക്കാരുടെ എണ്ണത്തില്‍ 3.48 ശതമാനത്തിന്‍റെ കുതിച്ചുചാട്ടമുണ്ടായെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 2025 മാര്‍ച്ച് അവസാനം 96.91 കോടിയായിരുന്ന ഇന്‍റര്‍നെറ്റ് വരിക്കാരുടെ എണ്ണമാണ് ജൂണ്‍ ആയപ്പോഴേക്ക് 100.28 കോടിയായി ഉയര്‍ന്നത്. ഇന്ത്യയിലെ 100 കോടിയിലേറെ ഇന്‍റര്‍നെറ്റ് സബ്‌സ്‌ക്രൈബര്‍മാരില്‍ 4.47 കോടി വയര്‍ഡ് ഇന്‍റര്‍നെറ്റ് കണക്ഷനുകളും 95.81 കോടി വയര്‍ലസ് കണക്ഷനുകളുമാണ്.
ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് വരിക്കാരുടെ എണ്ണത്തിലെ ശ്രദ്ധേയമായ കണക്കുകള്‍
1. 2025 ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ ഇന്‍റര്‍നെറ്റ്/ബ്രോഡ്‌ബാന്‍ഡ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 100.28 കോടിയാണ്.
2. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 3.48 ശതമാനത്തിന്‍റെ വളര്‍ച്ച ഇന്‍റര്‍നെറ്റ് വരിക്കാരുടെ എണ്ണത്തിലുണ്ടായി.
3. ആകെ വരിക്കാരില്‍ 2.31 കോടി നാരോബാന്‍ഡ് സബ്‌സ്‌ക്രൈബര്‍മാരാണ്. 97.97 കോടി കണക്ഷനുകള്‍ ബ്രോഡ്‌ബാന്‍ഡ് സബ്‌സ്‌ക്രൈബര്‍മാരും.
4. 4.47 കോടി സബ്‌സ്‌ക്രൈബര്‍മാര്‍ വയര്‍ഡ് ഇന്‍റര്‍നെറ്റ് സേവനം ഉപയോഗിക്കുന്നു. 95.81 കോടി ഇന്‍റര്‍നെറ്റ് വരിക്കാര്‍ വയര്‍ലസ് സേവനം ഉപയോഗിക്കുന്നു.
5. നഗര മേഖലകളിലെ ഇന്‍റര്‍നെറ്റ് വരിക്കാര്‍ 57.94 കോടിയാണ്. ഗ്രാമീണ മേഖലയിലെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 42.33 കോടിയും.
6. മാസംതോറും ആവറേജ് റെവന്യൂ പെര്‍ യൂസര്‍ വയര്‍ലസ് സേവനത്തില്‍ 186.62 രൂപയും, ശരാശരി മിനിറ്റിസ് ഓഫ് യൂസേജ് 16.76 മണിക്കൂറുമാണ്.
7. മാസക്കണക്കില്‍ ശരാശരി ഡാറ്റാ ഉപഭോഗം നോക്കിയാല്‍ വയര്‍ലസ് കണക്ഷനുകളില്‍ 24.01 ജിബിയാണ്.
8. ഈ പാദത്തിൽ 71.20 ലക്ഷം വരിക്കാര്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടതോടെ മൊത്തം വയർലെസ് (മൊബൈൽ + 5G FWA) വരിക്കാരുടെ എണ്ണം മാർച്ച് അവസാനത്തിലെ 116 കോടിയിൽ നിന്ന് ജൂണ്‍ അവസാനം 117 കോടിയായി ഉയര്‍ന്നു. മുൻ പാദത്തേക്കാൾ 0.61 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തി.
9. കൂടാതെ, ഈ പാദത്തിൽ 60 ലക്ഷം വരിക്കാരുടെ കൂട്ടിച്ചേർക്കലോടെ മൊബൈൽ വരിക്കാരുടെ എണ്ണം മാർച്ച് അവസാനത്തിലെ 115 കോടിയിൽ നിന്ന് ജൂൺ 25 അവസാനം 116 കോടിയായി വർധിച്ചു, മുൻപാദത്തേക്കാൾ 0.52 ശതമാനം വളർച്ചാ നിരക്ക് ഇക്കാര്യത്തില്‍ രേഖപ്പെടുത്തി.

