ഉല്‍പ്പന്ന വൈവിദ്ധ്യവത്കരണത്തിന്‍റെ പാതയിലാണ് ജനപ്രിയ ഫോട്ടോഷെയറിംഗ് ആപ്പ് ഇന്‍സ്റ്റഗ്രാം

ന്യൂയോര്‍ക്ക്: ഉല്‍പ്പന്ന വൈവിദ്ധ്യവത്കരണത്തിന്‍റെ പാതയിലാണ് ജനപ്രിയ ഫോട്ടോഷെയറിംഗ് ആപ്പ് ഇന്‍സ്റ്റഗ്രാം. ഇന്‍സ്റ്റഗ്രാം ഐജി ടിവി അവതരിപ്പിച്ചതിന് പിന്നാലെ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ലൈറ്റ് അവതരിപ്പിച്ചു. ഫോട്ടോഷെയറിംഗ് ആപ്പ് എന്ന നിലയില്‍ ഇന്‍സ്റ്റഗ്രാം ഇപ്പോള്‍ 2ജി നെറ്റ്വര്‍ക്കിലും മറ്റും പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതിനാല്‍ ഫീച്ചര്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് വേണ്ടിയാണ് ഇന്‍സ്റ്റഗ്രാം ലൈറ്റ് എത്തുന്നത്.

വെറും 573 കെബിയാണ് ഈ ആപ്പിന്‍റെ വലിപ്പം. 32 എംബി പ്രധാന ആപ്പിന്‍റെ വലിപ്പം നോക്കുമ്പോള്‍ 1/55 മാത്രമാണ് ഇന്‍സ്റ്റഗ്രാം ലൈറ്റിന്‍റെ വലിപ്പം. പേജുകള്‍ എടുക്കാനും, ഇന്‍സ്റ്റഗ്രാം സ്റ്റോറീസ് കാണുവാനും ഈ ആപ്പ് ഉപകാരപ്രഥമാണ്.

ഇപ്പോള്‍ നൂറുകോടി ഉപയോക്താക്കളുള്ള ആപ്പാണ് ഇന്‍സ്റ്റഗ്രാം. ഫേസ്ബുക്കിന്‍റെ കീഴിലുള്ള ഇന്‍സ്റ്റഗ്രാം ലൈറ്റ് ഇറക്കുന്നതില്‍ പിന്‍തുടര്‍ന്നിരിക്കുന്നത് മാതൃകമ്പനിയായ ഫേസ്ബുക്കിന്‍റെ വഴിയാണ്. 2015 ല്‍ ഫേസ്ബുക്ക് പുറത്തിറക്കിയ ഫേസ്ബുക്ക് ലൈറ്റ് വന്‍ ജനപ്രീതി നേടിയിരുന്നു. ഏതാണ്ട് 20 കോടി ഡൗണ്‍ലോഡ് ഈ ആപ്പ് നേടിയിരുന്നു.

ഇതിന്‍റെ തുടര്‍ച്ച എന്ന നിലയില്‍ പുതിയ ഇന്‍സ്റ്റഗ്രാം ലൈറ്റ് പതിപ്പ്. നേരത്തെ മെസഞ്ചറിനും ഫേസ്ബുക്ക് ലൈറ്റ് പതിപ്പ് ഇറക്കിയിരുന്നു.