ഇസ്ലാമാബാദ്: പാകിസ്ഥാന്‍റെ പ്രവര്‍ത്തനങ്ങള്‍ എല്ലാം തകിടംമറിച്ച് ഇന്‍റര്‍നെറ്റ് ബ്ലാക്ക് ഔട്ട്. . ഒന്നരദിവസത്തിലേറെ നീണ്ട മിന്നല്‍ ഇന്‍റര്‍നെറ്റ് പണിമുടക്കില്‍ പാക്കിസ്ഥാന്‍ വലഞ്ഞു. ഇസ്ലാമാബാദിലെ ബേനസീര്‍ ഭൂട്ടോ വിമാനത്താവളത്തില്‍ എട്ട് ആഭ്യന്തര-രാജ്യാന്തര സര്‍വീസുകളാണ് റദ്ദാക്കേണ്ടി വന്നത്. വിമാനങ്ങളുടെ ഷെഡ്യൂളുകളും, ടിക്കറ്റ് ബുക്കിങ്ങിനെയും പ്രശ്‌നം സാരമായി ബാധിച്ചു. 

കടലിനടിയിലൂടെ കടന്നു പോകുന്ന ഇന്ത്യ-മിഡില്‍ ഈസ്റ്റ്-വെസ്‌റ്റേണ്‍ യൂറോപ്പ് കേബിളില്‍ ഉണ്ടായ തകരാറാണ് പാക്കിസ്ഥാനെ ഓഫ്‌ലൈനിലാക്കിയത്. രാജ്യത്ത് 38 മണിക്കൂര്‍ ഇന്റര്‍നെറ്റ് മുടങ്ങിയെന്ന് പാക്കിസ്ഥാന്‍ ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനി വക്താവ് വ്യക്തമാക്കി. 

സൗദി അറേബ്യയിലെ ജിദ്ദയ്ക്കു സമീപം പാക്കിസ്ഥാനിലേയ്ക്കുള്ള ആറു കേബിളുകള്‍ മുറിഞ്ഞെന്നാണ് വിവരം. പ്രശ്‌നം പരിഹരിച്ചുവെന്ന് അധികൃതര്‍ അവകാശപ്പെട്ടു. എന്നാല്‍ വലിയ നഷ്ടമാണ് പാകിസ്ഥാന് ഈ ബ്ലാക്ക് ഔട്ടിനാല്‍ ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. ഓഹരി വിപണിയേയും, സര്‍ക്കാര്‍ സേവനങ്ങളെയും ബാധിച്ചത് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.