ദില്ലി: ഐഫോണ്‍ 8 വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്ന് തികയുന്നു. ഐഫോണ്‍ 7 ഇറങ്ങുന്ന കാലത്ത് തന്നെ ആപ്പിള്‍ ഐഫോണിന്‍റെ പത്താംവാര്‍ഷികത്തില്‍ അവതരിപ്പിക്കുന്ന പതിപ്പിന്‍റെ പ്രത്യേകതകള്‍ ടെക് ലോകത്തെ 'പാണന്മാര്‍' പാടുവാന്‍ തുടങ്ങിയെന്നതാണ് സത്യം. സെപ്തംബറില്‍ ഐഫോണ്‍ 8 ഇറങ്ങും എന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ പതിവ് പോലെ അമേരിക്കയില്‍ ഇറങ്ങുന്ന ഫോണ്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ എത്താന്‍ സമയമെടുക്കും. ഒപ്പം ഐഫോണ്‍ 8ന് മൂന്ന് പതിപ്പുകള്‍ എങ്കിലും ഉണ്ടാകുമെന്നും സൂചനയുണ്ട്. 

ഈ പാദത്തില്‍ 2 ദശലക്ഷം മുതല്‍ നാല് ദശലക്ഷംവരെ മാത്രമായിരിക്കും ഐഫോണ്‍ 8 ഇറങ്ങുക എന്നാണ് വിപണി വിലയിരുത്തലുകാരായ കെജിഐ സെക്യൂരിറ്റിയുടെ റിപ്പോര്‍ട്ട്. അതായത് ഇന്ത്യയില്‍ എത്താന്‍ സമയം പിടിച്ചെക്കുമെന്ന് സാരം. അതേ സമയം ഐഫോണ്‍ 7എസ്, 7 എസ് പ്ലസ് എന്നിവയ്ക്ക് വലിയ വില്‍പ്പനയാണ് നടക്കുന്നത്. 

അതേ സമയം തന്നെ ടെക്സ്റ്റാറ്റിക്.കോം ഐഫോണ്‍ 8ന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ബ്ലാക്ക് കളര്‍ പതിപ്പാണ് ചിത്രത്തിലുള്ളത്. ഇത്തവണ ലംബമായി നില്‍ക്കുന്ന ക്യാമറ സെറ്റിംഗാണ് ഐഫോണില്‍ കാണുവാന്‍ സാധിക്കുന്നത്. ഒപ്പം ഇരട്ട ക്യാമറകള്‍ എന്ന പ്രത്യേകതയുമുണ്ട്. ഇത് പ്രകാരം പിന്നിലും ടെച്ചിംഗ് ഐഡി സംവിധാന പുതിയ ഐഫോണിലുണ്ടാകുമെന്ന റൂമര്‍ പരക്കുന്നുണ്ട് ടെക് ലോകത്ത്. 

മുന്‍പില്‍ ഫിംഗര്‍പ്രിന്‍റ്  സ്കാനര്‍ അപ്രത്യക്ഷമായതാണ് കാണുവാന്‍ സാധിക്കുന്നത്. അതായത് പിന്നിലെ ആപ്പിള്‍ ലോഗോ ഫിംഗര്‍ പ്രിന്‍റ് സ്കാനറാകും എന്ന തരത്തിലുള്ള ചിത്രങ്ങളും പ്രചരിക്കുന്നു.  ഒഎല്‍ഇഡി സ്ക്രീന്‍ ആയിരിക്കും ഫോണിന് എന്നാണ് റിപ്പോര്‍ട്ട്. ഒപ്പം വയര്‍ലെസ് ചാര്‍ജ്ജിംഗ്, നോ ഹോം ബട്ടണ്‍, ആപ്പിള്‍ എ11 ചിപ്പ്, എആര്‍ ഫീച്ചര്‍ എന്നിവയും ആപ്പിള്‍ ഐഫോണ്‍ 8 ല്‍ പ്രതീക്ഷിക്കുന്നു.