മൊബൈല്‍ ഫോണിനെ സ്മാര്‍ട്ടാക്കിയ ഐഫോണ്‍ പുറത്തിറങ്ങിയിട്ട് 10 വര്‍ഷം. 2007ല്‍ ഇതേദിവസമാണ് ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് ഐഫോണ്‍ അവതരിപ്പിച്ചത്.

മൊബൈല്‍ ഫോണിന് ആപ്പിള്‍ പുനര്‍ജന്മം നല്‍കാന്‍ പോകുന്നു. 2007ല്‍ ഐഫോണ്‍ അവതരിപ്പിച്ച് സ്റ്റീവ് ജോബ്‌സ് പറഞ്ഞ വാക്കുകള്‍. സ്റ്റീവിനെ പലരും പരിഹസിച്ചു. നോക്കിയയും ബ്ലാക്ക്‌ബെറിയും അരങ്ങ് വാണിരുന്ന മൊബൈല്‍ ഫോണ്‍ വിപണിയിലേക്ക് ഫുള്‍ ടച്ചുമായി വന്ന ഐഫോണിന്റെ അകാല ചരമം പ്രവചിച്ചവര്‍ നിരവധി. എന്നാല്‍ ഒരു ദശകത്തിനിപ്പുറം സ്റ്റീവിന്റെ വാക്കുകള്‍ അന്വര്‍ത്ഥമായിരിക്കുന്നു.

ജനുവരിയില്‍ അവതരിപ്പിച്ചെങ്കിലും ഐഫോണ്‍ വിപണിയില്‍ എത്തിയത് 2007 ജൂണ്‍ 29നാണ്. മനോഹരമായ രൂപഭംഗിയും മൊബൈല്‍ പ്രേമികള്‍ അന്ന് വരെ അനുഭവിക്കാത്ത സാങ്കേതിക മികവും ഐഫോണില്‍ ഒന്നുചേര്‍ന്നപ്പോള്‍ ആറ് മാസം കൊണ്ട് വിറ്റത് 37 ലക്ഷം ഹാന്‍ഡ്‌സെറ്റുകള്‍. 2ജില്‍ പ്രവര്‍ത്തിച്ചിരുന്ന ഒറിജിനല്‍ ഐഫോണിന് പകരക്കാരനായി തൊട്ടടുത്ത വര്‍ഷം ഐഫോണ്‍ 3ജി എത്തി. തുടര്‍ന്നിങ്ങോട്ട് പത്ത് വര്‍ഷത്തിനിടെ വിപണിയിലെത്തിയത് 15 ഐഫോണുകള്‍. ഇതിനിടയില്‍ 2ജി 4ജിയായി. സംഭരണ ശേഷി 4 ജിബിയില്‍ നിന്ന് 256 ജിബിയായി. ആപ്പിള്‍ ഐഒഎസ് നിരവധി തവണ പുതുക്കി. സ്മാര്‍ട് ഫോണിന്റെ വളര്‍ച്ചെന്നാല്‍ ഐഫോണിന്റെ അപ്‌ഡേഷനെന്ന് ലോകം വിലയിരുത്തിയ നാളുകള്‍.

2011ല്‍ അന്തരിച്ച സ്റ്റീവ് ജോബ്‌സ് എന്ന ക്രാന്തദര്‍ശിയാണ് ഐഫോണിന്റെ പിറവിക്ക് പിന്നില്‍. മൊബൈല്‍ ഫോണിന്റെ വരവോടെ ഐപാഡുകള്‍ക്ക് സംഭവിക്കാനിരുന്ന മരണം മുന്നില്‍കണ്ട് സ്റ്റീവ് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഐഫോണിന് ജന്മം നല്‍കിയത്. ഒരു ദശകം പിന്നിടുമ്പോള്‍ ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ഐഫോണില്‍ എന്ത് മാന്ത്രികതയാകും ആപ്പിള്‍ ഒളിച്ച് വച്ചിട്ടുണ്ടാവുകയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. മടക്കാവുന്ന ഫോണോ തീര്‍ത്തും സുതാത്യമായ ഐഫോണോ? ടെക് പ്രേമികള്‍ കാത്തിരിക്കുന്നു.