ഇന്ത്യക്ക് ഇന്ന് സ്വപ്നസാക്ഷാത്കാരത്തിന്റെ ദിനം. സ്വന്തം ഗതിനിര്‍ണ്ണയ സംവിധാനം ഏറ്റവും കൃത്യതയോടെ പ്രാപ്തമാക്കുന്നതിനുള്ള അവസാന ഉപഗ്രഹം ഐആര്‍എന്‍എസ്എസ് 1ജി ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ഇത് നാവിക് എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

ഇത്രയും കാലം ഗതിനിര്‍ണ്ണയത്തിന് ജിപിഎസിനെ ആശ്രയിച്ചിരുന്ന നമ്മള്‍ക്ക് സ്വന്തം ഗതിനിര്‍ണ്ണയ സംവിധാനം ലഭിച്ചപ്പോള്‍ അത് ഒരു സ്വപ്‍നസാക്ഷാത്ക്കരമായിരുന്നു. ഇന്ത്യയും 1500 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവും വരുതിയിലാക്കുന്ന ഇന്ത്യയുടെ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തിലെ അവസാന ഉപഗ്രഹം ഉച്ചക്ക് 12:50നാണ് വിക്ഷേപിച്ചത്. ആന്ധ്രാ പ്രദേശിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍നിന്ന് കുതിച്ചുയര്‍ന്ന ഐആര്‍എന്‍എസ്എസ്1g 20 മിനിറ്റ് 19 സെക്കന്റില്‍ ഭ്രമണപഥത്തിലെത്തി. വിക്ഷേപണം തത്സമയം വീക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ ഗതി നിര്‍ണ്ണയ സംവിധാനം നാവിക് എന്ന് അറിയപ്പെടുമെന്ന് പറഞ്ഞു.

നമ്മുടെ സൈന്യത്തെയും സാധാരണക്കാരെയും മീന്‍പിടുത്തക്കാരെയും എല്ലാം ഒരുപോലെ സഹായിക്കുന്ന സംവിധാനമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യക്ക് മാത്രമല്ല, സാര്‍ക്ക് രാജ്യങ്ങള്‍ക്കും ഇതിന്റെ ഗുണം ഫലം ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2013 ജൂലൈ ഒന്നിനാണ് ഇന്ത്യ ആധ്യ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് 1a വിക്ഷേപിക്കുന്നത്. 2014ല്‍ 1ബിയും 1സിയും, 2015ല്‍ 1ഡിയും, ഈ വര്‍ഷം തന്നെ 1ഇ, 1എഫും വിക്ഷേപിച്ചിരുന്നു. ലോകത്തെ തന്നെ ഏറ്റവും വിശ്വാസ്യതുള്ള റോക്കറ്റായ പിഎസ്ല്‍വിയുടെ സി33 എക്‌സ് എല്‍വേര്‍ഷനാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. മുപ്പത്തിയഞ്ചാം ഉദ്യമത്തിലും പിഎസ്എല്‍വി നമ്മുടെ വിശ്വാസം കാത്തു.