ഹൈദരാബാദ്: ചന്ദ്രയാന്‍ 2 ഉള്‍പ്പെടെ രണ്ട് ബഹിരാകാശ ദൗത്യങ്ങള്‍ അടുത്ത വര്‍ഷം നടത്തുമെന്ന് ഐഎസ്ആര്‍ഒ. 2008ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ പദ്ധതിയുടെ രണ്ടാം ഘട്ടമായ ചന്ദ്രയാന്‍ 2ഉം ഗൂഗിള്‍ സംഘടിപ്പിക്കുന്ന ലൂണാര്‍ എക്സ് മല്‍സരത്തിനായക്കുന്ന ടീം ഇന്‍ഡസുമാണിവ. ചന്ദ്രന്‍റെ ഉപരിതലത്തിലേക്ക് റോവറിനെ അയച്ച് ഭൂമിയിലേക്ക് വ്യക്തതയുള്ള ചിത്രങ്ങളയയ്ക്കുന്ന മത്സരമാണ് ലൂണാര്‍ എക്സ്. ചന്ദ്രോപരിതലത്തിനെക്കുറിച്ച് കൂടുതല്‍ പഠിക്കാനാണ് ചന്ദ്രയാന്‍ 2 ഇന്ത്യ വിക്ഷേപിക്കുന്നത്. 

ദില്ലി ഐഐടിയിലെ മുന്‍ വിദ്യാര്‍ത്ഥിയായ രാഹുല്‍ നാരായണന്‍റെ നേതൃത്വത്തിലുള്ള യുവശാസ്ത്രഞ്ജന്‍മാരാണ് ടീം ഇന്‍ഡസിനു പിന്നില്‍. 30 മില്ല്യണ്‍ യുഎസ് ഡോളറാണ് ലൂണാര്‍ എക്സിന്‍റെ സമ്മാനത്തുക. ഇന്‍ഫോസിസ് സഹസ്ഥാപകനും മുന്‍ യുഐഡിഎഐ ചെയര്‍മാനുമായ നന്ദന്‍ നിലേകാണിയും മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ കസ്തൂരിരംഗനും ടീം ഇന്‍ഡസിന് സഹായം നല്കും. ടീം ഇന്‍ഡസിന് പണം നല്‍കിയതായും പദ്ധതി ചന്ദ്രന്‍ കീഴടക്കുമെന്നാണ് പ്രതീക്ഷയെന്നും നന്ദന്‍ നിലേകാണി പറഞ്ഞു.

ടീം ഇന്‍ഡസിനായി പിഎസ്എല്‍വി ഉപയോഗിക്കാന്‍ ഐഎസ്ആര്‍ഒ കരാറൊപ്പിട്ടതായി ചെയര്‍മാന്‍ എ എസ് കിരണ്‍ കുമാര്‍ സ്ഥിരീകരിച്ചു. ടീം ഇന്‍ഡസിന് ആശംസകള്‍ നേര്‍ന്ന ഐഎസ്ആര്‍ഒ ചെയര്‍മാന്‍ അമേരിക്കയും ഇസ്രായേലും വിക്ഷേപണത്തിനായി തങ്ങളുമായി കരാറൊപ്പിട്ടെന്നും പറഞ്ഞു.

ടീം ഇന്‍ഡസ് പദ്ധതിക്കായി 600 ഭാരം വഹിക്കുന്ന മിനി പിഎസ്എല്‍വി റോക്കറ്റാണ് ഉപയോഗിക്കുക. എന്നാല്‍ ചന്ദ്രയാന്‍ 2 വിക്ഷേപിക്കാന്‍ ജിഎസ്എല്‍വി എംകെ 2 റോക്കറ്റാവും ഉപയോഗിക്കുകയെന്ന് വിക്രം സാരാഭായ് സ്പേസ് സെന്‍റര്‍ ഡയറക്ടര്‍ ‍ഡോ കെ ശിവന്‍ പറഞ്ഞു.