ഇന്ത്യയുടെ സ്വപ്നബഹിരാകാശ വാഹനമായ ജിഎസ്എല്‍വി മാര്‍ക്ക് ത്രിയുടെ വിക്ഷേപണം ഇന്ന് നടക്കും. വൈകുന്നേരം 5.28ന് നിശ്ചയിച്ചിരിക്കുന്ന വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ ശ്രീഹരിക്കോട്ടയില്‍ പുരോഗമിക്കുകയാണ്.

എസ്എല്‍വി 3 എന്ന 40 കിലോ ഭാരം വഹിക്കാന്‍ കഴിയുന്ന 17 ടണ്‍ ഭാരമുള്ള റോക്കറ്റില്‍ തുടങ്ങിയതാണ് ഇന്ത്യന്‍ ബഹിരാകാശ വാഹനങ്ങളുടെ ചരിത്രം. എസ്എല്‍വി3, എസ്എല്‍വി, പിഎസ്എല്‍വി, ജിഎസ്എല്‍വി മാര്‍ക്ക് 2, ജിഎസ്എല്‍വി മാര്‍ക്ക് 3 ഇന്ത്യന്‍ റോക്കറ്റുകളിലെ അഞ്ചാം തലമുറയാണ്. ഏറെ വിജയങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും പിഎസ്എല്‍വി ഒരു ഇടത്തരം ബഹിരാകാശ വാഹനമാണ്. വാര്‍ത്താ വിതരണത്തിന് ഉള്‍പ്പെടെയുള്ള ഉപഗ്രഹങ്ങളെ എത്തിക്കേണ്ട ഭൂസ്ഥിര ഭ്രമണപഥത്തില്‍ 1300 കിലോ വരെയാണ് പിഎസ്എല്‍വിയുടെ വാഹക ശേഷി. കൂടുതല്‍ ഭാരമുള്ള ജിസാറ്റ് പോലുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാന്‍ ഇന്ത്യ ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഭൂസ്ഥിര ഭ്രമണപഥത്തിലും സ്വയംപര്യാപ്തത നേടുകയാണ് ജിഎസ്എല്‍വി മാര്‍ക്ക് ത്രിയിലൂടെ ഇന്ത്യയുടെ ലക്ഷ്യം. 640 ടണ്‍ ഭാരമുള്ള ഇന്ത്യന്‍ ഫാറ്റ് ബോയ്ക്ക് 4 ടണ്‍ വരെയുള്ള ഉപഗ്രഹങ്ങളെ ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് കടത്തിവിടാനാകും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വലിയ ക്രയോജനിക് എഞ്ചിന്‍ സിഇ ഇരുപതാണ് ഇതില്‍ ഉപയോഗിക്കുന്നത്. വാഹനത്തിന്റെ ആദ്യപരീക്ഷണം 2014 ഡിസംബറില്‍ നടന്നെങ്കിലും ക്രയോജനിക് എഞ്ചിന്‍ ഉപയോഗിച്ചുള്ള പൂര്‍ണ പരീക്ഷണം ഇന്നാണ് നടക്കുന്നത്. ജിസാറ്റ് 19 ആണ് മാര്‍ക്ക് ത്രിയിലൂടെ ആദ്യം ബഹിരാകാശത്ത് എത്താനിരിക്കുന്ന ഉപഗ്രഹം. ഭൂസ്ഥിര ഭ്രമണപഥത്തിലെ സ്വയം പര്യാപ്തതയ്‌ക്കൊപ്പം മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഭാവി പദ്ധതികളും ലക്ഷ്യം വച്ചുള്ള ഇന്ത്യന്‍ വഹനമാണ് മാര്‍ക്ക് ത്രീ.