Asianet News MalayalamAsianet News Malayalam

സ്കാറ്റ്സാറ്റ്-1 ഉൾപ്പടെ എട്ട് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-35 വിക്ഷേപിച്ചു

ISRO PSLV SCATSAT1 takes off today carry eight satellites
Author
New Delhi, First Published Sep 26, 2016, 3:59 AM IST

ശ്രീഹരിക്കോട്ട: കാലാവസ്ഥാനിരീക്ഷണത്തിന് വേണ്ടിയുള്ള സ്കാറ്റ്സാറ്റ്-1 ഉൾപ്പടെ എട്ട് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-35 വിക്ഷേപിച്ചു. രാവിലെ 9.12 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്നായിരുന്നു വിക്ഷേപണം. ഒരേ ദൗത്യത്തിൽ ഉപഗ്രഹങ്ങളെ രണ്ട് വ്യത്യസ്ത ഭ്രമണപഥത്തിലെത്തിയ്ക്കുന്ന ആദ്യത്തെ പിഎസ്എൽവി വിക്ഷേപണമാണിത്.

ഇന്ത്യയുടെ ഏറ്റവും വിശ്വസ്തമായ പിഎസ്എൽവിയുടെ 36 ആമത് വിക്ഷേപണമാണ് നടന്നത്. ചുഴലിക്കാറ്റ് പോലുള്ള കാലാവസ്ഥാമാറ്റങ്ങളെ പ്രവചിക്കാന്‍ കഴിവുള്ള സ്കാറ്റ്സാറ്റ് ഒന്ന് എന്ന ഉപഗ്രഹവും വഹിച്ചുകൊണ്ടുള്ള യാത്ര. 

അമേരിക്കയുടെ പാത്ത് ഫൈൻഡർ ഒന്ന് ഉൾപ്പടെ അഞ്ച് വിദേശ ഉപഗ്രഹങ്ങളെയും ഐഐടി ബോംബെയിൽ നിന്നുൾപ്പടെയുള്ള രണ്ട് വിദ്യാർഥി നിർമ്മിത ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കും. പിഎസ്എൽവി സി - 35 ന്‍റെ പ്രത്യേകതകൾ ഇതു മാത്രമല്ല. ഒരേ ദൗത്യത്തിൽ ഉപഗ്രഹങ്ങളെ രണ്ട് വ്യത്യസ്ത ഭ്രമണപഥത്തിലെത്തും ചരിത്രപരമായ ദൗത്യം കൂടിയാണ് ഇതിലൂടെ ഐഎസ്ആർഒ ഏറ്റെടുത്തിരിയ്ക്കുന്നത്. ഇത്തരത്തിലുള്ള പിഎസ്എൽവിയുടെ ആദ്യദൗത്യമാണിത്.

പിഎസ്എൽവിയുടെ ഏറ്റവും ദൈർഘ്യമേറിയ ദൗത്യം കൂടിയാണ് ഇത്. വിക്ഷേപിച്ച് രണ്ട് മണിക്കൂറും 15 മിനിറ്റുമെടുത്താണ് പിഎസ്എൽവി 35 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിയ്ക്കുക. 377 കിലോയാണ് പിഎസ്എൽവിയുടെ മൊത്തം ഭാരം. അഞ്ച് വിദേശ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിയ്ക്കുക വഴി വലിയ സാമ്പത്തികലാഭമാണ് ഐഎസ്ആർഒയ്ക്ക് ലഭിച്ചിരിയ്ക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 

പിഎസ്എൽവിയുടെ ഇന്നത്തെ പ്രകടനം മികച്ച രീതിയിലായാൽ വർഷം തോറും പന്ത്രണ്ട് തവണയെങ്കിലും പിഎസ്എൽവി ഉപയോഗിച്ച് ഉപഗ്രഹവിക്ഷേപണത്തിനുള്ള കരാറുകൾ സ്വന്തമാക്കുകയെന്ന ഐഎസ്ആർഒയുടെ ലക്ഷ്യത്തിലേയ്ക്കുള്ള ഒരു ചുവടു പടി കൂടിയാകും ഇത്.

Follow Us:
Download App:
  • android
  • ios