- Home
- Technology
- Gadgets (Technology)
- വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി, പുത്തന്‍ ചിപ്പ്; വണ്‍പ്ലസ് 15ആര്‍ ഫീച്ചറുകള്‍ അറിവായി
വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി, പുത്തന്‍ ചിപ്പ്; വണ്‍പ്ലസ് 15ആര്‍ ഫീച്ചറുകള്‍ അറിവായി
വണ്‍പ്ലസ് 15ആര്‍ (OnePlus 15R) സ്‌മാര്‍ട്ട്‌ഫോണ്‍ ഡിസംബര്‍ 17-ന് ഇന്ത്യയില്‍ പുറത്തിറങ്ങുകയാണ്. ലോഞ്ചിന് മുന്നോടിയായി വണ്‍പ്ലസ് 15ആര്‍ ഫോണിന്‍റെ പ്രധാന ഫീച്ചറുകള്‍ കമ്പനി പുറത്തുവിട്ടു.

7,400 എംഎഎച്ച് ബാറ്ററി
വണ്‍പ്ലസ് ബ്രാന്‍ഡിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി 7,400 എംഎഎച്ചിന്‍റെത് വണ്‍പ്ലസ് 15ആര്‍ സ്‌മാര്‍ട്ട്‌ഫോണില്‍ ഉള്‍പ്പെടും. വണ്‍പ്ലസ് 15 ഫോണിലെ 7,300 എംഎഎച്ചിന്‍റെ റെക്കോര്‍ഡാണ് ഇതോടെ തകരുക.
80 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ്
ഗെയിമിംഗിനും സ്‌ട്രീമിംഗിനും ദീര്‍ഘ സമയം ചാര്‍ജ് നല്‍കുന്ന ബാറ്ററിയായിരിക്കും ഇത്. സിലിക്കോണ്‍ നാനോസ്റ്റാക്ക് സാങ്കേതികവിദ്യയിലുള്ളതാണ് ഈ 7,400 എംഎഎച്ച് ബാറ്ററി. 80 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയാണ് വണ്‍പ്ലസ് 15ആര്‍ ഫോണിനുണ്ടാവുക.
165Hz അമോലെഡ് സ്‌ക്രീന്‍
വണ്‍പ്ലസ് 15ആര്‍ സ്‌മാര്‍ട്ട്‌ഫോണ്‍ വരിക 165Hz 1.5കെ അമോലെഡ് ഡിസ്‌പ്ലെ സഹിതമാണ്. ഇതിന്‍റെ പീക്ക് ബ്രൈറ്റ്നസ് 1,800 നിറ്റ്‌സായിരിക്കും. കൂടുതല്‍ സമയം സ്‌ക്രീനില്‍ ചിലവഴിക്കുമ്പോള്‍ കണ്ണിന് പ്രശ്‌നമുണ്ടാകാതിരിക്കാനുള്ള സാങ്കേതികവിദ്യയുമുണ്ടാകും.
ക്യാമറ സവിശേഷതകള്‍
120 ഫ്രെയിംസ് പെര്‍ സെക്കന്‍ഡില്‍ 4കെ വീഡിയോ റെക്കോര്‍ഡ് ചെയ്യാനുള്ള ശേഷി വണ്‍പ്ലസ് 15ആര്‍ സ്‌മാര്‍ട്ട്‌ഫോണിനുണ്ടാകും എന്നാണ് വിവരം. ഫ്ലാഗ്‌ഷിപ്പ് വണ്‍പ്ലസ് 15ല്‍ മാത്രം മുമ്പ് ലഭ്യമായിരുന്ന ഫീച്ചറാണിത്. ഡുവല്‍ ക്യാമറ സജ്ജീകരണമാണ് പറയപ്പെടുന്നതെങ്കിലും സെന്‍സര്‍ കപ്പാസിറ്റി പുറത്തുവിട്ടിട്ടില്ല.
ചിപ്പ്
വണ്‍പ്ലസ് 15ആര്‍ ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 8 ജെന്‍ 5 ചിപ്‌സെറ്റിലാണ് തയ്യാറാക്കിയിരിക്കുന്നത്. ക്വാല്‍കോമുമായി ചേര്‍ന്ന് രണ്ട് വര്‍ഷമെടുത്താണ് ഈ പ്ലാറ്റ്‌ഫോം സൃഷ്‌ടിച്ചതെന്ന് വണ്‍പ്ലസ് അവകാശപ്പെടുന്നു. സ്‌നാപ്‌ഡ്രാഗണ്‍ 8 ജെന്‍ 5 ചിപ്‌സെറ്റിലിറങ്ങുന്ന ആദ്യ ഫോണായിരിക്കും വണ്‍പ്ലസ് 15ആര്‍.
ലോഞ്ചും വിലയും
വണ്‍പ്ലസ് 15ആര്‍ ബെംഗളൂരുവില്‍ ഡിസംബര്‍ 17ന് അവതരിപ്പിക്കും. ഫോണിന്‍റെ വില ഇതുവരെ പുറത്തുവന്നിട്ടില്ല. 42,999 രൂപ വിലയിലാണ് ഇതിന്‍റെ മുന്‍ഗാമിയായ വണ്‍പ്ലസ് 13ആര്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയിരുന്നത്.

