മുകേഷ് അംബാനി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫറിന്‍റെ ഭാഗമായാണ് സേവനം ദീര്‍ഘിപ്പിക്കുന്നതെന്ന് മുകാശ് അംബാനി പറഞ്ഞു. നോട്ട് അസാധുവാക്കിയ പ്രധാനമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായും മുകേഷ് അംബാനി മുംബൈയില്‍ പറഞ്ഞു.

ജിയോ സൗജന്യ സേനവങ്ങളുടെ സമയപരിധി ദീര്‍ഘിപ്പിക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇന്നാണ് ഇത് സംബന്ധിച്ച് ഔദ്ദ്യോഗിക പ്രഖ്യാപനമുണ്ടായത്. ജിയോയുടെ കോള്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സമില്ലാതെ ലഭിക്കുന്നില്ലെന്ന നിരവധി പരാതികള്‍ ഇപ്പോഴും ഉപഭോക്താക്കള്‍ ഉയര്‍ത്തുന്നുണ്ട്. സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താതെ പണം വാങ്ങുന്നത് ശരിയല്ലെന്ന് വിലയിരുത്തലാണ് നേരത്തെ തന്നെ റിലയന്‍സിന് ഉണ്ടായത്. ഇത് കമ്പനിയെക്കുറിച്ച് ഉപഭോക്താക്കളില്‍ മോശം അഭിപ്രായമുണ്ടാക്കുമെന്നും നിലവിലുള്ള ഉപഭോക്താക്കളെ തന്നെ ജിയോയില്‍ നിന്ന് അകറ്റുമെന്നും കമ്പനി വിലയിരുത്തി. മറ്റ് കമ്പനികള്‍ ഇന്റര്‍ കണക്ഷന്‍ നല്‍കാത്തതാണ് കോളുകള്‍ കണക്ട് ചെയ്യുന്നതില്‍ പ്രശ്നമെന്ന് നേരത്തെ ജിയോ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോരിറ്റിയില്‍ ജിയോ പരാതിയിലും നല്‍കിയിരുന്നു. പരാതി പരിശോധിച്ച ട്രായ് എയര്‍ടെല്‍. ഐഡിയ, വോഡഫോണ്‍ കമ്പനികള്‍ക്ക് വന്‍തുക പിഴ വിധിച്ചു. ഇതിന് ശേഷം മറ്റ് കമ്പനികള്‍ ഇന്റര്‍കണക്ഷന്‍ നല്‍കി തുടങ്ങിയെങ്കിലും ജിയോയുടെ പ്രശ്നങ്ങള്‍ അവസാനിച്ചില്ല.