മുംബൈക്ക് പുറമെ ബെംഗളൂരു, ചെന്നൈ, ദില്ലി, പൂനെ, കൊല്‍ക്കത്ത, ഹൈദരാബാദ്, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലും ജിയോ നെറ്റ്‌വര്‍ക്കില്‍ പ്രശ്‌നം

മുംബൈ: രാജ്യമെമ്പാടും സ്വകാര്യ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയുടെ സേവനങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ തടസം നേരിടുന്നതായി റിപ്പോര്‍ട്ട്. ജിയോയുടെ നെറ്റ്‌വര്‍ക്ക് ലഭ്യമല്ല എന്ന് മഹാനഗരമായ മുംബൈയില്‍ നിന്ന് നിരവധി ഉപഭോക്താക്കളാണ് എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പരാതിപ്പെട്ടത്. മുംബൈയില്‍ ജിയോ സേവനം തടസപ്പെട്ടതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മുംബൈക്ക് പുറമെ ബെംഗളൂരു, ചെന്നൈ, ദില്ലി, പൂനെ, കൊല്‍ക്കത്ത, ഹൈദരാബാദ്, അഹമ്മദാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലും ജിയോ നെറ്റ്‌വര്‍ക്കില്‍ പ്രശ്നമുള്ളതായി ഡിഎന്‍എയുടെ വാര്‍ത്തയില്‍ പറയുന്നു. മൊബൈല്‍ നെറ്റ്‌വര്‍ക്കിന് പുറമെ ഫൈബര്‍ കണക്ഷനെ കുറിച്ചും പരാതികളുണ്ട്. 

Scroll to load tweet…
Scroll to load tweet…

ജിയോ നെറ്റ്‌വര്‍ക്കില്‍ വന്നിരിക്കുന്ന പ്രശ്‌നം ട്രാക്കിംഗ് വെബ്‌സൈറ്റായ ഡൗണ്‍ഡിടെക്റ്ററില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൃത്യം ഉച്ചസമയത്താണ് ജിയോ ഉപഭോക്താക്കള്‍ നെറ്റ്‌വര്‍ക്കില്‍ പ്രശ്നങ്ങളുള്ളതായി കൂടുതലും പരാതിപ്പെട്ടത്. നോ സിഗ്നല്‍ എന്നായിരുന്നു ഡൗണ്‍ഡിടെക്റ്ററില്‍ വന്ന 68 ശതമാനം പരാതികളും. 18 ശതമാനം പേര്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് തകരാറിനെ കുറിച്ചും 14 ശതമാനം ജിയോ ഫൈബറിലെ പ്രശ്നങ്ങളെ കുറിച്ചും പരാതി രേഖപ്പെടുത്തി. എന്നാല്‍ നിലവില്‍ ഉപഭോക്താക്കള്‍ നേരിടുന്ന നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങളെ കുറിച്ച് ജിയോ സാമൂഹ്യമാധ്യമങ്ങളില്‍ വിശദീകരണം പങ്കുവെച്ചിട്ടില്ല. അതേസമയം ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ, ബിഎസ്എന്‍എല്‍ എന്നിവയുടെ സേവനങ്ങള്‍ തടസമില്ലാതെ ലഭ്യമാണ്. 

ഇന്ന് ഉച്ചയ്ക്ക് 12.18 ആയപ്പോഴേക്ക് 10,367 പരാതികള്‍ ജിയോ നെറ്റ്‌വര്‍ക്കിലെ തകരാര്‍ സംബന്ധിച്ച് ഡൗണ്‍ഡിടെക്റ്ററില്‍ വന്നു. രാവിലെ 10.13ന് ഏഴും, 11.13ന് 653 ഉം പരാതികള്‍ മാത്രമാണുണ്ടായിരുന്നത്. 

Read more: 'എല്ലാവരും ഓഫീസിലേക്ക് തിരിച്ചു പോരേ'; വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് ആമസോണ്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം