ദില്ലി: ജിയോ ഫോണ്‍ ബുക്ക് ചെയ്തകാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍‌ത്ത. പരോക്ഷമായി ഫ്രീയെന്ന് പറയാവുന്ന ജിയോ 4ജി ഫീച്ചര്‍ ഫോണുകള്‍ ഒക്ടോബര്‍‌ 6നുള്ളില്‍‌ ഉപയോക്താക്കളുടെ കയ്യില്‍ എത്തും. ആദ്യഘട്ടത്തില്‍ ഫോണ്‍‌ ബുക്ക് ചെയ്ത 60 ലക്ഷം പേര്‍ക്കാണ് ഒക്ടോബര്‍ 6നുള്ളില്‍ ഡെലിവറി റിലയന്‍സ് പൂര്‍ത്തിയാക്കുക. ദീപാവലിയോടെ ആദ്യഘട്ടത്തില്‍ ബുക്ക് ചെയ്ത ഫോണുകള്‍ എത്തിക്കാന്‍ ആണ് റിലയന്‍സ് ഉദ്ദേശിക്കുന്നത്.

നേരത്തെ ജിയോഫോണ്‍ ഉപയോക്താക്കളുടെ കൈയ്യില്‍ എത്തുന്നത് വൈകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ രണ്ടാംഘട്ടം ബുക്കിംഗും ദീപവലിയോട് അനുബന്ധിച്ച് തുടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ചില മെട്രോപോളിറ്റന്‍ നഗരങ്ങളില്‍ ഇതിനകം ഫോണുകള്‍ എത്താന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

ആദ്യഘട്ടത്തില്‍ വലിയ നഗരങ്ങളിലും പിന്നീട് ചെറുകിട നഗരങ്ങളിലും അവസാനം ഗ്രാമപ്രദേശത്തും എന്ന രീതിയിലാണ് ജിയോ ഫോണുകള്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്. വോള്‍ട്ട് കോളിംഗ് സാധ്യമാകുന്ന ഫീച്ചര്‍ ഫോണ്‍ എന്നതാണ് ജിയോ ഫോണിന്‍റെ പ്രത്യേകത. എന്നാല്‍ ഈ ഫോണില്‍ ജിയോ സിം മാത്രമേ ഉപയോഗിക്കാന്‍ കഴിയും.