9,000 എംഎഎച്ച് കരുത്തില്‍ വണ്‍പ്ലസ് പുറത്തിറക്കുന്ന സ്മാര്‍ട്ട്‌ഫോണിന്‍റെ ബ്രാന്‍ഡ് നെയിം ഇതുവരെ വ്യക്തമായിട്ടില്ല. ചൈനയില്‍ ടര്‍ബോ ശ്രേണിയിലും മറ്റ് രാജ്യങ്ങളില്‍ നോര്‍ഡ് നിരയിലുമാവും ഈ ഫോണ്‍ അവതരിപ്പിക്കുക എന്ന് റിപ്പോര്‍ട്ട്.
ദില്ലി: 9,000 എംഎഎച്ച് കരുത്തിലുള്ള ബാറ്ററിയോടെ വണ്‍പ്ലസ് പുത്തന്‍ സ്‌മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആന്‍ഡ്രോയ്‌ഡ് അതോറിറ്റിയാണ് ഇക്കാര്യം പുറത്തുവിട്ടത്. വോക്‌സ്‌വാഗന്‍ എന്ന് ആഭ്യന്തരമായി അറിയപ്പെടുന്ന ഈ ഡിവൈസ് ക്വാല്‍കോമിന്‍റെ സ്‌നാപ്‌ഡ്രാഗണ്‍ 8എസ് ജെന്‍ 4 പ്രോസസറില്‍ പുറത്തിറക്കുന്ന സ്‌മാര്‍ട്ട്‌ഫോണാണ് എന്നാണ് ആന്‍ഡ്രോയ്‌ഡ് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുൻനിരയിലുള്ള വൺപ്ലസ് 15 സീരീസിന് താഴെയാവും 9,000 എംഎഎച്ച് ബാറ്ററി സഹിതം പുറത്തിറക്കുന്ന ഫോണിന്‍റെ സ്ഥാനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
9,000 എംഎഎച്ച് ബാറ്ററി ആകര്‍ഷണം
9,000 എംഎഎച്ച് കരുത്തില്‍ വണ്‍പ്ലസ് പുറത്തിറക്കുന്ന സ്മാര്‍ട്ട്‌ഫോണിന്‍റെ ബ്രാന്‍ഡ് നെയിം ഇതുവരെ വ്യക്തമായിട്ടില്ല. ഈ ഫോണ്‍ വണ്‍പ്ലസ് നോര്‍ഡ് 6, വണ്‍പ്ലസ് ടര്‍ബോ എന്നീ പേരുകളില്‍ അറിയപ്പെടാന്‍ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. എന്തായാലും, 2026 ജനുവരിയുടെ തുടക്കത്തില്‍ വണ്‍പ്ലസ് ഈ പുതിയ ഫോണ്‍ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷ. 9,000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിക്ക് പുറമെ 80 വാട്‌സ് ഫാസ്റ്റ് വയേര്‍ഡ് ചാര്‍ജിംഗ് സൗകര്യവും പുത്തന്‍ ഫോണിലുണ്ടായേക്കാം. ബെഞ്ച്‌മാര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ഗീക്ക്‌ബെഞ്ചില്‍ ഒരു വണ്‍പ്ലസ് ടര്‍ബോ മോഡല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. PLU110 എന്ന മോഡല്‍ നമ്പറിലാണ് ഈ ഫോണ്‍ ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. ഈ വിവരങ്ങളില്‍ ബാറ്ററി കപ്പാസിറ്റിയും ചിപ്പ്‌സെറ്റും നല്‍കിയിട്ടുണ്ട്. ഇത് വ്യക്തമാക്കുന്നത് വരാനിരിക്കുന്ന വണ്‍പ്ലസ് ഫോണ്‍ മോഡല്‍ തന്നെയാണ് ഈ ടര്‍ബോ വേരിയന്‍റ് എന്നാണ്.
ഡിസ്‌പ്ലെ ഫീച്ചറുകള്‍
എന്നാല്‍ ഈ വണ്‍പ്ലസ് ടര്‍ബോ മോഡല്‍ ചൈനയില്‍ മാത്രമായിരിക്കും ലഭ്യമാവുകയെന്നും ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളില്‍ ചെറിയ ഹാര്‍ഡ്‌വെയര്‍ മാറ്റങ്ങളോടെ റീബ്രാന്‍ഡ് ചെയ്‌താവും ഫോണ്‍ അവതരിപ്പിക്കുക എന്നും പറയപ്പെടുന്നു. അതിനാല്‍ തന്നെ ഇന്ത്യയില്‍ വണ്‍പ്ലസ് നോര്‍ഡ് 6 എന്നായിരിക്കാം 9,000 എംഎഎച്ച് ബാറ്ററി കരുത്തിലുള്ള ഈ ഫോണിന്‍റെ പേര്. 165 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിലുള്ള 1.5K റെസലൂഷന്‍ ഡിസ്‌പ്ലെയാണ് പുതിയ ടര്‍ബോ മൊബൈല്‍ മോഡലിന് പ്രതീക്ഷിക്കുന്നത്. വണ്‍പ്ലസ് 15, വണ്‍പ്ലസ് 15ആര്‍ ഹാന്‍ഡ്‌സെറ്റുകളില്‍ ഉപയോഗിച്ചിരിക്കുന്ന സമാന ഡിസ്‌പ്ലെയാണിത്. ഈ ഡിസ്‌പ്ലെ എല്‍ടിപിഎസ് സാങ്കേതികവിദ്യ ഉപയോഗിക്കും എന്നും പറയപ്പെടുന്നു. ഇരട്ട റിയര്‍ ക്യാമറയാണ് ടര്‍ബോ ഫോണ്‍ മോഡലില്‍ പറയപ്പെടുന്നതെങ്കിലും സെന്‍സറുകളുടെ വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമല്ല.



