ചെന്നൈ: നടന്‍ കമല്‍ ഹാസന്‍ 63-ാം പിറന്നാള്‍ ദിനത്തില്‍ ജനങ്ങളുമായി സംവദിക്കുവാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. മയ്യം വിസില്‍ എന്ന പേരിലാണ് ആപ്പ് പുറത്തിറക്കിയത്. അഴിമതി നടക്കുമ്പോള്‍ ജനങ്ങള്‍ക്ക് സംസാരിക്കാനുള്ള വേദിയാണ് ഈ ആപ്പെന്നും കമല്‍ പറഞ്ഞു.

ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് ശരിയായ രീതിയില്‍ വേണം. തമിഴ്‌നാടിനെ നന്മയുടെ ദേശമാക്കുകയാണ് ലക്ഷ്യം. അധികാരത്തിലെത്തിയാല്‍ തന്നെ ചൂണ്ടിയും വിസിലടിക്കാമെന്നും കമല്‍ ചെന്നൈയില്‍ പറഞ്ഞു. അതേസമയം, ആരാധകർ കാതോർത്തിരുന്ന രാഷ്ട്രീയ പ്രഖ്യാപനം കമൽ നടത്തിയില്ല.

ചെന്നൈയിലെ ശക്തമായ മഴ പ്രമാണിച്ച് പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങള്‍ വേണ്ടെന്നും കമല്‍ തീരുമാനിച്ചിരുന്നു. നേരത്തേ, കമല്‍ ഹാസന്‍ നവംബര്‍ ഏഴിന് പാര്‍ട്ടി രൂപീകരിക്കുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകില്ലെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു.