വാഷിംങ്ടണ്‍: റഷ്യന്‍ നിര്‍മ്മിത ആന്‍റി വൈറസ് കാസ്പറസ്കി റഷ്യയുടെ ഹാക്കിംഗ് ഉപകരണമാണെന്ന് ആരോപണം. ഇത് സംബന്ധിച്ച നിര്‍ണ്ണായക തെളിവുകള്‍ ഇസ്രയേല്‍ ചാരന്മാര്‍ കണ്ടെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ലോകത്ത് ആകമാനം 4കോടിയോളം സിസ്റ്റങ്ങളില്‍ ഉപയോഗിക്കുന്ന ആന്‍റി വൈറസാണ് കാസ്പറസ്കി. കഴിഞ്ഞ മാസം അമേരിക്കയിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ ഔദ്യോഗികമായി കസ്പറസ്കി ആന്‍റി വൈറസ് ഉപയോഗിക്കുന്നത് വിലക്കിയിരുന്നു.

രണ്ട് കൊല്ലം മുന്‍പാണ് ഇസ്രയേലിന്‍റെ ഹാക്കര്‍മാര്‍ കാസ്പറസ്കിയുടെ നെറ്റ്വര്‍ക്ക് ഹാക്ക് ചെയ്ത് നിര്‍ണ്ണായക വിവരങ്ങള്‍ കണ്ടെത്തിയത് എന്നും. ഇത് സമീപമാസം മാത്രമാണ് അമേരിക്കയെ അറിയച്ചത് എന്നുമാണ് ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്ത ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.

അമേരിക്കന്‍ ദേശീയ സുരക്ഷ ഏജന്‍സിയുടെ ഹാക്കിംഗ് ടൂളുകള്‍ കാസ്പറസ്കി ആന്‍റിവൈറസ് വഴി റഷ്യയുടെ കൈയ്യിലെത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ഈ വിവരത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് കാസ്പറസ്കി നിരോധിക്കുന്ന നീക്കത്തിലേക്ക് അമേരിക്കയെ എത്തിച്ചത് എന്നാണ് വാഷിംങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അതേ സമയം യുഎസിന്‍റെ ഹാക്കിംഗ് ടൂളുകള്‍ ഉപയോഗിച്ച് അമേരിക്കയിലെ തന്നെ സാമ്പത്തിക, പ്രതിരോധ മേഖലയില്‍ കടന്നുകയറാന്‍ റഷ്യന്‍ ഹാക്കര്‍മാര്‍ക്ക് വഴി തെളിഞ്ഞെക്കാം എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം കാസ്പറസ്കി നിരോധനത്തില്‍ കഴിഞ്ഞ മാസം അമേരിക്കയിലെ റഷ്യന്‍ എംബസി പ്രതിഷേധം അറിയിച്ചിരുന്നു. 

എന്നാല്‍ ഇത്തരം ചാരപ്രവര്‍ത്തനങ്ങളില്‍ കാസ്പറസ്കിക്ക് യാതോരു പങ്കും ഇല്ലെന്നാണ് കമ്പനി പറയുന്നത്. ഒരു സര്‍ക്കാറിനെയും കാസ്പറസ്കി സഹായിക്കുന്നില്ലെന്നാണ് ഇവരുടെ വാദം.