തിരുവനന്തപുരം: കേരള സൈബര്‍ വാരിയേഴ്സ് എന്ന ഹാക്കിംഗ് ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഫേസ്ബുക്കില്‍ കേരള സൈബര്‍ വാരിയേഴ്സിന്‍റെ പേരിലുള്ള ഗ്രൂപ്പില്‍ അഡ്മിന്‍ തന്നെയാണ് ഈ കാര്യം അറിയിച്ചത്. 2015 ഒക്ടോബര്‍ 23ന് ആരംഭിച്ച കെസിഡബ്യൂ 2018 ജനുവരി 24ന് പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഗ്രൂപ്പില്‍ ഇട്ട പോസ്റ്റില്‍ പറയുന്നു. കെസിഡബ്യൂയുടെ പേരില്‍ വേറെ ആരെങ്കിലും ഗ്രൂപ്പ്‌ തുടങ്ങിയാൽ അതിനു ഞങ്ങൾ ഉത്തരവാദികൾ അല്ലെന്നും അഡ്മിന്‍റെ കുറിപ്പില്‍ പറയുന്നു.

എത്തിക്കാല്‍ ഹാക്കിംഗ് ഗ്രൂപ്പ് എന്ന നിലയില്‍ ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ക്കെതിരെയും, സ്ത്രീ സുരക്ഷയ്ക്കും വേണ്ടി ഏറെ കാര്യങ്ങള്‍ ചെയ്തെന്ന് അവകാശപ്പെടുന്ന ഗ്രൂപ്പാണ് കേരള സൈബര്‍ വാരിയേഴ്സ്. എന്നാല്‍ ഇവര്‍ക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. അതേ സമയം കേരള സൈബര്‍ വാരിയേഴ്സ് എന്ന പേരില്‍ പലരും ഹാക്കിംഗുകള്‍ നടത്തുന്നതും അത് ഉണ്ടാക്കുന്ന പ്രതിസന്ധികളുമാണ് കേരള സൈബര്‍ വാരിയേഴ്സ് കോര്‍ ടീമിനെ ഈ സംരംഭത്തില്‍ നിന്നും പിന്‍മാറന്‍ പ്രേരിപ്പിച്ചത് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു അംഗം പറഞ്ഞത്.

ഒപ്പം തന്നെ യഥാര്‍ത്ഥ ജീവിതത്തില്‍ മറ്റ് പല പ്രഫഷണലുകള്‍ ചെയ്യുന്നവരാണ് ഈ സംഘത്തില്‍. അതിനാല്‍ അടുത്തിടെ ഈ സംഘത്തില്‍ വന്ന ചില സുരക്ഷ പാളിച്ചകള്‍ കേരള സൈബര്‍ വാരിയേഴ്സിന്‍റെ നിലനില്‍പ്പിനെ തന്നെ അപകടത്തിലാക്കുന്ന രീതിയില്‍ ആയിരുന്നുവെന്നാണ് സൂചന. ഇതും പുതിയ പിന്‍മാറ്റത്തിന് കാരണമായിട്ടുണ്ട്.