തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ പുതിയ ഐടി നയത്തിന്‍റെ ഫ്രൈംവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച്ച നിയമസഭയില്‍ അവതരിപ്പിച്ചു. നഗരങ്ങള്‍ക്കൊപ്പം ഗ്രാമങ്ങളേയും പഞ്ചായത്തുകളേയും സ്മാര്‍ട്ടാക്കും. സര്‍ക്കാരും ജനങ്ങളുമായുള്ള പണമിടപാടുകള്‍ക്ക് ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിങ്ങ് സംവിധാനങ്ങളും വ്യാപകമാക്കുക. ചെറുകിട, ഇടത്തരം സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ വിപണനകേന്ദ്രം തുറക്കുക. പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ആപ്ലിക്കേഷനുകള്‍ക്കായി കേരള ആപ് സ്റ്റോര്‍,സര്‍ക്കാര്‍ ഇടപാടുകള്‍ക്കായി ഏകജാലക പോര്‍ട്ടല്‍ എന്നിവയും നയത്തിലുണ്ട്. 

കേരളത്തില്‍ ഇപ്പോള്‍ തന്നെ 90 ശതമാനം ജനങ്ങളും ആധാറിന്‍റെ കീഴില്‍ വന്നിട്ടുണ്ട്, അതിനാല്‍ തന്നെ  എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളുമായും ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുമെന്ന് ഐടി നയത്തില്‍ പറയുന്നു. എന്നാല്‍ ആധാര്‍ ഇല്ല എന്ന കാരണത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നിഷേധിക്കില്ല. ഓരോ മേഖലയിലും നടപ്പാക്കാനുദ്ദേശിക്കുന്ന എട്ട് ഉപനയങ്ങളുടെ രേഖകളും ഐടി നയത്തിന്‍റെ ഭാഗമാണ്. ഭരണരംഗത്തെ ഡിജിറ്റല്‍ വത്കരണം, വ്യവസായ പ്രോത്സാഹനം, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിനിയോഗം, നൂതന സാങ്കേതികവിദ്യകളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കല്‍, വൈജ്ഞാനിക സമൂഹത്തിനാവശ്യമായ മാനവ വിഭവശേഷി വര്‍ധിപ്പിക്കല്‍, ഉത്തരവാദിത്തപൂര്‍ണമായ സൈബര്‍ ഉപയോഗവും സൈബര്‍ സുരക്ഷയും, ഡിജിറ്റല്‍ സംഭരണനയം, ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് എട്ട് ഉപനയങ്ങള്‍. ആദ്യമായാണ് ഐടി നയത്തോടൊപ്പം ഉപനയങ്ങള്‍ അവതരിപ്പിക്കുന്നത്.

കേരളത്തിലെ ഐടി മേഖലകളില്‍ പുതിയ നിക്ഷേപം എത്തിക്കുക, സംസ്ഥാനത്ത് തന്നെ പുതിയ സംരംഭകരെ ഉണ്ടാക്കുക എന്നീ രണ്ട് നയങ്ങളില്‍ അധിഷ്ഠിതമായാണ് സംസ്ഥാന ഐടി നയം. രണ്ടരലക്ഷം പുതിയ ജോലികള്‍ സൃഷ്ടിക്കുക എന്നത് ഐടി നയത്തിന്‍റെ ഭാഗമാണ്.  സൈബര്‍ സുരക്ഷ, സ്വകാര്യത, ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കും. സ്വതന്ത്ര ഓപ്പണ്‍ സാങ്കേതിക വിദ്യകളുടെ ഉപയോഗം വര്‍ധിപ്പിക്കും. വീട്ടമ്മമാരെ കൂടി പങ്കെടുപ്പിച്ച് ഇലക്ട്രോണിക് ഉല്‍പ്പന്നനിര്‍മ്മാണം ആരംഭിക്കും. ഈ രംഗത്ത് ആഗോള ഹബ്ബായി സംസ്ഥാനത്തെ മാറ്റും.

ഡിജിറ്റല്‍ സാങ്കേതികവിദ്യ ജനക്ഷേമത്തിന് മാത്രമല്ല ആധുനിക വ്യവസായങ്ങളുടെ ത്വരിതഗതിയിലുള്ള വികസനത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും ഉത്തേജനം നല്‍കും. മൂന്ന് തരത്തില്‍ ഇത് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.  ഉല്‍പാദന മേഖലയില്‍ ഐടി സന്നിവേശിപ്പിക്കുമ്പോള്‍ കാര്യക്ഷമത ഉയരുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ ഫലപ്രദമായി ജനങ്ങള്‍ക്ക് നേരിട്ട് എത്തിക്കുന്നതിന് കഴിയുന്നു. 

നയരേഖ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും വിദഗ്ധര്‍ക്കും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അവതരിപ്പിക്കാം. ഇങ്ങനെ ലഭിക്കുന്ന നിര്‍ദേശങ്ങളില്‍ സ്വീകാര്യമായവ കൂടി അന്തിമനയത്തില്‍ ഉള്‍പ്പെടുത്തും.