തിരുവനന്തപുരം: അത്യാധുനിക സംവിധാനവുമായി കെ.എസ്.ഇ.ബിയുടെ റിച്ചാര്‍ജബിള്‍ മീറ്റര്‍ ഉടനെത്തും. ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എ.ടി.എം.കാര്‍ഡ് പോലെ പണമടച്ച കാര്‍ഡ് ഉപയോഗിച്ച് മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാം. പൈസാ തീരുന്ന ദിവസം ഓട്ടോമാറ്റിക്കായി കറണ്ട് വിഛേദിക്കപ്പെടുകയും ചെയ്യും. മൊബൈല്‍ സിം പോലെ റീച്ചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് കാര്‍ഡ് വഴിയായിരിക്കും ഇനിമുതല്‍ കെ.എസ്.ഇ.ബിയുടെ ബില്ലിങ് നടക്കുക.

ആളുകള്‍ വീട്ടിലില്ലാത്തപ്പോള്‍ എത്തുന്ന റീഡറേയും, പണമടക്കാന്‍ വൈകിയതിനാല്‍ കട്ട് ചെയ്യുന്ന പതിവ് സംവിധാനവും ഇനി പേടിക്കേണ്ട എന്നതാണ് ഈ പുതിയ സംവിധാനത്തിന്റെ ഗുണം. ഹൈട്ടെക്ക് സംവിധാനവുമായി എത്തിയതിനു പിന്നില്‍ കെ.എസ്.ഇ.ബിയുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത വരുത്തുക, കറണ്ട് മോഷണം തടയുക എന്നിവയൊക്കെയാണ്. 

എത്രമാത്രം വൈദ്യുതിയുടെ ഉപയോഗം നടന്നിട്ടുണ്ട് എന്ന് അറിയാന്‍ കഴിയുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ ക്രമീകരണം നടത്താനും ഇതിലൂടെ സാധിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്ത് വികസിപ്പിച്ചെടുക്കാന്‍ പോകുന്ന സംവിധാനമാണ് പുതിയ ഹൈടെക്ക് മീറ്റര്‍. 

ഉപഭോക്താവിന് ഒരു ദിവസത്തെ കറണ്ടിന്റെ ചിലവിനെ സംബന്ധിക്കുന്ന പൂര്‍ണമായ വിവരം ഹൈട്ടെക്ക് മീറ്ററിലൂടെ ലഭ്യമാക്കാന്‍ സാധിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ 500 യൂണിറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് ബോര്‍ഡിന്‍റെ തീരുമാനം.