Asianet News MalayalamAsianet News Malayalam

ലെനോവയും, ആപ്പിളും ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മുന്നേറുന്നു

Lenovo, Apple among fastest growing smartphone vendors in India
Author
Mumbai, First Published May 8, 2016, 5:05 AM IST

ദില്ലി: ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വര്‍ഷംതോറും 12 ശതമാനം വളര്‍ച്ച ഉണ്ടാകുന്നതായി അവലോകന കമ്പനിയായ കാനാലിസ് റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ 24.4 മില്ല്യണ്‍ ഫോണുകളാണ് ഇന്ത്യയില്‍ എത്തിയത്. സാംസങ്ങ്, മൈക്രോമാക്‌സ്, ഇന്‍റക്സ്, ലെനോവോ, ലാവ എന്നിവയാണ് ഇന്ത്യന്‍ വിപണികളില്‍ സ്ഥിരം സാന്നിധ്യം ഉറപ്പിച്ച ബ്രാന്‍ഡുകള്‍. ഈ വര്‍ഷം ലെനോവോയുടെ വിപണിയില്‍ 63 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ സൗകര്യങ്ങളും വിപുലമായ വിപണിയുമാണ് ലെനോവോയുടെ വളര്‍ച്ചയ്ക്ക് കാരണം. 2015 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ലെനോവോയ്ക്ക് 63 ശതമാനം വളര്‍ച്ചയാണുണ്ടായത്. എന്നാല്‍ ഈ കാലഘട്ടത്തില്‍ അന്താരാഷ്ട്ര കമ്പനിയായ മൈക്രോമാക്‌സ്, ബ്ലാക്ക്‌ബെറി, സോണി, എല്‍ജി തുടങ്ങിയ കമ്പനികളുടെ സ്മാര്‍ട്ട് ഫോണുകളുടെ വിപണിയില്‍ കനത്ത തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 

ഇന്ത്യന്‍ സ്മാര്‍ട്ട് വിപണി മാറിമറിയുന്ന കാഴ്ചയ്ക്കാണ് കഴിഞ്ഞ 18 മാസത്തിനിടെ വ്യാപാരികള്‍ സാക്ഷ്യം വഹിച്ചത്. ഓണ്‍ലൈന്‍ വിപണികളുടെ കടന്നുവരവും കൂടുതല്‍ വിദേശ കമ്പനികളുടെ ഫോണുകളും ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിച്ചു. എന്നാല്‍, ഇത്തരത്തിലുള്ള മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാഞ്ഞത് ഇന്ത്യന്‍ കമ്പനികളെ തളര്‍ത്തിയെന്ന് കാനലിസ് റിസര്‍ച്ച് അനലിസ്റ്റ് ഇഷാന്‍ ദത്ത് പറഞ്ഞു. കൂടുതല്‍ തകര്‍ച്ച നേരിട്ടതു മൈക്രോമാക്‌സിനായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തില്‍ 16.7 ശതമാനം തകര്‍ച്ചയാണ് കമ്പനിക്ക് നേരിടേണ്ടിവന്നത്.

ഇന്ത്യയിലെ കമ്പനികളില്‍ എട്ടാം സ്ഥാനത്ത് നില്ക്കുന്ന ആപ്പിളാണ് വളര്‍ച്ച കൈവരിച്ച മറ്റൊരു നിര്‍മാതാക്കള്‍. 56 ശതമാനം വളര്‍ച്ചയാണ് കമ്പനിക്കു ഉണ്ടായത്. ഇതോടെ രാജ്യത്ത് വളര്‍ച്ച കൈവരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്താണ് ആപ്പിള്‍. 

ഇന്ത്യന്‍ വിപണി കൈയടക്കി വെച്ചിരുന്ന സാംസംഗ് 2015ലെ 66 ശതമാനം വിപണി വിഹിതത്തില്‍നിന്നു 2016ലെ ആദ്യ പാദത്തില്‍ 41 ശതമാനത്തിലേക്കു താഴ്ന്നു. എന്നാല്‍, ആപ്പിളിന്റെ വിപണി വിഹിതം 11 ശതമാനത്തില്‍നിന്നു 29 ശതമാനമായി ഉയര്‍ച്ച കൈവരിച്ചു. ഐഫോണ്‍5 ന്റെ വില കുറച്ചതാണ് വിപണിയില്‍ സ്വാധീനം സൃഷ്ടിക്കാന്‍ ആപ്പിളിനെ സഹായിച്ചത്. 

Follow Us:
Download App:
  • android
  • ios