ദില്ലി: ലെനോവ കെ8 നോട്ട് ഇന്ത്യയില്‍ ഇറങ്ങി. ലോവര്‍ മിഡ് റേഞ്ച് സ്മാര്‍ട്ട് ഫോണ്‍ ഗണത്തില്‍ പെടുത്താവുന്ന ഫോണിന്‍റെ 3 ജിബി റാം, 32ജിബി മെമ്മറി പതിപ്പിന് 12,999 രൂപയാണ്. അതേ സമയം 4 ജിബി റാം, 64 ജിബി മെമ്മറി പതിപ്പിന് വില 13,999 രൂപയാണ്.  ആഗസ്റ്റ് 18ന് ഫോണ്‍ ആമസോണ്‍ വഴി വിപണിയില്‍ എത്തും. കെ6 നോട്ടിന്‍റെ പിന്‍ഗാമിയായാണ് ഈ ഫോണ്‍ എത്തുന്നത്.

ഫുള്‍ എച്ച്ഡി 5.5 സ്ക്രീന്‍ ആണ് ഫോണിനുള്ളത്. റെസല്യൂഷന്‍ 1080X1920 പിക്സലാണ്.  ഗോറില്ല ഗ്ലാസ് കവറിംഗ് ഫോണിനുണ്ട്. ഡെക്കാകോര്‍ മീഡിയ ടെക്ക് ഹെലീയോ എക്സ് 20 പ്രോസ്സസറാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഇത് ഫോണിന്‍റെ റാം ശേഷിക്ക് അനുയോജ്യമാണെന്ന് പറയാം. ഇരട്ടസിം ഉപയോഗിക്കാവുന്ന ഹൈബ്രിഡ് സിം സ്ലോട്ടുകളാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്‍റെ ശേഖരണ ശേഷി 128 ജിബിവരെ വര്‍ദ്ധിപ്പിക്കാം. 

ഇരട്ട പ്രധാന ക്യാമറയാണ് ഈ ഫോണിന്‍റെ പ്രത്യേകത. ഒന്ന് 13 എംപിയും, രണ്ടാമത്തെ ക്യാമറ 5 എംപിയുമാണ്. സെല്‍ഫിക്കായുള്ള മുന്നിലെ ക്യാമറ 13 എംപിയാണ്. 4,000 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി.