പ്രൊഫഷണലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നവമാധ്യമം ലിങ്ക്ഡ് ഇന്‍ റഷ്യ നിരോധിച്ചു. രാജ്യത്തെ പൗരന്മാരുടെ വിവരങ്ങള്‍ പുറത്തുപോകാതിരിക്കുന്നതിനാണ് ഇത്തരം കടുത്ത തീരുമാനം റഷ്യന്‍ സര്‍ക്കാര്‍ എടുത്തത്. 

റഷ്യയിലെ ടെലികോം കമ്മ്യൂണിക്കേഷന്‍ റഗുലേറ്ററിയായ 'റോസ്‌കോമ്‌നാഡ്‌സോര്‍' ആണ് ലിങ്ക്ഡ് ഇന്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

പൗരന്മാരുടെ വിവരങ്ങള്‍ രാജ്യത്തിനകത്ത് സൂക്ഷിക്കണമെന്ന നിയമം ലംഘിച്ചുവെന്ന് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തീരുമാനം എന്നാണ് റഷ്യന്‍ ടെലികോം മന്ത്രാലയം പറയുന്നത്.

അതേസമയം റഷ്യയുടെ നീക്കത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് അമേരിക്ക അഭിപ്രായപ്പെട്ടു. അടുത്തിടെ ലിങ്ക്ഡ് ഇന്‍ മൈക്രോസോഫ്റ്റ് വാങ്ങിയിരുന്നു, ഇത് തീരുമാനവുമായി ബന്ധമുണ്ടെന്നാണ് വിവരം. ഈ നീക്കത്തിലൂടെ ഭാവിയില്‍ ഫേസ്ബുക്കും ട്വിറ്ററും അടക്കമുള്ള മറ്റ് നവമാധ്യമങ്ങളേയും ബ്ലോക്ക് ചെയ്യുമൊ എന്ന് സംശയിക്കുന്നതായി ഇന്‍റര്‍നെറ്റ് വിദഗ്ദ്ധര്‍ അറിയിച്ചു

റഷ്യയില്‍ മാത്രം ലിങ്ക്ഡ് ഇന്‍ ഉപയോക്താക്കളുടെ എണ്ണം 60 ലക്ഷമാണ്. ഇതിന് പുറമെ ഇതിനെ ആശ്രയിക്കുന്ന നിരവധി സ്ഥാപനങ്ങളും ഇവിടെയുണ്ട് ഇവയെ എല്ലാം നിരോധനം ബാധിച്ചേക്കാം.