ജയ്‌പുര്‍: ആധാറുമായി മൊബൈൽ ഫോണ്‍ സിം ബന്ധിപ്പിക്കാൻ മറ്റൊരാളെ ഏൽപ്പിച്ചയാള്‍ക്ക് 1.10 ലക്ഷം നഷ്ടമായതായി പരാതി. ജയ്പൂരിലെ ജൻതാ സ്റ്റോര്‍ സ്വദേശിയായ എസ് കെ ബ്രിജ്വാനിയാണ് ആധാറുമായി സിം ബന്ധിപ്പിക്കാൻ ശ്രമിച്ചപ്പോള്‍ 1.10 ലക്ഷം രൂപ നഷ്‌ടമായെന്ന പരാതിയുമായി രംഗത്തെത്തിയത്. പ്രാദേശിക ദിനപത്രമായ പത്രികയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആധാറുമായി സിം ബന്ധിപ്പിക്കാൻ വേണ്ടി മറ്റൊരാളുടെ കൈവശം ഫോണ്‍ നൽകിയിരുന്നു. എന്നാൽ സിം ബ്ലോക്ക് ആയിപ്പോയെന്നും, പകരം ഉപയോഗിക്കാൻ മറ്റൊരു സിം നൽകുകയുമായിരുന്നു. പിന്നീട് ബാങ്കിൽ എത്തി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 1.10 ലക്ഷം നഷ്‌ടമായതായി വ്യക്തമായത്. തന്റെ സിം ഉപയോഗിച്ച് 1.10 ലക്ഷം രൂപ ബാങ്കിൽനിന്ന് പിൻവലിച്ചതായി ചൂണ്ടിക്കാണിച്ച് ബ്രിജ്വാനി പരാതി നൽകിയിട്ടുണ്ട്.