ഫ്ലിപ്പ്കാര്‍ട്ട് വഴി ഓഡര്‍ ചെയ്ത റെഡ്മീ നോട്ട് 5 പ്രോയ്ക്ക് പകരം കൊറിയറില്‍ വന്നത് മെഴുകുതിരി പെട്ടി

മലപ്പുറം: ഫ്ലിപ്പ്കാര്‍ട്ട് വഴി ഓഡര്‍ ചെയ്ത റെഡ്മീ നോട്ട് 5 പ്രോയ്ക്ക് പകരം കൊറിയറില്‍ വന്നത് മെഴുകുതിരി പെട്ടി. മലപ്പുറം കുന്നമ്പ്രത്താണ് സംഭവം. ഫനാന്‍ കുന്നമ്പ്രം എന്ന വ്യക്തിയാണ് കഴിഞ്ഞ ബുധനാഴ്ച ഫ്ലിപ്പ്കാര്‍ട്ടിലൂടെ റെഡ്മീ നോട്ട് 5 പ്രോ ഓഡര്‍ ചെയ്തതത്. ഇതിന്‍റെ തുകയായ 14,999 രൂപ അപ്പോള്‍ തന്നെ ഡെബിറ്റ് കാര്‍ഡ് വഴി അടച്ചു. ഇതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് കൊറിയര്‍ ലഭിച്ചത്.

കൊറിയര്‍ സ്വീകരിച്ച് തുറന്ന് നോക്കിയപ്പോഴാണ് മെഴുക് തിരിപെട്ടി കണ്ടത്. ഇതില്‍ കുറേ മെഴുകുതിരിയും ഒരു അലക്ക് സോപ്പും ആണ് ഉണ്ടായിരുന്നത്. അപ്പോള്‍ തന്നെ കൊറിയര്‍ ഏജന്‍സിയെ സമീപിച്ചെങ്കിലും അവര്‍ കൈമലര്‍ത്തുകയാണ് എന്നാണ് ഫനാന്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് ഫ്ലിപ്പ്കാര്‍ട്ട് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ സംഭവത്തില്‍ അന്വേഷണം നടത്താം എന്ന് പറഞ്ഞു. വില്‍പ്പനക്കാര്‍ക്കാണോ, കൊറിയര്‍ ഏജന്‍സിക്കാണോ പിഴവ് പറ്റിയതെന്ന് അന്വേഷണ ശേഷം മാത്രമേ പറയാന്‍ സാധിക്കൂ എന്നാണ് ഫ്ലിപ്പ്കാര്‍ട്ട് നിലപാട്. 

റീഫണ്ടിംഗും അതിന് ശേഷം മാത്രമായിരിക്കും നടക്കുക എന്നാണ് ഫ്ലിപ്പ്കാര്‍ട്ട് ഫനാനോട് പറഞ്ഞത്. ഇതേ സമയം സംഭവത്തില്‍ എന്തെങ്കിലും നടപടി ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും എന്നാണ് ഫനാനും കൂട്ടരും പറയുന്നത്.