ഡച്ച് സര്‍ക്കാറിന്‍റെ കീഴിലുള്ള വെബ് സൈറ്റിലെ സുരക്ഷ പിഴവ് മൂലം ആ സൈറ്റില്‍ റജിസ്ട്രര്‍ ചെയ്യപ്പെട്ട 38000 ത്തോളം ഉപയോക്താക്കളുടെ അക്കൗണ്ടുകളെ നിയന്ത്രിക്കാന്‍ സാധിക്കും എന്ന ഗുരുതരമായ പിഴവാണ് മുഹമ്മദ് അഷ്മില്‍ കണ്ടെത്തിയത്

തലശ്ശേരി: നെതര്‍ലാന്‍റ് സര്‍ക്കാറിന്‍റെ വെബ് സൈറ്റിലെ സുരക്ഷ വീഴ്ച ചൂണ്ടിക്കാട്ടി ശ്രദ്ധേയനായി കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ വിദ്യാര്‍ത്ഥി. ഡച്ച് സര്‍ക്കാറിന്‍ കീഴിലുള്ള വെബ് സൈറ്റായ http://naarnederland.nl ലെ സുരക്ഷ പിഴവാണ് കണ്ണൂര്‍ തലശ്ശേരിക്ക് അടുത്ത് കടവത്തൂര്‍ സ്വദേശിയായ മുഹമ്മദ് അഷ്മില്‍ കണ്ടെത്തിയത്. 

ഡച്ച് സര്‍ക്കാറിന്‍റെ കീഴിലുള്ള വെബ് സൈറ്റിലെ സുരക്ഷ പിഴവ് മൂലം ആ സൈറ്റില്‍ റജിസ്ട്രര്‍ ചെയ്യപ്പെട്ട 38000 ത്തോളം ഉപയോക്താക്കളുടെ അക്കൗണ്ടുകളെ നിയന്ത്രിക്കാന്‍ സാധിക്കും എന്ന ഗുരുതരമായ പിഴവാണ് മുഹമ്മദ് അഷ്മില്‍ കണ്ടെത്തിയത്. ഇത് ഡച്ച് സര്‍ക്കാറിന്‍റെ സൈബര്‍ സുരക്ഷ വിഭാഗത്തെ ഔദ്യോഗികമായി അഷ്മില്‍ മെയില്‍ വഴി അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഈ കണ്ടെത്തല്‍ ഗുരുതരമാണെന്നും, ഈ പിഴവ് അടച്ചെന്നും അഷ്മിലിന് മറുപടി ലഭിച്ചു. ഒപ്പം ചെറിയൊരു ഉപഹാരവും അഷ്മിലിന് ഡച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ ഇന്‍റല്‍, ഫിലിപ്പ്സ് പോലുള്ള കമ്പനികളുടെ സൈറ്റുകളിലെ സുരക്ഷ പിഴവ് ചൂണ്ടിക്കാട്ടിയതിന് ഈ വിദ്യാര്‍ത്ഥിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്ലസ് ടു വിദ്യാഭ്യാസത്തിന് ശേഷം ഡിഗ്രി കോഴ്സിന് ചേരുവാന്‍ കാത്തിരിക്കുകയാണ് ഈ 18കാരന്‍. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ വെബ് ഡിസൈൻ പഠിച്ചു തുടങ്ങിയ അഷ്മില്‍ . പിന്നീട പ്ലസ് വണ്ണിന് പഠിക്കുമ്പോൾ സൈബർ സെക്യൂരിറ്റിയിൽ താല്പര്യം ഉണ്ടാവുകയും അങ്ങനെ വെബ് സെക്യൂരിറ്റി ഓൺലൈനിലൂടെ പഠിച്ചുകൊണ്ടിരിക്കുകയുമാണ്. കടവത്തൂരിലെ അഷറഫ്, സലീന ദമ്പതികളുടെ മകനാണ് അഷ്മില്‍.