വിവരച്ചോര്‍ച്ച; കുറ്റം സമ്മതിച്ച് സുക്കര്‍ബര്‍ഗ്

First Published 22, Mar 2018, 7:04 AM IST
Mark Zuckerberg Admits to Mistakes With User Data
Highlights
  • ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നത്‍ വീഴ്ച
  • കുറ്റം സമ്മതിച്ച് ഫേസ്ബുക്ക് സ്ഥാപകന്‍ 

സിലിക്കണ്‍വാലി: ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നത്‍ വീഴ്ചയെന്ന് സമ്മതിച്ച് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഫേസ്ബുക്കിന്‍റെ വിശ്വാസ്യതയ്ക്ക് ക്ഷതമെറ്റെന്ന് സ്വന്തം പേജില്‍ കുറിച്ച സുക്കര്‍ബര്‍ഗ് തെറ്റുകള്‍ തിരുത്തുമെന്ന് വ്യക്തമാക്കി.

അഞ്ചു കോടിയോളം വരുന്ന യൂസര്‍മാരുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും വലിയ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് സുക്കര്‍ബര്‍ഗ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. വലിയ വീഴ്ചയാണ് സംഭവിച്ചത്. അത് വിശ്വാസ്യതയ്ക്ക് ക്ഷതമേല്‍പ്പിക്കുന്നതാണ്. മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. വിശ്വാസ്യത വീണ്ടെടുക്കാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകും. അദ്ദേഹം സ്വന്തം പേജില്‍ കുറിച്ചു.

കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന രാഷ്ട്രീയ ഉപദേശക ഏജന്‍സി വിവരങ്ങള്‍ ചോര്‍ത്തി എന്നാരോപിച്ച് ഇന്നലെ പാര്‍ലമെന്‍റില്‍ ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ എത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൊണ്ട് കൈകാര്യം ചെയ്യുന്നത് ഈ രാഷ്ട്രീയ ഏജന്‍സിയാണെന്നും കോണ്‍ഗ്രസിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നുമായിരുന്നു ബിജെപിയുടെ ആരോപണം. ആരോപണം കോണ്‍ഗ്രസ് തള്ളിയെങ്കിലും ഇതില്‍ എന്തെങ്കിലും സത്യമുണ്ടെന്ന് കണ്ടാല്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ ഇന്ത്യയില്‍ വിളിച്ചുവരുത്തുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി സുക്കര്‍ബര്‍ഗ് രംഗത്തെത്തിയിരിക്കുന്നത്.

സംഭവത്തില്‍ ഫേസ്ബുക്ക് അന്വേഷണം നടത്തുമെന്ന് സുക്കര്‍ബര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്. തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ വിശദമായി പരിശോധിക്കും. ഉപഭോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഫേസ്ബുക്കിനുണ്ടായിരുന്ന ഉത്തരവാദിത്തമാണ് ഇതിലൂടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നതെന്നും സുക്കര്‍ബര്‍ഗ് കുറിച്ചു.

 

loader