ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ, എഐ മേഖലയിലെ നിക്ഷേപങ്ങൾക്കായി ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി അടുത്ത ആഴ്ച 8,000-ത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്. ഇത് ജീവനക്കാർക്കിടയിൽ വ്യാപകമായ ആശങ്കയ്ക്കും അസംതൃപ്തിക്കും കാരണമായിട്ടുണ്ട്. 

സാൻ ഫ്രാൻസിസ്കോ: ഫേസ്ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റയിൽ അടുത്ത ആഴ്‌ച വൻതോതിലുള്ള പിരിച്ചുവിടലുകൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ജീവനക്കാരിൽ ആശങ്കയും അസ്വസ്ഥതയും. കമ്പനിയുടെ ചീഫ് പീപ്പിൾ ഓഫീസറായ ജാനെൽ ഗെയിൽ ജീവനക്കാർക്ക് അയച്ച ആഭ്യന്തര മെമ്മോ പ്രകാരം, മെറ്റ 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായാണ് സൂചന. ഇതിലൂടെ ഏകദേശം 8,000 ജീവനക്കാർക്ക് ജോലി നഷ്‌ടപ്പെടാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മെയ് 20-ന് രാവിലെ തന്നെ ബാധിക്കപ്പെടുന്ന ജീവനക്കാർക്ക് ഇമെയിൽ വഴി അറിയിപ്പ് ലഭിക്കുമെന്ന ആശങ്ക കമ്പനിക്കുള്ളിൽ വ്യാപകമായി പടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തൊഴില്‍ പോകുമെന്ന ഭയത്തില്‍ മെറ്റയിലെ ജീവനക്കാര്‍

അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായ മെറ്റയിൽ കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി ജീവനക്കാരുടെ ആത്മവിശ്വാസം ഇടിഞ്ഞതായാണ് റിപ്പോർട്ടുകൾ. എഐ മേഖലയിലെ വൻ നിക്ഷേപങ്ങൾക്കായി ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് പിരിച്ചുവിടലുകൾ നടത്തുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നുണ്ടെങ്കിലും ജീവനക്കാരിൽ അസംതൃപ്‍തി ഉയരുന്നു. ജോലി നഷ്‍ടപ്പെടുമോ എന്ന ഭയം, ശമ്പള വ്യത്യാസങ്ങൾ വർധിക്കുന്നത്, സ്ഥാപനത്തിനകത്തെ നിരീക്ഷണ സംവിധാനം ശക്തമാകുന്നത് എന്നിവ ജീവനക്കാരെ സമ്മർദ്ദത്തിലാക്കുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മാധ്യമങ്ങളോട് പ്രതികരിച്ച ചില ജീവനക്കാർ നിലവിലെ സാഹചര്യത്തിൽ തുടരുന്നതിനെക്കാൾ പിരിച്ചുവിടപ്പെടുകയും നഷ്‍ടപരിഹാരം ലഭിക്കുകയും ചെയ്യുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടു. “ഇപ്പോൾ ഇവിടെ ആരും സന്തോഷത്തോടെ ജോലി ചെയ്യുന്നില്ല,” എന്ന് ഒരു ജീവനക്കാരൻ വെളിപ്പെടുത്തി. മറ്റൊരാൾ വൈകിക്കാതെ തീരുമാനം എടുക്കൂ എന്ന നിലപാടാണ് മാനേജ്മെന്‍റിനോട് തനിക്കും സഹപ്രവർത്തകർക്ക് ഉണ്ടായിരിക്കുന്നതെന്ന് പറഞ്ഞു.

മെറ്റയിലെ വേതനവും ചര്‍ച്ചാ വിഷയം

ജീവനക്കാരുടെ വേതനവും മറ്റൊരു വിവാദ വിഷയമായി മാറിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ഓഹരി അടിസ്ഥാനത്തിലുള്ള പ്രതിഫലം കുറച്ചതോടെ ജീവനക്കാരുടെ ആകെ വരുമാനം താഴ്ന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഓഹരി വില ഇടിഞ്ഞതും പലരുടെയും വരുമാനത്തെ പ്രതികൂലമായി ബാധിച്ചു. അതേസമയം, ജീവനക്കാരുടെ ലാപ്ടോപ്പുകളിൽ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന സോഫ്റ്റ്‌വെയർ കമ്പനി നടപ്പിലാക്കിയതായും, ഇത് എഐ പരിശീലന ഡാറ്റ ശേഖരിക്കാനാണെന്നുമുള്ള റിപ്പോർട്ടുകൾ സ്വകാര്യതാ ആശങ്കകൾക്കും വഴിവെച്ചിട്ടുണ്ട്. ജോലി നഷ്‍ടപ്പെടുമെന്ന അനിശ്ചിതത്വം ജീവനക്കാരുടെ കുടുംബജീവിതത്തെയും ബാധിക്കുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News