മോട്ടോറോളയുടെ പുതിയ പ്രീമിയം സ്മാർട്ട്ഫോണായ എഡ്‍ജ് 70 പ്രോ+ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും. ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ ഫോൺ, ബ്രൗൺ, റെഡ്, ടീൽ എന്നീ മൂന്ന് നിറങ്ങളിൽ വ്യത്യസ്ത ഫിനിഷുകളോടെ ലഭ്യമാകും. സോണി എൽവൈടി സെൻസറോടുകൂടിയ മികച്ച ക്യാമറ സംവിധാനവും വയർലെസ് ചാർജിംഗും ഇതിന്റെ പ്രധാന ആകർഷണങ്ങളാണ്.
ദില്ലി: മോട്ടോറോള ഇന്ത്യയിൽ ഉടൻ തന്നെ പുതിയ പ്രീമിയം സ്‌മാർട്ട്ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. കമ്പനിയുടെ എഡ്‍ജ് 70 സീരീസിലെ നാലാമത്തെ മോഡലായ മോട്ടോറോള എഡ്‍ജ് 70 പ്രോ+ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി സൂചന നൽകി. ഇതിനോടകം തന്നെ ഫ്ലിപ്‍കാർട്ടിൽ ഫോണിനായുള്ള പ്രത്യേക മൈക്രോസൈറ്റ് ലൈവായിട്ടുണ്ട്. ഇതിലൂടെ ഫോണിന്‍റെ ഡിസൈൻ, നിറങ്ങൾ, ചില പ്രധാന സവിശേഷതകൾ എന്നിവ പുറത്തുവന്നിരിക്കുകയാണ്.

മോട്ടോറോള എഡ്‍ജ് 70 പ്രോ+ ക്യാമറ സവിശേഷതകള്‍
പുതിയ മോട്ടോറോള എഡ്‍ജ് 70 പ്രോ+ ഇന്ത്യയിൽ ബ്രൗൺ, റെഡ്, ടീൽ എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമാകും. ഓരോ നിറത്തിനും വ്യത്യസ്‍ത ഫിനിഷുകളാണ് കമ്പനി നൽകിയിരിക്കുന്നത്. ബ്രൗൺ മോഡലിന് സ്‍കൾപ്റ്റഡ് വുഡ് ഫിനിഷും റെഡ് പതിപ്പിന് സാറ്റിൻ-ലക്‌സ് ഫിനിഷും ടീൽ വേരിയന്‍റിന് ട്വിൽ-ഇൻസ്പയർഡ് ടെക്‌സ്‌ചറും നൽകിയിട്ടുണ്ട്. പ്രീമിയം ലുക്കും വ്യത്യസ്‍ത ഡിസൈൻ അനുഭവവും നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഡിസൈൻ കാര്യത്തിൽ ഫോണിന് മോട്ടോറോള എഡ്‍ജ് 70 പ്രോയുമായി സാമ്യമുണ്ടെങ്കിലും ചില പ്രധാന അപ്ഗ്രേഡുകൾ ഉണ്ടാകുമെന്നാണു റിപ്പോർട്ടുകൾ. പിൻഭാഗത്ത് ചതുരാകൃതിയിലുള്ള ക്യാമറ മോഡ്യൂളിലാണ് ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം നൽകിയിരിക്കുന്നത്. കൂടാതെ എല്‍ഇഡി ഫ്ലാഷും ഉണ്ടാകും. സോണിയുടെ എൽവൈടി സെൻസർ ഉപയോഗിക്കുന്ന ക്യാമറ സംവിധാനം 81 എംഎം ഫോക്കൽ ലെങ്ത്തും ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷനും (OIS) പിന്തുണയ്ക്കും. ഇതിലൂടെ മികച്ച സൂം ഫോട്ടോഗ്രഫിയും സ്റ്റേബിൾ വീഡിയോ റെക്കോർഡിംഗും സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഫോണിൽ ടെലിഫോട്ടോ ക്യാമറയും വയർലെസ് ചാർജിങ് സംവിധാനവും ഉൾപ്പെടുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ 16 ജിബി റാം വരെ ലഭ്യമാകാൻ സാധ്യതയുണ്ട്. അതേസമയം, മുൻഭാഗത്ത് ഹോൾ-പഞ്ച് ഡിസ്പ്ലേ ഡിസൈനാണ് നൽകിയിരിക്കുന്നത്. സെൽഫി ക്യാമറ അതിനകത്തായിരിക്കും. വലതുവശത്ത് പവർ ബട്ടണും വോള്യം കൺട്രോളുകളും ഉണ്ടായിരിക്കും.
മോട്ടോറോള എഡ്‍ജ് 70 പ്രോ+ന് ഇന്ത്യയില്‍ എത്ര രൂപയാകും?
കഴിഞ്ഞ മാസം ഇന്ത്യയിൽ പുറത്തിറങ്ങിയ മോട്ടോറോള എഡ്‍ജ് 70 പ്രോയ്ക്ക് 41,999 രൂപയായിരുന്നു പ്രാരംഭ വില. മീഡിയടെക് ഡൈമെൻസിറ്റി 8500 എക്‌സ്‌ട്രീം പ്രോസസർ, 6500 എംഎഎച്ച് ബാറ്ററി, 90 വാട്‌സ് ഫാസ്റ്റ് ചാർജിങ് എന്നിവയാണ് അതിന്‍റെ പ്രധാന സവിശേഷതകൾ. പുതിയ എഡ്‍ജ് 70 പ്രോ+ അതിലും കൂടുതൽ പ്രീമിയം സവിശേഷതകളോടെ എത്തുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ.



