ന്യൂയോര്‍ക്ക്‌: ലാപ്‌ടോപ്പുകളുടെ ബാറ്ററികള്‍ക്ക് ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഹാനികരമാണെന്നു മൈക്രോസോഫ്‌റ്റ്‌ പരീക്ഷണം‍. ക്രോം ബ്രൗസറിനെക്കാള്‍ നല്ലത് മൈക്രോസോഫ്റ്റിന്‍റെ എഡ്ജ് ആണെന്നാണ് പരീക്ഷണത്തിലൂടെ അവരുടെ അവകാശവാദം. നേരത്തെ ബ്രൗസറായ ഓപ്പറയ്‌ക്ക് പിന്നാലെയാണു ഗൂഗിള്‍ വിരുദ്ധ പ്രചാരണവുമായി മൈക്രോസോഫ്‌റ്റ്‌ രംഗത്തുവന്നത്‌. 

ഇക്കുറി നാലു ബ്രൗസറുകള്‍ പരിശോധിച്ചതിന്‍റെ റിപ്പോര്‍ട്ട്‌ സഹിതമാണ്‌ അവകാശവാദം. ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്‌സ്‌, ഓപ്പറ, മൈക്രോസോഫ്‌റ്റ്‌ എഡ്‌ജ്‌ എന്നിവയാണു നിരീക്ഷണ വിധേയമാക്കിയത്‌. ഒരേ വീഡിയോ നാലു ബ്രൗസറുകളിലും പരീക്ഷിച്ചു. എഡ്‌ജ്‌ ബ്രൗസര്‍ ഉപയോഗിച്ച ലാപ്‌ടോപ്പില്‍ ഏഴ്‌ മണിക്കൂര്‍ 22 മിനിറ്റാണു വീഡിയോ കണ്ടത്‌. എന്നാല്‍ ക്രോം ഉപയോഗിച്ചപ്പോള്‍ നാല്‌ മണിക്കൂര്‍ 19 മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ അതേ ലാപ്‌ടോപ്പിന്റെ ബാറ്ററി തീര്‍ന്നു. ഓപ്പറയ്‌ക്കായിരുന്നു രണ്ടാം സ്‌ഥാനം. 

ക്രോമിനെ അപേക്ഷിച്ചു 53 ശതമാനം ഊര്‍ജക്ഷമത എഡ്‌ജിനുണ്ടെന്നു മൈക്രോസോഫ്‌റ്റ്‌ പറയുന്നു. ഇപ്പോള്‍ കൂടുതല്‍ ഉപയോക്‌താക്കളുള്ള ബ്രൗസര്‍ ഗൂഗിള്‍ ക്രോമാണ്‌. ആധിപത്യം തിരിച്ചുപിടിക്കാനുള്ള മൈക്രോസോഫ്‌റ്റിന്‍റെ നീക്കത്തിന്റെ ഭാഗമായി റിപ്പോര്‍ട്ടിനെ കണക്കാക്കുന്നവരുമുണ്ട്‌.