തനിക്കെതിരെ ഉയര്‍ന്ന സ്വഭാവ ദൂഷ്യ ആരോപണം ബിന്നി ആദ്യം നിഷേധിച്ചിരുന്നു. എന്നാല്‍ സ്വതന്ത്ര അന്വേഷണത്തെ തുടര്‍ന്നാണ് രാജി വെക്കാന്‍ തീരുമാനിച്ചതെന്ന് വാള്‍മാര്‍ട്ട് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. 

ഫ്ലിപ്കാർട്ട് ഗ്രൂപ്പ് സി.ഇ.ഒ ബിന്നി ബന്‍സാല്‍ രാജിവച്ചു. ബിന്നി ബന്‍സാലിനെതിരെ നേരത്തെ പെരുമാറ്റദൂഷ്യ ആരോപണം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തിയതായി വാൾമാർട്ട് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇതേത്തുടര്‍ന്നായിരുന്നു ബിന്നിയുടെ രാജി. 

ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ കമ്പനിയായ ഫ്ലിപ്പ്കാര്‍ട്ടിന്‍റെ സ്ഥാപകരില്‍ ഒരാളാണ് ഇന്ത്യന്‍ വംശജനായ ബിന്നി ബന്‍സാല്‍. തനിക്കെതിരെ ഉയര്‍ന്ന സ്വഭാവ ദൂഷ്യ ആരോപണത്തെ ബിന്നി ആദ്യം നിഷേധിച്ചിരുന്നു. "ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു. എങ്കിലും അന്വേഷണം സമഗ്രമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ടായിരുന്നു", വാൾമാർട്ട് പറഞ്ഞു.

ബിന്നി ബെന്‍സാലിന്‍റെ രാജിയോടെ കല്യാൺ കൃഷ്ണമൂർത്തി സിഇഒ ആകും. മിന്ത്രയും ജബോംഗും കൃഷ്ണമൂര്‍ത്തിയുടെ കീഴില്‍തന്നെയായിരിക്കുമെന്നും വാള്‍മാര്‍ട്ട് അറിയിച്ചു. അനന്ത് നാരായണൻ മിന്ത്ര, ജബോംഗ് സി.ഇ.ഒ ആയി തുടരും. ഇദ്ദേഹം കൃഷ്ണമൂർത്തിക്ക് റിപ്പോർട്ട് ചെയ്യുമെന്നും വാള്‍മാര്‍ട്ട് അറിയിച്ചു.