മുംബൈ: ഐ ഫോണ്‍ പ്രേമിയായ യുവാവ് തന്‍റെ പുതിയ ഐ ഫോണ്‍ X വാങ്ങാനെത്തിയത് കുതിരപ്പുറത്ത്. താനെയിലെ നൗപാദ ജില്ലയിലാണ് ഈ വ്യത്യസ്തനായ യുവാവ്. ഐ ലൗവ് ഐഫോണ്‍ X എന്ന പ്ലക്കാര്‍ഡുമേന്തിയാണ് പള്ളിവാല്‍ യുവാവ് ഐ ഫോണ്‍ സ്‌റ്റോറില്‍ എത്തിയത്. ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെയാണ് യുവാവ് എത്തിയത്.

താനെയിലെ ഹരിനിവാസ് സര്‍ക്കിളിലെ ഐ ഫോണ്‍ സ്‌റ്റോറില്‍ വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് യുവാവ് എത്തിയത്. കുതിരപ്പുറത്ത് ഇരുന്നു കൊണ്ട് തന്നെയാണ് പള്ളിവാല്‍ തന്റെ ഫോണ്‍ സ്വീകരിച്ചത്. സ്‌റ്റോര്‍ ഉടമ ആഷിഷ് തക്കര്‍ പുറത്തെത്തി കുതിരപ്പുറത്തിരുന്ന പള്ളിവാലിന് ഫോണ്‍ കൈമാറുകയായിരുന്നു. 

ഐ ഫോണിന്‍റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ആപ്പിള്‍ കമ്പനി ഐ ഫോണ്‍ 10 പുറത്തിറക്കിയത്. ഐ ഫോണ്‍ 10ന് 89,000-102,000 വരെയാണ് ഇന്ത്യന്‍ വിപണിയിലെ വില.