Asianet News MalayalamAsianet News Malayalam

പ്രണയ സുരഭിലമായ നോക്കിയ നാളുകള്‍

‌ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു. അവളുടെ ഒറിജിനൽ കാമുകന്റെ ഭീഷണി വിളിയും വന്നത് ആ നോക്കിയ1110 ലേക്ക് തന്നെയായിരുന്നു! സംഭവ ബഹുലമായിരുന്നു നോക്കിയ1110. - അബ്ദുല്‍ റഷീദ് എ.പി.കെ എഴുതുന്നു

my g my first phone by abdul rasheed apk
Author
Kerala, First Published Sep 21, 2018, 10:02 AM IST

പത്താം ക്ലാസ് വരെ  പെൺ സുഹൃത്തുക്കൾ ഉണ്ടാവുക എന്നത് ഒരു കുറവായി കണക്കാക്കിയ ഒരു മത ചട്ടക്കൂടുള്ള സ്കൂളിലായിരുന്നു ഞാൻ പഠിച്ചത്. പ്ലസ് വണ്ണിന് പുതിയങ്ങാടി ഗവ: സ്‌കൂളിൽ ചേർന്നപ്പോഴാണ് അതിനൊരു മാറ്റം വന്നത്. ആൺ പെൺ വേർതിരിവൊക്കെ നല്ല രീതിയിൽ ഉണ്ടെങ്കിലും കുറച്ചു കൂടി സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. അങ്ങനെ പ്ലസ് വൺ ക്ലാസ് നന്നായി പോകുന്നതിനിടയിലാണ് എന്റെ ക്ലാസ്സിലെ ഏറ്റവും ഉയരം കുറഞ്ഞ പെണ്‍കുട്ടിയുമായി സൗഹൃദം ആവുന്നത്. ഒരു സ്‌പെഷ്യൽ സൗഹൃദം! കൂട്ടുകാർ അതിനെ പല പേരിട്ടു വിളിക്കുമെങ്കിലും അവൾക്കു വേറൊരു പയ്യനെ ഇഷ്ടമുള്ളത് കൊണ്ട് എന്‍റെ പ്രണയം ഞാൻ സ്‌പെഷ്യൽ സൗഹൃദമാക്കിത്തന്നെ വെച്ചു.

ക്ലാസ്സ് റൂമിൽ മിണ്ടുന്നതിനൊരു പരിധി ഉണ്ടായിരുന്നു. ആണും പെണ്ണും സംസാരിച്ചാൽ പല അർത്ഥങ്ങൾ ഉണ്ട്. സംസാരം നീണ്ടു പോയാൽ പിന്നെ പറയുകയും വേണ്ട. അതു കൊണ്ട് ക്ലാസ് റൂമിൽ അല്ലെങ്കിൽ സ്‌കൂളിൽ ഞാൻ അവളുമായി സംസാരം കുറവായിരുന്നു. പക്ഷെ മിണ്ടാതെയും പറയാതെയും ഇരുന്നാൽ ഒരു രസമില്ലല്ലോ. ഇത്താത്താസ് ആൻഡ് കമ്പനിയുടെ കുഞ്ഞനിയനാണ് ഞാൻ.  ക്ലാസ് റൂം വിശേഷങ്ങൾ ഞാൻ അവരുമായി പങ്കു വെയ്ക്കാറുണ്ട്. എനിക്ക് കിട്ടിയ ആദ്യത്തെ ഫോൺ എന്‍റെ ഇത്തയുടെ ഫോൺ ആയിരുന്നു . അളിയൻ ഒരു പുതിയ ഫോൺ വാങ്ങികൊടുത്തപ്പോൾ ഇത്താത്തയുടെ  നോക്കിയ1110 എനിക്കു തന്നു! എന്‍റെ ആദ്യത്തെ ഫോൺ! ഞാൻ അതിന്റെ കവറൊക്കെ മാറ്റി പുതു പുത്തനാക്കി. സിം വേണമല്ലോ. പതിനെട്ട് ആവാത്തത് കൊണ്ട് എനിക്ക് സിം എടുക്കാൻ പറ്റില്ല. അതു കൊണ്ട് ഫോൺ ഇല്ലാത്ത വേറൊരു ഇത്താത്ത അവരുടെ ഐഡിയും ഫോട്ടോയും തന്നു. അങ്ങനെ എന്റെ ആദ്യത്തെ സിം. അതേ നമ്പർ തന്നെയാണ് ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നത്. അങ്ങനെ രണ്ട് ഇത്താത്താസ് എനിക്ക് ഫോണും നമ്പറും തന്ന് അനുഗ്രഹിച്ചു!.

‌ഞാൻ അവൾക്ക് എന്റെ നമ്പർ കൊടുത്തു. അവളുടെ ലാന്റ് ഫോൺ നമ്പർ ഞാനും വാങ്ങി. വൈകുന്നേരമാണ് സംസാരസമയം നിശ്ചയിച്ചത്. സ്കൂൾ വിട്ടു കഴിഞ്ഞു ചായയൊക്കെ കുടിച്ച് ഞാനൊന്നു വീട്ടിനു ചുറ്റും ഉലാത്തും. ഞാൻ ഇവിടെയൊക്കെ തന്നെയുണ്ടെന്നു എല്ലാരേയും അറിയിക്കും. പിന്നെ ഫോണുമെടുത്ത് പുറത്തേക്ക് പോകും. വീടിന്‍റെ ചായ്പ്പിന് അടുത്തുള്ള മതിലിൽ കയറി ഇരിക്കും ആരും ശ്രദ്ധിക്കാത്ത ഒരിടം. ഞാൻ അവളുടെ നമ്പറിലേക്ക് ഡയല്‍ ചെയ്തു. അവളുടെ ഉമ്മയാണ് എടുത്തത്. ഞാൻ ഉടൻ ഫോണ് കട്ട് ചെയ്തു. ഫോൺ ഓഫ് ആക്കി അകത്തേക്ക് ഓടി. അന്ന് പിന്നെ അവളെ വിളിച്ചില്ല അവരുടെ വീട്ടിൽ കോളർ ഐഡി  ഉണ്ടെങ്കിൽ എന്നെ തിരിച്ചു വിളിക്കുമെന്ന് ഞാൻ ഭയപ്പെട്ടു. ഫോൺ മേശയിലിട്ട് ഞാൻ കളിക്കാൻ പോയി. പിറ്റേ ദിവസം ഞാൻ അവളോട് കാര്യം പറഞ്ഞു. 

അവൾ അങ്ങനെയൊരു കോൾ വന്ന കാര്യം തന്നെ അറിഞ്ഞില്ല. ഞായറാഴ്ച്ചയായി. വീട്ടിൽ ഞാൻ മേഞ്ഞു നടന്നു ഉച്ചഭക്ഷണമൊക്കെ കഴിഞ്ഞ് എല്ലാരും ഒന്നു റിലാക്സ് ആകുന്ന സമയം ഞാനെന്‍റെ പ്രിയപ്പെട്ട ഇത്താത്തയുടെ പിറകെ കൂടി കാര്യം അവതരിപ്പിച്ചു. ഞാൻ എല്ലാ കാര്യങ്ങളും അവരുമായി ഷെയർ ചെയ്യുന്നത് കൊണ്ട് ഇത്തയ്ക്ക് അവളുടെ പേരൊക്കെ അറിയാം. ഞാൻ പറഞ്ഞു അവളെ ഒന്നു വിളിച്ചു തരണം. അവളുടെ ഉമ്മയാണ് എടുക്കുന്നതെങ്കിൽ അവൾക്ക് കൊടുക്കാൻ പറയണം. ആരാണെന്ന് ചോദിച്ചാൽ പറയാൻ ക്ലാസ്സിലെ വേറൊരു പെണ്‍കുട്ടിയുടെ പേരും പറഞ്ഞു കൊടുത്തു  ഇത്ത സമ്മതിച്ചില്ല. 

അനിയന്‍റെ പോക്ക് ശരിയല്ല എന്നൊരു തോന്നലായിരിക്കും അതിനു പിന്നിൽ. പക്ഷെ ഞാൻ പിന്മാറിയില്ല. പ്ലീസ് പ്ലീസ് കൊണ്ട് ഇത്തയുടെചുറ്റും നടന്നു. അവസാനം ആദ്യമായും അവസാനമായും എന്നു പറഞ്ഞു വിളിച്ചു തന്നു. നിർഭാഗ്യവശാൽ അവൾ തന്നെയായിരുന്നു ഫോണെടുത്തത്. എന്‍റെ പ്ലീസ് വെറുതെ ആയി. ഞാൻ മുകളിലുള്ള എന്റെ മുറിയിലേക്കോടി വാതിലടച്ചു. അതൊരു പുതിയ അനുഭവം തന്നെയായിരുന്നു. 15 മിനിട്ട് സംസാരിച്ചു കഴിഞ്ഞപ്പോൾ ഇത്ത കതകിന് മുട്ടി. ഞാൻ ഫോണ് ഒന്നും പറയാതെ കട്ട് ചെയ്തു. പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ സമയം നിശ്ചയിച്ചു വിളിക്കാൻ തുടങ്ങി. 

റീചാർജ് ചെയ്യാൻ പൈസ ഉമ്മയോടാണ് വാങ്ങാറ്. ഇടയ്ക്കിടെ ചോദിക്കുന്നത് കൊണ്ട് ഉമ്മയും സംശയിച്ചു. ഞാൻ അവളോട് എന്നെ വിളിക്കാൻ പറഞ്ഞു. അതിനും സമയം വെച്ചു. കാരണം എല്ലായ്പ്പോഴും ഫോണ് എന്റെ കയ്യിൽ കിട്ടില്ല. അവൾ വിളിച്ചു. അവളുടെ പേരും നമ്പറും എന്റെ ഡിസ്പ്ലേയിൽ വന്നപ്പോൾ ഞാൻ വായപൊത്തി സന്തോഷിച്ചു. ഓടി വീണ്ടും വീടിനുപുറത്തെ മതിനു മുകളിലേക്ക്.! ഇടവേളകളിൽ വിളി തുടർന്നു. ഫോണിലൂടെയുള്ള അവളുടെ ശബ്ദം വല്ലാത്തൊരു രസമായിരുന്നു. നമുക്ക് എന്തും തുറന്നു പറയാനുള്ള ഒരിടം. ഫോണിടം! കുഞ്ഞിപ്പെണ്ണും കുഞ്ഞിഫോണും! സ്‌പെഷ്യൽ നിമിഷങ്ങൾ.

‌ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു. അവളുടെ ഒറിജിനൽ കാമുകന്റെ ഭീഷണി വിളിയും വന്നത് ആ നോക്കിയ1110 ലേക്ക് തന്നെയായിരുന്നു! സംഭവ ബഹുലമായിരുന്നു നോക്കിയ1110. ആ കുഞ്ഞു ഫോണിലായിരുന്നു ഞാനുമായി ബന്ധപ്പെട്ട എല്ലാ വല്യ സംഭവങ്ങൾക്കും തുടക്കം കുറിച്ചത്. അവളുടെ കല്യാണമൊക്കെ കഴിഞ്ഞു ഇപ്പോൾ രണ്ട് കുട്ടികളുമായി. പ്ലസ് ടു വിനു ശേഷം ഞാൻ അവളെ വിളിച്ചതെയില്ല. അവളെ ഇപ്പോൾ മിസ്സ് ചെയ്യുന്നതിൽ അർത്ഥമില്ല. എന്നാലും ആ കുഞ്ഞനെ മിസ്സ് ചെയ്യുന്നു. കാരണം എന്റെ സ്പെഷ്യൽ ഓർമകൾ നോക്കിയ 1110 ലൂടെയായിരുന്നു. 

Follow Us:
Download App:
  • android
  • ios