Asianet News MalayalamAsianet News Malayalam

മോട്ടറോള സംഭവം: ബാലവാടിയിലെ ക്ലാസ്സിൽ നിന്നും,ഒരു എരുമയുടെ മോങ്ങി കരച്ചിലിലേക്കുള്ള ദൂരം

"ഉമ്മ വീടിനടുത്തുള്ള ഗൾഫ് ഷോപ്പിലേക്ക് സിഗരറ്റു പാക്കറ്റുകൾ  ഒളിച്ചു കടത്തപ്പെട്ടു.വിറ്റു കിട്ടിയ പണം മുഴുവൻ മൊബൈൽ നന്നാക്കാൻ  കൊടുത്തെന്ന് അവൻ കട്ടായം പറഞ്ഞു" - MyG എന്‍റെ ആദ്യഫോണില്‍ ഫരീഷ സയ്യീദ് എഴുതുന്നു

MyG my first phone Farisha zayed about her first phone
Author
Thiruvananthapuram, First Published Sep 20, 2018, 10:50 AM IST

ഒരു മൊബൈൽ വേണമെന്ന്  അത്യധികം ആഗ്രഹിച്ചോടി വന്ന ഒരു വൈകുന്നേരമാണ് വീടിനടുത്തുള്ള  ബലവാടിയിൽ, കൗമാര പ്രായത്തിലുള്ള  പെൺകുട്ടികളുടെ അമ്മമാർക്കായി ആദ്യത്തെ ക്ലാസ് നടന്നത്. കൗമാരത്തിന്‍റെ  പ്രായ  പരിധി എത്രയാണെന്നറിയാത്ത ഉമ്മ  ഒരു കൊച്ചുള്ള ഇത്താത്താനെയും ഡിഗ്രിക്കു പഠിക്കുന്ന  എന്നെയും, കൗമാരക്കാരികളാക്കി കണക്കാക്കി മീറ്റിംഗിൽ പങ്കെടുത്ത അതേ ദിവസം തന്നെ  എന്‍റെ മൊബൈൽ സ്വപ്നം മരവിച്ചു പോവുകയും ചെയ്തു. ഇടയ്ക്കിടെ മരവിപ്പ് വിട്ട്  മൊബൈൽ എന്ന് ഉച്ചരിക്കുമ്പോളൊക്കെയും " ബാലവാടി ക്ലാസ്സിൽ പറഞ്ഞത് എന്താണെന്നറിയ്യോ"  എന്ന് ആക്രോശിച്ചു കൊണ്ട് ഉമ്മ കയ്യിൽ കിട്ടിയതെടുത്തോടി വന്ന്  മലപ്പുറത്തെ  യാഥാസ്ഥികതയുടെ കാവൽക്കാരിയായി. എനിക്കെങ്ങനെ അറിയാനാണെന്നും, പറഞ്ഞു തൊലക്കൂ  എന്നും  അമർഷം കൊണ്ട് ഞാനാ യാഥാസ്ഥികതയുടെ അടിത്തറ തോണ്ടി. ഉപ്പ അനിയന്  മൊബൈൽ കൊടുത്തയച്ച  അന്ന് രാത്രി,  ഭക്ഷണം കഴിക്കാതെ പ്രതിഷേധിച്ചെങ്കിലും നട്ടപ്പാതിരക്ക് കരഞ്ഞു ചീർത്ത കണ്ണുകളോടെ പൊരിച്ച മീനില്ലാതെ ,പുളിച്ച കറി കൂട്ടി  ഒരു പിടി ചോറ് വാരിത്തിന്നു .
 
ആയിടെ  ഗൾഫിൽ നിന്നും ലീവിന് വന്ന ഉപ്പ രണ്ടു ഫോണുകൾ കൊണ്ട് വന്നിരുന്നു. ഒരു കാമറ ഉള്ളതും ഒരു കാമറ ഇല്ലാത്തതും .എല്ലാ ഫോണുകളും, മോഡലുകളും  ക്യാമറ ഉള്ളത് ,ക്യാമറ ഇല്ലാത്തത് എന്നിങ്ങനെ രണ്ടായി വിഭജിക്കാൻ മാത്രമറിഞ്ഞിരുന്ന   ഞങ്ങളുടെ വീട്ടിൽ ആദ്യം വിരുന്നെത്തിയ  ക്യാമറ സെറ്റ് ആയിരുന്നു അതിൽ ഒന്ന്. ടീവി ഇല്ലാതിരുന്ന വീട്ടിൽ  ഞങ്ങൾ ഉമ്മയും മക്കളും  നേരവും കാലവും നോക്കാതെ മാപ്പിളപ്പാട്ട് വീഡിയോകൾ കണ്ട് ഖൽബ് നിറച്ചത് അതിലായിരുന്നു. പെട്ടെന്നൊരു ദിനം ആ ഫോൺ  ചത്തു. ഇപ്പൊ എല്ലാർക്കും സമാധാനായില്ലേ എന്നും ചോദിച്ചു കൊണ്ട് ഉപ്പ അതിലിരുന്ന സൗദി സിമ്മെടുത്ത്  ഊരി മാറ്റുന്നത്  നോക്കി നിന്നതാണ് ആ ഫോണുമായി ബന്ധപ്പെട്ട അവസാനത്തെ ഓർമ്മ.   

ഓടിട്ട വീടിന്റെ മേൽക്കൂരയിലെ   ചിതൽ പുറ്റുകളെ ,മാറാലക്കോലിൽ മണ്ണെണ്ണ തേച്ചു തുരത്താനിറങ്ങിയ ഞായറാഴ്ച വെളിച്ചത്തിലാണ് ഞാനാ  സത്യം തിരിച്ചറിഞ്ഞത് .ഉപ്പക്കൊപ്പം വിമാനം കയറിപ്പോയെന്ന് ഞങ്ങൾ നെടുവീർപ്പിട്ട മോട്ടറോളയുടെ ആ  കറുത്ത  ഫോൺ  മര അലമാരയുടെ മുകളിൽ ഇംഗ്ലീഷ് ഗ്രാമർ പഠിക്കാം എന്ന കട്ടി പുസ്തകത്തിന്റെ മുകളിൽ ഇരിക്കുന്നു. ആരും കാണാതെ അതെടുത്ത്  ഞാൻ  മണിക്കൂറുകളോളം കുത്തി വെച്ചു. മമ്പുറത്തെ തങ്ങളെ പേരിൽ  രണ്ടു യാസീൻ  നേർച്ചയാക്കി ബാത്റൂമിൽ കൊണ്ട് പോയി ഓണാക്കി നോക്കി. ഒരു രക്ഷയുമില്ലാത്ത വിധം അതെന്‍റെ കയ്യിൽ ചത്തു മലച്ചു വിറങ്ങലിച്ചു തന്നെ കിടന്നു. അതിലെ മാപ്പിളപ്പാട്ടുകൾ  ഹൃദയത്തിൽ നിന്ന്  മുഴങ്ങി  കേട്ടു.

രണ്ടോ മൂന്നോ കൊല്ലം കൂടുമ്പോൾ ആറു മാസത്തെ ലീവിന് വരാറുള്ള ഉപ്പ,മുന്തിയ ഇനം സിഗരറ്റ് പാക്കറ്റുകൾ കൊണ്ട് വരാറുണ്ടായിരുന്നു. കുടുംബത്തിലെ ഏക പുകവലിക്കാരനായ വലിയുപ്പാക്ക്, രണ്ടു തവണ അറ്റാക്ക് വരികയും പുകവലി  ഡോക്ടർ കർശനമായി വിലക്കുകയും ചെയ്തതോടെ വലിയുപ്പ  അഞ്ചാറു നിരീക്ഷണ കണ്ണുകളുടെ വലയത്തിലായി. വീട്ടിൽ നിന്നും ,ബീഡിക്കുറ്റികളും ഉരച്ചിട്ട   തീപ്പെട്ടിക്കോലുകളും  അപ്രത്യക്ഷമായെങ്കിലും വലിയുപ്പന്റെ റൂമിൽ  കുത്തുന്ന ബീഡി മണം ബാക്കി നിന്നു. ഉപ്പ കൊണ്ട് വന്ന വലിയുപ്പയുടെ സിഗരറ്റ് പങ്ക് ,റൂമിൽ നിന്നും മാറ്റി  ഒളിപ്പിച്ച്  വെച്ച് ഞാൻ നല്ല പേരക്കുട്ടിയായി . തൊണ്ട വരളുന്നുവെന്ന വലിയുപ്പയുടെ  നിസ്സഹായതയെ  എന്റെ പുയ്യാപ്ലനെ കാണാണ്ട് മരിക്കാനാണോ എന്ന്  നിശ്ശബ്ദനാക്കി .
 
 എന്റെ  പെട്ടിയിൽ അനാഥമായി കിടക്കുന്ന സിഗരറ്റ്  പാക്കുകൾക്ക് മൊബൈൽ നന്നാക്കാനുള്ള  പണം കിട്ടുമെന്ന ബുദ്ധി ഉപദേശിച്ചത് ഉമ്മയുടെ സഹോദരന്‍റെ മകനാണ്.അനിയന്‍റെ ആജന്മ ശത്രുവായ ഒറ്റ കാരണത്താൽ അവനെന്‍റെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനായിരുന്നു. ഉമ്മ വീടിനടുത്തുള്ള ഗൾഫ് ഷോപ്പിലേക്ക് സിഗരറ്റു പാക്കറ്റുകൾ  ഒളിച്ചു കടത്തപ്പെട്ടു.വിറ്റു കിട്ടിയ പണം മുഴുവൻ മൊബൈൽ നന്നാക്കാൻ  കൊടുത്തെന്ന് അവൻ കട്ടായം പറഞ്ഞു.  അങ്ങനെ ഇരിക്കെ ഒരു  ഉച്ച നേരത്ത് ഉമ്മയുടെ നാട്ടിലെ കടയിൽ നന്നാക്കാൻ കൊടുത്ത ഫോൺ ഉപ്പയുടെ നാട്ടിലെ സ്കൂളിൽ പഠിക്കുന്ന പ്ലസ്ടുക്കാരനായ അളിയനൊപ്പം സ്കൂളിൽ നിന്നും ഉച്ച ഭക്ഷണം കഴിക്കാനെത്തി.

കറുത്ത മോട്ടോറോളയുടെ സി എന്ന കീ ഇളകിയ അതേ ഫോൺ .ഗാലറിയിൽ അതേ മാപ്പിളപ്പാട്ടുകൾ, അതേ   ചിത്രങ്ങൾ  !.അനിയന്‍റെ  ക്ലാസ്സിലെ കുട്ടിയുടെ ഏട്ടൻ ഏതോ മൊബൈൽ ഷോപ്പിൽ നിന്നും പണം കൊടുത്തു വാങ്ങിയതാണത്രേ. ആരു വിറ്റുവെന്ന ചോദ്യത്തിന് ,ഞാനെന്ന ഉത്തരത്തിലേക്ക് അധിക ദൂരമില്ലായിരുന്നു.ഉമ്മ തലങ്ങും വിലങ്ങും തല്ലി,ബാലവാടി ക്ലാസ്സിൽ അപ്പോളെ പറഞ്ഞതാണെന്ന് നെഞ്ചത്തടിച്ചു. ഫോൺ വിറ്റ ക്യാഷ് നീ എന്ത് ചെയ്തുവെന്ന് തൊണ്ട കീറി. പ്രവാസിയായ ഉപ്പ കൊണ്ട വെയിലും ,ഉമ്മ കൊണ്ട കരിയും പുകയുമെല്ലാം കണക്കുകളാക്കി വിളമ്പി വെച്ചു. ഉരുട്ടി വിഴുങ്ങിക്കോ എന്ന് പറഞ്ഞു ടിഫ്ഫിൻ ബോക്സ് ബാഗിൽ കുത്തി തിരുകി. ബസ് ടിക്കറ്റുകളടക്കം  കണ്ണട വെച്ച് ആധികാരികത ഉറപ്പു വരുത്തി.

എന്നേക്കാൾ അഞ്ചാറു വയസ്സിനിളയ മാമന്‍റെ മകൻ വില കൂടിയ സിഗരറ്റു പാക്കറ്റുകൾക്കൊപ്പം ഫോണും  മറിച്ചു വിറ്റ് പണം മുഴുവൻ  പുട്ടടിച്ചെന്ന സത്യം പകല്‍ പോലെ തെളിഞ്ഞിട്ടും ഞാൻ അവനെ കാണുമ്പോളെല്ലാം  ഫോൺ നന്നാക്കി കിട്ടിയോ എന്ന് സ്വകാര്യം ചോദിച്ചു. അത് നന്നാക്കാൻ ഒരു ഫോൺ വാങ്ങുന്ന പൈസ വേണമെന്ന് അവൻ അടവ് പറഞ്ഞ ഒരു പരീക്ഷക്കാലത്ത് ഞാൻ ഉമ്മാന്‍റെ നല്ല മകളായി. ആ ഫോണിന് കുഴപ്പമൊന്നുമില്ലായിരുന്നുവെന്നും ചാർജർ ആണ് കംപ്ലൈന്റ്റ് ആയിരുന്നതെന്നും അനിയൻ കണ്ടു പിടിച്ച അന്ന് രാത്രി ഞാൻ എരുമയെ പോലെ മോങ്ങി കരഞ്ഞു.

Follow Us:
Download App:
  • android
  • ios