ഫേസ്ബുക്ക് ഫോളോവേര്‍സിന്‍റെ എണ്ണത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ്‌ ട്രംപിനേക്കാള്‍ ഇരട്ടിയിലേറെ അനുഗാമികളുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂയോര്‍ക്ക് : ഫേസ്ബുക്ക് ഫോളോവേര്‍സിന്‍റെ എണ്ണത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ്‌ ട്രംപിനേക്കാള്‍ ഇരട്ടിയിലേറെ അനുഗാമികളുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 43.2 ദശലക്ഷം ആരാധകരാണ് ഫെയ്‌സ്ബുക്കില്‍ മോദിക്കുള്ളതെങ്കില്‍ ട്രംപിന് കേവലം 23.1 ദശലക്ഷം അനുഗാമികള്‍ മാത്രമാണുള്ളത്. ബര്‍സോണ്‍-മാര്‍ട്‌സ്‌റ്റെല്ലര്‍ എന്ന മാധ്യമസ്ഥാപനം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

ട്വിറ്ററിനെ അപേക്ഷിച്ച് ഏഷ്യയില്‍ ഫേസ്ബുക്കിനാണ് പ്രചാരം കൂടുതല്‍ എന്നതിനാലാണിതെന്നാണ് പഠനത്തിലെ നിരീക്ഷണം. അതിനാലാണ് ഏഷ്യയില്‍ നിന്നുള്ള നേതാക്കള്‍ക്ക് ഫെയ്‌സ്ബുക്കില്‍ ഏറെ പിന്‍തുണ ലഭിക്കുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ട്വിറ്ററില്‍ ഡൊണാള്‍ഡ് ട്രംപാണ് മുന്നില്‍. രാഷ്ട്രനേതാക്കളും വിദേശമന്ത്രിമാരും പ്രസ്ഥാനങ്ങളും കൈയ്യാളുന്ന 650 ഓളം ഫെയ്‌സ്ബുക്ക് പേജുകളാണ് പഠനത്തിന് വിധേയമാക്കിയത്. 2017 ജനുവരി ഒന്നുമുതലായിരുന്നു പഠനം.

ഏറ്റവും കൂടുതല്‍ ഇടപെടലുകള്‍ സാധ്യമാകുന്ന പേജ് ട്രംപിന്‍റെതാണ്. കമന്‍റുകളും ലൈക്കുകകളും ഷെയറുകളുമടക്കം 14 മാസത്തിനിടെ 204.9 ദശലക്ഷം ഇടപെടലുകള്‍ ട്രംപിന്‍റെ പേജില്‍ നടന്നു. എന്നാല്‍ മോദിയുടെ പേജില്‍ 113.6 മാത്രമാണിത്. ദിനംപ്രതി ശരാശരി അഞ്ച് പോസ്റ്റുകള്‍ ട്രംപ് നടത്തുന്നുണ്ട്. ഇത് നരേന്ദ്രമോദിയേക്കാള്‍ കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു.